ഇസ്‌ലാമിൽ ജാതിയില്ല പക്ഷെ, കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ജാതി സമാനമായ ചില വിവേചനങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഇത്‌ സംബന്ധിച്ച് അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ മലയാളി മുസ്‌ലിം വിദ്യാർത്ഥിയുടെ പ്രബന്ധം ഈയിടെ വായിക്കാനിടയായി.

സമുദായത്തിലെ യുവ പ്രതിഭകൾ ലോകം ശ്രദ്ധിക്കുന്ന പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ നാട്ടിൽ ചിലർ സംഘടനകളുടെ തിണ്ണബലത്തിൽ വിവേചനത്തിന്റെ പുതിയ മതിൽ കെട്ടുകൾ പടുത്തുയർത്തുന്ന തിരക്കിലാണ്!

ഈയിടെ, മകളുടെ വിവാഹ റജിസ്ട്രേഷന് വേണ്ടി വീടിന്റെ ഏറ്റവും അടുത്ത പള്ളിയുമായി ബന്ധപ്പെട്ടപ്പോൾ ഉണ്ടായ അനുഭവമാണ് ഈ കുറുപ്പിന്റെ പ്രേരകം.

വിവാഹ ഖുതുബ നിർവഹിക്കുന്നത് അവരുടെ ബ്രാൻഡ് പണ്ഡിതൻ ആണെങ്കിൽ മാത്രമേ ആ പള്ളിയിൽ രജിസ്ട്രേഷൻ അനുവദിക്കൂ എന്നായിരുന്നു പള്ളി ഭാരവാഹികളുടെ നിലപാട്.

എന്നും സംഘടകളുടെ വേലിക്കെട്ടിന് പുറത്ത് ജീവിച്ച എനിക്ക് മകളുടെ നികാഹ് ആവശ്യം വന്നപ്പോഴും സംഘടനയും ഗ്രൂപ്പും ആലോചിക്കാൻ തോന്നിയില്ല. ഏതെങ്കിലും സംഘടനയുടെ തിട്ടൂരത്തിനനുസരിച്ച് നിൽക്കാൻ ഞാൻ തയ്യാറുമായിരുന്നില്ല.

തൊട്ടടുത്തുള്ള, ജമാഅത്തെ ഇസ്ലാമിക്കാരുടെ നിയന്ത്രണത്തിലുള്ള പള്ളി ഭാരവാഹികൾ എന്റെ ‘ജാതി’ നോക്കാതെ വിവാഹം രജിസ്റ്റർ ചെയ്യാൻ തയ്യാറായി. മുസ്ലിമായി അംഗീകരിക്കപ്പെട്ട ആരുടെ വിവാഹ രജിസ്‌ട്രേഷനും ആ പള്ളിയിൽ നടത്താം എന്നതാണ് അവരുടെ നിലപാട് എന്ന് അവർ അറിയിക്കുകയും ചെയ്തു. വിവാഹ ദിവസം തന്നെ നടപടികൾ പൂർത്തിയാക്കി അവർ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

എനിക്ക് നേരിടേണ്ടി വന്ന അസൗകര്യത്തിന്റെ കലിപ്പ് തീർക്കാനല്ല ഈ കുറിപ്പ്. ഇത്‌ എന്റെ മാത്രം പ്രശ്നവുമല്ല. വിവാഹം, മരണം തുടങ്ങിയ സാമൂഹിക വിഷയങ്ങളിൽ പോലും മുസ്‌ലിം മത സംഘടനകൾ കാണിക്കുന്ന അന്യായമായ ദുർവാശികളെ ചോദ്യം ചെയ്യാനാണ്.

അവനവൻ ബ്രാൻഡ് പണ്ഡിതൻമാർ കാർമികത്വം വഹിച്ചാലേ ബന്ധപ്പെട്ട പള്ളികളിൽ വിവാഹ റജിസ്ട്രേഷൻ അനുവദിക്കൂ എന്നതാണത്രേ പൊതുവെയുള്ള നിലപാട്. മുമ്പൊക്കെ ഗ്രൂപ്പും സംഘടനയും നോക്കി ഖബറിസ്ഥാൻ പോലും നിഷേധിക്കുന്ന പതിവ് ചില മഹല്ലുകളിലെങ്കിലും നിലനിന്നിരുന്നു. അതിന്റെ പേരിൽ സംഘസർഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അതൊക്കെ ഏറെക്കുറെ മാറിയിട്ടുണ്ട്.

