വേനൽകാലത്ത് രാവിലെ വീട്ടിൽ കണ്ടില്ലെങ്കിൽ ഞാൻ കുളക്കടവിൽ കാണും. അതാണ് പതിവ്. അതിൽ രണ്ടുണ്ട് കാര്യം. ഉത്സവവും കാണാം താളിയുമൊടിക്കാം! അതായത്, കാറ്റും കൊള്ളാം ഫോട്ടോയും എടുക്കാം.


അങ്ങിനെയാണ് ഇന്ന് രാവിലെ (18/4/26), കത്തുന്ന വേനലിൽ ബാക്കിയായ ഇത്തിരിപ്പോന്ന ഏലൂരിലെ വെള്ളക്കെട്ടിനടുത്തെത്തിയത്. കുളക്കടവിൽ വലിയ തിരക്കില്ല. അതിസുന്ദരികളായ Spot-billed ducks ഉം Pheasant-tailed jacana യും പതിവ് പോലെ കാലത്ത് കുളിച്ചു കുറിതൊടുന്ന തിരക്കിലാണ്. കുറേ ചിത്രങ്ങളെടുത്തു.


അതിനിടയിലാണ് ഒരു Pied kingfisher പറന്നെത്തിയത്. കക്ഷി അത്ര സുപരിചിതനല്ല. മീൻ പിടിക്കുന്ന സ്റ്റൈലും വ്യത്യാസമാണ്. വായുവിൽ പറന്നുയർന്ന് ബാലിസ്റ്റിക് മിസൈൽ പോലെ കുത്തനെ താഴേക്ക് കൂപ്പു കുത്തുന്നതാണ് രീതി. വായുവിൽ ബാലൻസ് ചെയ്ത് നിൽക്കുന്ന കാഴ്ച മനോഹരമാണ്. മതിമറന്ന് ചിത്രങ്ങൾ പകർത്തി തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഫോട്ടൊഗ്രഫർമാരുടെ ഒരു പടതന്നെ നിൽക്കുന്നു!





കൂട്ടത്തിൽ ഗുരുക്കന്മാരായ മുകുന്ദൻ സാറും പോളിച്ചേട്ടനുമുണ്ട്. എറണാകുളത്ത് വന്ന് പക്ഷിപിടുത്തം തുടങ്ങിയ കാലം മുതൽ രണ്ട് പേരെയും അറിയാം. എഴുപത് പിന്നിട്ട റിട്ടയഡ് ഉദ്യോഗസ്ഥരായ രണ്ട് പേരും ഈ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ളവരാണ്. ഇപ്പോഴും ഗൂഗിളിന് പകരം പലപ്പോഴും ഞാൻ ആശ്രയിക്കാറ് പോളി സാറിനെയാണ്.
“ആരെല്ലാമാരെല്ലാമെൻ ഗുരുനാഥർ
മണ്ണിതിൽ എന്തെല്ലാമോ പഠിപ്പിക്കുന്നുണ്ടെന്നെ”
എന്നാണല്ലോ കവി പാടിയത്!!
മണ്ണിനേയും മരങ്ങളെയും പൂക്കളെയും പുഴകളെയും പൂമ്പാറ്റകളെയും സ്നേഹിക്കുന്ന കുറേ നല്ല മനുഷ്യരുടെ സൗഹൃമാണ് ഈ രംഗത്ത് എനിക്കുള്ള സമ്പാദ്യം.



