ബഹുമത സമൂഹത്തിൽ ജീവിക്കുന്ന സമുദായങ്ങൾ തമ്മിൽ പരസ്പരം അറിയേണ്ടത് അനിവാര്യമായ മര്യാദയാണ്. നമ്മുടെ വിദ്യാഭ്യാസ രീതിയുടെ പ്രത്യേകത കൊണ്ട് സ്കൂൾ വിദ്യഭ്യാസമുള്ള ഏതൊരാൾക്കും ഹിന്ദു മതത്തിന്റെ ആഘോഷങ്ങളെക്കുറിച്ചും പുണ്യപുരുഷന്മാരെക്കുറിച്ചുമൊക്കെ ഏകദേശ ധാരണ എല്ലാർക്കുമുണ്ടാവും.

രാമനും സീതയും ആരാണെന്നോ മഹാഭാരതവും രാമായണവുമൊക്കെ ഇതിഹാസ കൃതികളാണെന്നോ അറിയാത്തവരുണ്ടാവില്ല.

എന്നാൽ മറ്റുമതങ്ങളെക്കുറിച്ച് അങ്ങനയൊരു അറിവുണ്ടോ എന്ന് സംശയമാണ്, പ്രത്യേകിച്ച് ഇസ്ലാമിനെക്കുറിച്ചും മുസ്‌ലിംകളെ ക്കുറിച്ചും. അതുകൊണ്ടാണ് എല്ലാ പെരുന്നാളിനും മുടങ്ങാതെ ‘റംസാൻ ആശംസകൾ’ കിട്ടുന്നതും നബിദിനത്തിന് ‘പെരുന്നാൾ ആശംസകൾ’ കിട്ടുന്നതും. ഇത്തവണ ഓണവും നബിദിനവും ഒന്നിച്ചു വന്നപ്പോൾ സുഹൃത്ത് വാട്സാപ്പിൽ അയച്ച മെസ്സേജ് പെരുന്നാൾ ആശംസകൾ എന്നാണ്!!

ഇതൊന്നും ആരെയും പരിഹസിക്കാനല്ല, മതവിശ്വാസികൾ പരസ്പരം അറിയാനുള്ള ബോധപൂർവമായ ശ്രമം ഉണ്ടാവണമെന്ന് സൂചിപ്പിക്കാനാണ്.