എന്തും പൊലിപ്പിച്ചു പറയലാണല്ലോ പത്രക്കാരുടെ രീതി. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞാൽ വിജയിച്ചു എന്നാണ് വെപ്പ്. പക്ഷെ സ്വയം മുൾമുനയിൽ കയറി നിൽക്കേണ്ടി വന്നാൽ?
പത്രക്കാരനായത് കൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നറിയില്ല. മകളുടെ വിവാഹം തന്നെയാണ് രംഗവേദി.
തീരാത്ത ഒരുക്കങ്ങൾ, തട്ടിയൊപ്പിക്കേണ്ട നൂറായിരം കാര്യങ്ങൾ. ജീവിതത്തിന്റെ അനിവാര്യമായ ഉച്ചവെയിലിലായിരുന്നു ഇത്രയും നാൾ. പുറത്ത് മഴ പെയ്യുന്നതും മദ്ധളം കൊട്ടുന്നതുമൊന്നും ഞനറിഞ്ഞിരുന്നില്ല. അകത്തെ തീക്ക് അത്രമേൽ ചൂടായിരുന്നല്ലോ…….
എല്ലാം തട്ടിയൊപ്പിച്ച് പിറ്റേന്ന്രാവിലത്തെ നികാഹിനുള്ള തയ്യാറെടുപ്പിലാണ്. അവളുടെ കസിൻസും കൂട്ടുകാരികളും ആടിയും പാടിയും തലേരാത്രി കളറാക്കുന്ന തിരക്കിലാണ്.
രാത്രി ഒൻപത് മണി കഴിഞ്ഞുകാണും, ഒരു ഫോൺ കോൾ. സുഹൃത്താണ്. ത്രിക്കല്യാണത്തിന്റെ വിശേഷം അറിയാനായിരിക്കും……
“നാളെ നിക്കാഹിനു എത്താമെന്നേറ്റ മൗലവി വരില്ല. അദ്ദേഹത്തിന്റെ പെങ്ങൾ ഒരു റോടപകടത്തിൽ മരണപ്പെട്ടിരിക്കുന്നു. മയ്യിത്ത് ഇപ്പോഴും മോർച്ചറിയിലാണ്….”ഹൃദയതാളം ആദ്യമേ തെറ്റിയിരുന്നത്കൊണ്ടാവണം, അറ്റാക്ക് ആയില്ല!!
“നിങ്ങൾതന്നെ പകരം ഒരാളെ കണ്ടെത്തിത്തരണം, പ്ലീസ്”….. മറ്റൊന്നും പറയാൻ കഴിഞ്ഞില്ല….
ന്യൂസ് ബ്രേക്ക് ആവാതെ ഞാൻ പിടിച്ചു വെച്ചു. ആരോടും പറഞ്ഞില്ല. ഏതാനും മിനിറ്റ്കൾ കഴിഞ്ഞ് സുഹൃത്ത് വീണ്ടും വിളിച്ചു. പകരം ആളെ കിട്ടി… അൽഹംദുലില്ലാഹ്. പ്രിയ സുഹൃത്തേ…. എന്ത് പ്രത്യുപകാരമാണ് എനിക്ക് തിരിച്ചുതരാനാവുക?
ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങിയിരുന്നു…. ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഉറങ്ങിയെന്ന് തോന്നുന്നു. അതിരാവിലെത്തന്നെ ഉണർന്നു. എല്ലാവരെയും ഓഡിറ്റോറിയത്തിലേക്ക് പറഞ്ഞുവിട്ട് അവസാനം അവിടെ ചെന്നു കയറുമ്പോൾ നിശ്ചയിച്ച സമയത്തിന് മിനിട്ടുകൾ മാത്രം ബാക്കി.
സഹോദരന്മാരിലൊരാൾ സ്വകാര്യമായി അടുത്ത് വിളിച്ച് ചെവിയിൽ പറഞ്ഞു…..”നിക്കാഹിനു വരുന്നതിനിടയിൽ അദ്ദേഹത്തിന്റെ വണ്ടിയുടെ ടയർ പഞ്ചറായിരിക്കുന്നു” ഹൃദയമാണോ അതോ തലച്ചോറാണോ നിലച്ചത്? അറിയില്ല!! കപ്പിനും ചുണ്ടിനുമിടയിൽ ജീവിതം ഇതിനകം എത്രതവണ വഴുതിപ്പോയിരിക്കുന്നു!! ഈ പന്ത്രണ്ടാം മണിക്കൂറിലും പരീക്ഷണങ്ങളോ?……
ഏതായാലും ദൈവദൂതു പോലെ അദ്ദേഹം പറന്നെത്തി. നിശ്ചയിച്ച സമയത്തിന് പത്ത് മിനിറ്റ് മാത്രം വൈകി നികാഹ് ഭംഗിയായി നടന്നു. അല്ലാഹുവിന് സ്തുതി. സുഹൃത്തേ, എന്ത് പ്രത്യുപകാരം ചെയ്താലാണ് മതിയാവുക?
കടപ്പാടുകൾ തീർക്കാൻ ഇനിയുമെത്രയോ പേർ…. അവരുടെ പേരുകൾ പരാമർശിക്കുന്നത് പോലും അവരെ അപമാനിക്കലായിരിക്കും. ആൾക്കൂട്ടത്തിൽ ഞാൻ തനിച്ചാണെന്ന് തിരിച്ചറിഞ്ഞ് കട്ടക്ക് കൂടെനിന്ന കൂടപ്പിറപ്പുകൾ, ഉടപ്പിറപ്പുകൾ, ബന്ധു മിത്രാദികൾ…. “നിന്റെ ഈ നമ്പറിൽ ജി പേ ഇല്ലേ” എന്ന് വിളിച്ചു ചോദിച്ച ചില സുഹൃത്തുക്കൾ, എല്ലാം മംഗളമായി അവസാനിക്കും വരെ ഓടി നടന്ന അയൽക്കാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ…… തിരിച്ചു തരാൻ ഒന്നുമില്ല….. പ്രാർത്ഥനകളല്ലാതെ. നാഥാ… എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ…..