സൂഫി സാഹിത്യത്തിലെ പ്രശസ്തമായ രചനകളിലൊന്നാണ് Elif Shafak ന്റെ The Forty Rules of Love എന്ന നോവൽ. അതിൽ ഒരു കുഷ്ഠരോഗിയുടെ ആത്മഗതം മനോഹരമായി വിവരിക്കുന്ന ഒരു അധ്യായമുണ്ട്. അതിൽ ഇങ്ങനെ വായിക്കാം.

“On the streets, lepers might be treated worse than dogs, but in places where death and despair looms large, we are the sultans.”

ദൈവം കുഷ്ഠരോഗികളുടെ പ്രാർത്ഥന കേൾക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ കുഷ്ഠ രോഗികളെ വാടകക്ക് വിളിക്കുന്ന രീതിയുണ്ട്. അന്ന് ആവശ്യത്തിന് ഭക്ഷണവും പണവും കിട്ടും. പക്ഷെ ആത്മാർത്ഥതയില്ലാത്ത ആ പ്രാർത്ഥനയെക്കാൾ ഭേദം തനിക്ക് യാചനയാണ്. കാരണം താൻ ആരെങ്കിലും വഞ്ചിക്കുന്നില്ലല്ലോ എന്നാ ണയാൾ പറയുന്നത്!

മറ്റുള്ളവരുടെ ദയ പിടിച്ചു പറ്റാൻ യാചകരെപ്പോലെ വിലപിക്കേണ്ട കാര്യം അയാൾക്കില്ല, കാരണം കാഴ്ചയിൽ തന്നെ അയാളുടെ ദുരിതം പ്രകടമാണ്. മാത്രമല്ല, ഏത്‌ തിരക്കുള്ള സ്ഥലത്തും അയാൾക്ക് ഇടം കിട്ടും, കാരണം അയാളുടെ തൊട്ടടുത്തിരിക്കാൻ ആരും ഇഷ്ടപ്പെടില്ല!

റൂമിയെക്കുറിച്ച് കേട്ടറിഞ്ഞ അയാൾ സൂഫിയുടെ പ്രഭാഷണം കേൾക്കാൻ പള്ളിയിലെത്തി ഇടം പിടിക്കുന്നു. റൂമി ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചും മനുഷ്യന്റെ ദുരിതങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങുന്നു. പക്ഷെ, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച റൂമിക്ക് മനുഷ്യന്റെ വേദനകളെക്കുറിച്ച് എന്തറിയാം എന്ന് ചോദിച്ച് പ്രഭാഷണ സദസ്സിൽനിന്ന് അയാൾ എഴുന്നേറ്റ് പോരുന്നു.

കാലുകുത്താൻ ഇടമില്ലാത്ത ആ സദസ്സിൽ ഒരു ഇരിപ്പിടത്തിന് വേണ്ടി കാത്തുനിന്ന് അവസാനം ആ വിടവിലേക്ക് കയറി ഇരിക്കുന്നത് പുരുഷനായി വേഷം മാറിയ ഒരു വേശ്യയാണ്.

വിവരണാതീതമായ വേദനകളുടെ പർവ്വം താണ്ടിയെത്തിയ അവർക്ക് പക്ഷെ റൂമിയുടെ വാക്കുകൾ കരളിൽ കുളിരുകോരിയിടുന്ന അനുഭവമായി മാറുന്നു. പക്ഷെ പള്ളിയിൽ വെച്ച് അവർ പിടിക്കപ്പെടുകയും ജനക്കൂട്ടം അവരെ കൈകാര്യം ചെയ്യാൻ ഒരുങ്ങുകയും ചെയ്യുമ്പോഴാണ് ഷംസ് തബ്രീസ് എന്ന ദർവീശ് കടന്നു വരുന്നത്.

