മതം പൂജാമുറിയിൽ മാത്രമൊതു ങ്ങേണ്ടതാണെന്നാണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽനിങ്ങൾ ഒരു ‘ലിബറൽ’ ആണെന്നതിന് അഡീഷണൽ സർട്ടിഫികറ്റ് വേണ്ടി വരില്ല. അല്ല, മതത്തിനു സാമൂഹിക ദൗത്യങ്ങളുണ്ട് എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾ ‘തീവ്രവാദി’യോ ‘മതരാഷ്ട്രവാദി’യോ ആണെന്നതിന് കൂടുതൽ തെളിവുകൾ ആവശ്യമായി വരില്ല.
ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങൾ ആധുനിക മതേതര ജനാധിപത്യ മൂല്യങ്ങളോട് ഒത്തു പോവുന്നതല്ലെന്നും പൊതു സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടണമെങ്കിൽ നിങ്ങൾ മതത്തിന്റെ കുപ്പായം അഴിച്ചുവെക്കണമെന്നുമാണ് പുരോഗമന പക്ഷം. പക്ഷെ, മത മൂല്യങ്ങൾ മുറുകെപ്പിടിച്ചു കൊണ്ടും അതിൽനിന്ന് ഊർജം സ്വീകരിച്ചു കൊണ്ടും ഒരു മതേതര സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കാമെന്നതിന്റെ മാതൃകകൾ കൂടി നവസാമൂഹിക പ്രസ്ഥാനങ്ങൾ സമർപ്പിക്കുന്നുണ്ട് എന്നാണ് എമ്മറിക്കിന്റെ പഠനം തെളിയിക്കുന്നത്.
ഈ രംഗത്ത് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയെയും പി എഫ് ഐ യും മുൻ നിർത്തി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ എമ്മറിക്ക് നടത്തുന്നുണ്ട്. “India’s democratic experience constitutes a compelling analytical case to undestand how Islamic movements can actively engage in and defend democratic process, rather than being opposed to notions of participation and democracy,”എമ്മറിക്ക് പറയുന്നു.
മതേതര ജനാധിപത്യ സംവിധാനത്തിന്റെ അകത്തു നിന്ന് പ്രവർത്തിക്കാൻ വേണ്ട നീക്ക് പോ ക്കുകളും മെയ് വഴക്കങ്ങളും ഇത്തരം പ്രസ്ഥാനങ്ങൾ വിജയകരമായി പരീക്ഷിക്കുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. Islamic pragmatism എന്നാണ് എമ്മറിക് ഇതിനെ വിശേഷിപ്പി ക്കുന്നത്.
പക്ഷെ ഇത് പലപ്പോഴും മുഖം മിനുക്കാനുള്ള അവസര വാദനിലപാടായി പൊതു സമൂഹം കാണുന്നു എന്നുമദ്ദേഹം പറയുന്നു.
“The PFI illustrates how Muslim organsiations that promote citizenship politics try to generate an alternative understanding of India’s modernity. Islamic discourses, in this context, are often used as a representation of social justice to hold the state and the market economy accountable in the wake of increasing social disparity and political violence against religious minorities,” എമ്മറിക്ക് നിരീക്ഷിക്കുന്നു.
യൂറോപ്യൻ ആധുനികതയും യുക്തി ചിന്തയും എല്ലാ സമൂഹങ്ങളെയും ഒരു പോലെ പുരോഗതിയിലേക്ക് നയിക്കുമെന്ന ‘പുരോഗമന’ ചിന്തയെ സാമൂഹിക ശാസ്തൃജ്ഞാന്മാർ ചോദ്യം ചെയ്തിട്ടുണ്ട്. ഏകപക്ഷീയമായ ആധുനികത മതസമൂഹങ്ങൾക്കിടിയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്.
വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടും മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുമുള്ള രാഷ്ട്രീയത്തെയും വികസനത്തെയുമാണ് നവസാമൂഹിക പ്രസ്ഥാനങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് ഈ പഠനം തെളിയിക്കുന്നത്. “Movements such as the PFI and JHI invoked a language of ethical politics and notions of a morally responsible society,” അദ്ദേഹം വിശദീകരിക്കുന്നു.
ഇന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാസമ്പന്നരായ അനേകം മുസ്ലിം യുവാക്കളെ തന്റെ പഠനത്തിനിടെ അദ്ദേഹം കണ്ട് മുട്ടുന്നുണ്ട്. ഒരേ സ്വരത്തിൽ അവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത് സ്വന്തം സുഖ സൗകര്യങ്ങൾ ബലികഴിച്ച്, പലപ്പോഴും പ്രതിഫലം പോലും പ്രതീക്ഷിക്കാതെ സാമൂഹിക സേവനത്തിലേർപ്പെടാൻ അവരെ പ്രചോദി പ്പിച്ചത് ഇസ്ലാം ആണെന്നാണ്. മുസഫ്ഫർപൂർ, ഡൽഹി കലാപങ്ങൾ, മംഗലാപുരം, കരിപ്പൂർ വിമാന ദുരന്തങ്ങൾ, വയനാട് ദുരന്തം തുടങ്ങിയ സമയങ്ങളിലെല്ലാം ഇത്തരം ആക്റ്റീവിസ്റ്റുകളുടെ സേവനങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ജമാ അത്തെ ഇസ്ലാമിയുടെ ‘വിഷൻ 2026,’ PFI യുടെ Rehab India Foundation തുടങ്ങിയ സംരംഭങ്ങൾ മികച്ച ഉദാഹരണങ്ങളാണ്. ദുരന്ത മുഖത്ത് തികഞ്ഞ പ്രൊഫഷണലിസത്തോടെ സേവന രംഗത്തിറങ്ങിയ IRW, SDPI വളണ്ടിയർമാരുടെ സേവങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
നിസ്കാരവും നോമ്പും ഖുർആൻ ക്ളാസുമായി മാത്രം നടന്നിരുന്ന മുസ്ലിം മത സംഘടനകൾക്ക് ഇസ്ലാമിന്റെ സാമൂഹിക ദൗത്യത്തിന്റെ പുതിയ പാഠങ്ങൾ പകർന്നു നൽകിയതിൽ നവ സാമൂഹിക പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. ഇന്ന് എല്ലാ മുസ്ലിം സംഘടനകളും ഈ രംഗത്ത് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. ഈ രംഗത്ത് മുസ്ലിം സ്ത്രീകളുടെ സാനിധ്യവും വളരെ ശ്രദ്ധേയമാണ്.
‘പ്രൊട്ടസ്റ്റന്റ് എത്തിക്ക്സ്’ എങ്ങനെയാണ് മുതലാളിത്ത വ്യവസ്ഥക്ക് സഹായകരമായത് എന്നതിനെക്കുറിച്ചുള്ള മാർക്സ് വെബറുടെ നിരീക്ഷണങ്ങൾ വളരെ പ്രശസ്തമാണ്.
മതേതര ബഹുസ്വര സമൂഹങ്ങളിൽ ജീവിക്കുന്ന മുസ്ലിംകൾക്ക് രാഷ്ട്ര പുരോഗതിയിൽ വിശ്വാസത്തെ ബാലികഴിക്കാതെത്തന്നെ ക്രിയാത്മ കമായി പ്രവർത്തിക്കാൻ കഴിയുമെന്ന് പുതിയ കാലത്തെ മുസ്ലിം ആക്റ്റിവിസം തെളിയിക്കുന്നുണ്ട്.
മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ നീതിക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇസ്ലാം എങ്ങനെയാണ് പ്രചോദനകേന്ദ്രമായി മാറുന്നത് എന്നത് സംബന്ധിച്ച പങ്കജ് മിശ്രയുടെ നിരീക്ഷണങ്ങൾക്ക് സമാനമാണ് എമ്മറിക്കിന്റെ കണ്ടെത്തലുകളും.