ഏതൊരു പിതാവിനെയുംപോലെ ഞാനും ആഗ്രഹിച്ചത് എനിക്ക്എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങൾ മക്കൾ താണ്ടിക്കാണണം എന്നാണ്. മൂത്ത മകൾ ഷാസിയ ശബ്നം ബാംഗ്ലൂരിലെ പ്രശസ്തമായ National Centre for Biological Sciences ൽ ഇന്റഗ്രേറ്റഡ് പി എച്ച്ഡി ക്ക്‌ അഡ്മിഷൻ നേടിയിരിക്കുന്നു. അൽഹംദുലില്ലാഹ്, അല്ലാഹുവിന് സ്തുതി.

പഠനത്തിന്റെ കാര്യത്തിൽ ഒന്നിനും നിർബന്ധിച്ചിട്ടില്ല. അറിയാവുന്ന വിവരങ്ങൾ പറഞ്ഞു കൊടുത്തു. ഇഷ്ടപ്പെട്ട വഴികൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി. പ്ലസ്‌ 2 കഴിഞ്ഞ് തുടർ പഠനത്തിന് IISER ഭോപ്പാൽ തിരഞ്ഞെടുത്തത് അവൾ തന്നെയാണ്. എനിക്ക് ആശങ്കയുണ്ടായിരുന്നു. ഒട്ടും പരിചയമില്ലാത്ത ഒരു ഉത്തരേന്ത്യൻ കാമ്പസ്. കലുഷിതമായ രാഷ്ട്രീയ സാഹചര്യം. പക്ഷെ ഹിജാബ് ധരിച്ച് തന്നെ അവൾ അവിടെ ജീവിച്ചു. നാല് വർഷം ഉയർന്ന ഗ്രേഡുകൾ നേടി സെമസ്റ്ററുകൾ പൂർത്തിയാക്കി. ഇപ്പോൾ ഗവേഷണത്തിനുള്ള യോഗ്യതയും നേടി. അല്ലാഹുവിന് സ്തുതി…..

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC) ൽ അവൾ ഇന്റർവ്യൂ നേരിടുമ്പോൾ പുറത്ത് വെയ്റ്റിംഗ് ലോഞ്ചിൽ പ്രാർത്ഥന നിറഞ്ഞ മനസ്സുമായി ഞാനിരുന്നു. തലേന്നത്തെ ദീർഘയാത്രയുടെ ക്ഷീണത്തിൽ അവളുടെ അനിയത്തി എന്റെ മടിയിൽ തലവെച്ച് ശാന്തമായി ഉറങ്ങുന്നു…..

കണ്ണുകൾ അറിയാതെ നിറഞ്ഞു….മനസ്സ് 22 വർഷം പിന്നിലേക്ക് പാഞ്ഞു പോയി. ലേബർ റൂമിന്റെ പുറത്ത് ആദ്യ കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ച് ഞാൻ…… പിന്നിട്ട പാതകൾ….. നെഞ്ചിൽ കിടത്തി ഉറക്കിയ നിമിഷങ്ങൾ, തുള്ളിച്ചാടി നഴ്സറിയിൽ, പിന്നെ സ്കൂൾ, ഉപരി പഠനം …എന്നും പഠനത്തിൽ അവൾ മുന്നിലായിരുന്നു.

PG ചെയ്തുകൊണ്ടിക്കെ, ആദ്യ ശ്രമത്തിൽ തന്നെ CSIR-UGC JRF സ്കോളർഷിപ്പ് നേടി. RGCB, TIFR തുടങ്ങിയ ഇന്ത്യയിലെ പ്രശസ്ത ഗവേഷണ കേന്ദ്രങ്ങളിൽ ഇന്റേൺഷിപ്പും പൂർത്തിയാക്കി. ഈ വർഷം തന്നെ PhD ക്ക്‌ ചേരണമെന്നത് അവളുടെ തീരുമാനമായിരുന്നു.

ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന IISC യിൽ ഗവേഷണ പഠനം നടക്കാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷെ തന്റെ ഇഷ്ട മേഖലക്ക് പറ്റിയ ഡിപ്പാർട്മെന്റ് അവിടെയില്ലെന്ന നിലപാടായിരുന്നു അവൾക്ക്. IISC ഇന്റർവ്യൂ കടക്കാനായില്ല. തൊട്ടടുത്ത ആഴ്ച വീണ്ടും ബാംഗ്ലൂരിൽ NCBS ഇന്റർവ്യൂ. പുറത്തിറങ്ങിയപ്പോൾ മുഖത്തു കണ്ട സന്തോഷം വെറുതെയായില്ല.

ആൾ ഇന്ത്യ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 ഗവേഷണ വിദ്യാർത്ഥികളിൽ അവളുടെ പേര് കണ്ടപ്പോൾ തോന്നിയ സന്തോഷം അനല്പമയിരുന്നു.

ഒന്നും എളുപ്പമായിരുന്നില്ല….. സങ്കടങ്ങളുടെ സാഗരം താണ്ടിയാണ് ഇവിടംവരെ എത്തിയത്. ഒന്നും പഠനത്തെ ബാധിക്കാതെ നോക്കണമെന്ന് ഉണർത്താനേ എനിക്ക് കഴിഞ്ഞുള്ളൂ, ഉള്ളുരുകി പ്രാർത്ഥിക്കാനും. പ്രതിസന്ധികൾക്ക് മുന്നിൽ പാറക്കെട്ടുകൾ പോലെ ഉറച്ചു നിൽക്കണമെന്ന് ഇടക്കിടെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. അവൾ നിശബ്ദമായി പോരാടി എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ആ കരുത്ത് എന്നും കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇന്നലെ, ഞായറാഴ്ച, അവളുടെ വിവാഹമായിരുന്നു. അതും അവളുടെ ചോയ്സ്. അൽഹംദുലില്ലാഹ്. ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞ സദസ്സിൽ സന്തോഷത്തോടെ നികാഹ് നടന്നു. നവ ദമ്പതികൾക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എന്നുമുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

സാധ്യമാകുന്ന വിധത്തിലെല്ലാം അവളുടെ ഇഷ്ടങ്ങളുടെ കൂടെനിന്നു….

പ്രാർത്ഥനയോടെ യാത്ര പറഞ്ഞ് നെറ്റിയിൽ ചുംബനം നൽകി തിരിച്ചു പോരുമ്പോൾ ഉള്ളിൽ ശരിക്കും കരയുകയായിരുന്നു. ആ കണ്ണീർ തുള്ളിയുടെ കനമെത്രയെന്ന് തിരിച്ചറിവുള്ള ഒരേ ഒരാൾ ഒരു പക്ഷെ അവൾ മാത്രമായിരിക്കും…..