ജാതിയെക്കുറിച്ചുള്ള പഠനങ്ങളിലെല്ലാം നിരീക്ഷിക്കപ്പെട്ട ഒരു കാര്യം അത് ഏറ്റവും പ്രകടമായി കാണുന്നത് വിവാഹവുമായി ബന്ധപ്പെട്ടാണ് എന്നാണ്. മുസ്‌ലിം സമുദായത്തിൽ അത് വളരെ പ്രകടമല്ലെങ്കിലും ചില അംശങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.

ഇവിടെ പ്രശ്നം ജാതിയല്ല, സമുദായത്തിന്റെ അട്ടിപ്പേറവകാശം കൊണ്ടുനടക്കുന്ന സംഘടനകളാണ്. ‘സ്വയംപര്യാപ്ത റിപ്പബ്ലിക്കുകളാ’യ മുസ്‌ലിം മത സംഘടനകൾ ഇത്തരം മേൽക്കോയ്മകൾ തന്താങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഇന്നും നിലനിർത്തിപ്പോരുന്നുണ്ട്.

മരണം, വിവാഹം പോലുള്ള സാമൂഹിക ഇടപാടുകളിൽ മുസ്ലിമായി പരിഗണിക്കപ്പെടുന്ന എല്ലാവരെയും ഒരുപോലെ കാണേണ്ടതല്ലേ?

ഇതൊക്കെ സംഘടനയുടെ തിണ്ണ ബലത്തിൽ തീരുമാനിക്കുന്നത് ഏത്‌ ഇസ്ലാമാണ്? പരസ്യമായി ഇസ്‌ലാമിക ജീവിതം നയിക്കുന്ന ആരെയും മുസ്ലിമായി പരിഗണിക്കാനും അവരോടുള്ള സാമൂഹിക ബാധ്യതകൾ നിറവേറ്റാനും എല്ലാ പള്ളി ഭാരവാഹികൾക്കും ബാധ്യതയുണ്ട്.

പള്ളി അല്ലാഹുവിന്റെ ഭവനമാണ് എന്നാണല്ലോ സങ്കൽപം. അപ്പോൾ പിന്നെ സംഘടന നോക്കി സാമൂഹിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഏത്‌ ഇസ്ലാമിന്റെ പേരിലാണ് നിങ്ങൾ തീരുമാനിക്കുന്നത്? ‘ക അന്നക ബുൻ യാനുൻ മർസൂസ്’ എന്ന് ഖുർആൻ ക്‌ളാസിലും ഖുതുബയിലും ഉദ്ധരിക്കുന്നത് എന്തർത്ഥത്തിലാണ്? സാമൂഹികമായി ഒരു മുസ്ലിമിന് ചെയ്തുകൊടുക്കാവുന്ന ചെറിയ കാര്യങ്ങൾക്ക്‌ പോലും സംഘടന നോക്കുന്ന നിങ്ങൾ എന്ത് ഇസ്‌ലാമിക സഹോദര്യത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നത് ? മുസ്ലിമായി മഹല്ലിൽ ജീവിക്കുന്ന എല്ലാ ആണിനെയും പെണ്ണിനേയും ഒരു പോലെ പരിഗണിക്കാനും അവർക്ക് പള്ളിയോടും പള്ളിയിൽ നിന്ന് അവർക്കും കിട്ടേണ്ട സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനും ഭാരവാഹികൾ തയ്യാറാവണം.

സംഘടനയുടെ ഇസ്‌ലാമോ മീറ്റർ വെച്ച് തഖ് വയും തൗഹീദും അളന്നു നോക്കി മാർക്കിടാനും സ്വർഗം പതിച്ചു നൽകാനും പടച്ചവൻ ആരെയും ഏല്പിച്ചിട്ടില്ല. ‘നഫ്സി നഫ്സീ’ എന്ന് വിലപിക്കുമെന്നാണല്ലോ പ്രസംഗിക്കാറ്. ‘ഒരാളും മറ്റൊരാളുടെ ഭാരം ചുമക്കേണ്ടി വരില്ല’ എന്ന് ഖുർആൻ തീർത്തു പറഞ്ഞിട്ടുമുണ്ട്. പിന്നെ എന്തിനാണ് സംഘടനക്കാർ മറ്റുള്ളവരുടെ വിശ്വാസത്തിന്റെ ആഴം അളക്കാൻ കോലുമായി നടക്കുന്നത് ? സാമൂഹിക സേവനങ്ങളുടെ മാനദണ്ഡം സംഘടന പക്ഷപാതിത്വങ്ങൾ ആയിക്കൂടാ. നിങ്ങൾ എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും അതൊന്നും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഒരൊറ്റ ഉമ്മത്ത് എന്ന സങ്കല്പത്തോട് യോജിച്ച് പോകുന്നതല്ല.