ബഹളത്തിനിടയിൽ സ്ത്രീയുടെ മുഖപടം അഴിഞ്ഞു വീഴുന്നു. അവരുടെ മാസ്മരിക സൗന്ദര്യംകണ്ട് പകച്ചുപോയ ജനക്കൂട്ടത്തോട് ഷംസ് ചോദിച്ചു, “ഈ സ്ത്രീയെ നിങ്ങൾ ആഗ്രഹിക്കുമോ അതോ വെറുക്കുമോ? നിങ്ങൾ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചാണ് പള്ളിയിൽ എത്തിയതെങ്കിൽ ഇവർ നഗ്നയായിരുന്നാൽ പോലും നിങ്ങളുടെ ശ്രദ്ധയിൽ പെടുമായിരുന്നില്ല. പക്ഷെ നിങ്ങളുടെ ശ്രദ്ധ അല്ലാഹുവിലായിരുന്നില്ല എന്നതല്ലേ ശരി? ഉത്തരം മുട്ടിപ്പോയ ജനം മെല്ലെ പിരിഞ്ഞു പോകുന്നു…..

നോവൽ വായിച്ചു പോകവേ ഒരിടത്ത് ഇങ്ങനെ കാണാം, Rumi can be a great preacher, “…. but in the end the breadth and scope of every speaker are determined by those of his audience. Rumi’s words might be like a wild garden, full of teasels, herbs, spruces and shrubs, but it is always up to the visitor to pluck his fancy. While pretty flowers are instantly plucked, few people pay attention to plants with thorns and prickles. But the truth is, great medicines are often made from these.”

“റൂമി ഒരു മികച്ച പ്രഭാഷകനായിരിക്കാം. പക്ഷെ, ഒരു പ്രഭാഷകന്റെ ആശയങ്ങളുടെ സാധ്യതയും പരിധിയും നിർണ്ണയിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ശ്രോതാക്കളെ ആശ്രയിച്ചാണ്. റൂമിയുടെ വാക്കുകൾ പലതരം കുറ്റിച്ചെടികളും മുൾചെടികളുമുള്ള ഒരു കാട്ടുപൂന്തോട്ടം പോലെയാണ്.

അതിൽ നിന്ന് എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത് സന്ദർശകനാണ്. ചന്തമുള്ള പൂക്കൾ കണ്ടാലുടൻ ആളുകൾ അവ പറിച്ചെടുക്കുന്നു, എന്നാൽ മുൾചെടികളെ അധികമാരും ശ്രദ്ധക്കാറില്ല. സത്യത്തിൽ അത്തരം ചെടികളിൽ നിന്നാണ് പലപ്പോഴും ഉത്തമമായ ഔഷധങ്ങൾ ഉണ്ടാക്കുന്നത്…..”

എണ്ണമറ്റ സൂഫി വായനകളിൽ നിന്ന് പലരും പെറുക്കിയെടുത്തത് പലതാണ്. ചിലർ ‘മസ്നവി’യിലെ അശ്ലീലത്തെക്കുറിച്ച് ഗവേഷണം നടത്തി! വേറെ ചിലർ അതിൽ മത വിരുദ്ധത കണ്ടെത്തി. ഇനിയുംചിലർ രോഗതുരമായ ഹൃദയങ്ങൾക്കുള്ള അമൃതലേപനം അതിൽ കണ്ടു …….

ചർച്ചകൾ, സെമിനാറുകൾ, സംവാദങ്ങൾ, പഠനങ്ങൾ, തർക്കങ്ങൾ, ആഴമുള്ള വായനകൾ, മനനങ്ങൾ…. കേരള മുസ്‌ലിം ബൗദ്ധിക മണ്ഡലത്തെ ഇത്പോലെ ചൂടുപിടിപ്പിച്ച അനുഭവങ്ങൾ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. അതിന് നന്ദി പറയേണ്ടത് ആരോടാണ്? ശബ്നം നൂർജാഹാനോടോ അവരുടെ വിമർ ശകരോടോ?

Tags: ,