പള്ളി ഒരു സാമൂഹിക സ്ഥാപനമാണ്. പള്ളിയുടെ നടത്തിപ്പ് സംഘടനകളുടെ തിണ്ണബലം കാണിക്കാനുള്ള വേദിയല്ല.

ഏത്‌ ഇസ്ലാമിന് വേണ്ടിയാണ് നിങ്ങളൊക്കെ ദഅവത്ത് നടത്തുന്നത്? പള്ളിയുടെ മുകളിൽ കയറി ‘അള്ളാഹു അക്ബർ’ എന്ന് വിളിച്ചു പറയാൻ കാപ്പിരിയും അടിമയുമായിരുന്ന ബിലാലിന് ചവിട്ടിക്കയറാൻ സ്വന്തം ചുമല് കാണിച്ച് കൊടുത്ത പ്രവാചകന്റെ ഇസ്‌ലാമിനെക്കുറിച്ചോ? മനുഷ്യ നിർമ്മിതമായ സകലമാന വിവേചനങ്ങളെയും തള്ളി മനുഷ്യരൊ ക്കെ ഒരൊറ്റ സമുദായമാണ് എന്ന് വിളംബരം ചെയ്ത ഇസ്ലാമിനെക്കുറിച്ചോ? അടിമയെയും ഉടമയെയും പണ്ഡിതനെയും പാമരനെയും തോളോട് തോൾ ചേർത്ത് നിർത്തി ‘സവ്വൂ സുഫൂഫകും’ എന്ന് അല്ലാഹുവിന്റെ പ്രവാചകൻ പറയാൻ പഠിപ്പിച്ചത് ഓരോ നിസ്കാരത്തിനു മുമ്പും ചുമ്മാ മടംബൊപ്പിക്കാനുള്ള ഏർപ്പാടായിട്ടല്ല!!

സംഘടനകളുടെ വേലി വളപ്പിന് പുറത്ത് സമുദായത്തിന്റെ വലിയൊരു ഭാഗം ജീവിക്കുന്നുണ്ട്, പ്രത്യേകിച്ച് പുതിയ തലമുറ. അവർ ലോകം കാണുന്നവരാണ്. ഒരൊറ്റ ഇലാഹിലുള്ള വിശ്വാസവും എല്ലാ വൈചാത്യങ്ങളെയും മറികടന്ന് മുന്നോട്ട് വെക്കുന്ന സാഹോദര്യവും നീതി ബോധവുമാണ് ഈ മതത്തിന്റെ കാതൽ. സംഘടന വൈരത്തിന്റെ തിമിരം ബാധിച്ചവർക്ക് അത് കാണാൻ കഴിയണമെന്നില്ല.

ഇതൊന്നും എന്റെ നാട്ടിലെ പള്ളിക്കാരുടെയും പട്ടക്കാരുടെയും മാത്രം പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. എല്ലായിടത്തും ഇങ്ങനെയൊക്കെത്തന്നെയാണ്.

പള്ളിയിൽ നിന്ന് കിട്ടേണ്ട സാമൂഹിക സേവനങ്ങൾ വിഭാഗീയതകൾ പരിഗണിക്കാതെ എല്ലാ മുസ്‌ലിംകൾക്കും ലഭ്യമാവുന്നു എന്ന് ഉറപ്പ് വരുത്തുകയാണ് പള്ളി ഭാരവാഹികൾ ചെയ്യേണ്ടത്. അതൊന്നും സംഘടന നോക്കി വീതിച്ചു നൽകാനുള്ളതല്ല. അത് ഇസ്ലാമല്ല, ആണെന്ന് നിങ്ങളെത്ര വാദിച്ചാലും ശരി.