“സമുദായത്തിലെ ബദൽ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് നിലനിൽക്കുന്ന മുൻവിധികൾ തങ്ങൾക്ക് അനുകൂലമായ വിധം ഉപയോഗപ്പെടുത്താൻ ലീഗ് ശ്രമിക്കാറുണ്ട്. അതിനാൽ, നവ പ്രസ്ഥാനങ്ങളെ വിശാലവേദിയിൽ ഒന്നിച്ചു നിർത്തുന്നതിന് പകരം തീവ്രവാദിയെന്ന് മുദ്രയടിക്കുന്ന പ്രക്രിയ തുടരാനാണ് സാധ്യത.”

(മുസ്‌ലിം ലീഗ് കേരളചരിത്രത്തിൽ. എൻ പി ചെക്കുട്ടി, പേജ് 228).

കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ശാക്തീകരണത്തിന്റെ അനുപമ മാതൃകയായി നിലകൊള്ളുന്ന മുസ്‌ലിം ലീഗിനെ വിമർശനാത്‌മകമായി വിലയിരുത്തവെ പ്രശസ്ത പത്രപ്രവർത്തകൻ എൻ പി ചെക്കുട്ടി നടത്തിയ ശ്രദ്ധേയമായ നിരീക്ഷണമാണിത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ചില ചർച്ചകൾ ചെക്കുട്ടിയുടെ നിരീക്ഷണം ലീഗിൽ മാത്രം ഒതുക്കേണ്ടതല്ല എന്നാണ് തെളിയിക്കുന്നത്. നവ സാമൂഹിക പ്രസ്ഥാനങ്ങളായ SDPI യും വെൽഫയർ പാർട്ടിയും ഇടതും വലതും ചേർന്ന് നടത്തിയ വാക് പോരുകൾ തെളിയിക്കുന്നത് മറ്റൊന്നുമല്ല. ആരാണ് കൂടുതൽ ഭേദപ്പെട്ട ‘തീവ്രവാദി’ എന്ന കാര്യത്തിലെ ഇപ്പോൾ പൊതു സമൂഹത്തിന് തർക്കമുള്ളൂ!!

സ്വന്തം നിലപാടുകൾക്ക് ഭീഷണിയാവുമെന്ന് തോന്നുന്ന ആരുടെ മേലും സൗകര്യപൂർവ്വം ഒട്ടിക്കാവുന്ന സ്റ്റിക്കറാണ് ‘തീവ്രവാദി’ എന്നത്. ഈ സൗകര്യം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് കേരളത്തിലെ മുസ്‌ലിം മതസംഘടനകളാണ് എന്നതാണ് ചരിത്രം.

‘മുസ്‌ലിം തീവ്രവാദ’ത്തിനെതിരെ ആദ്യം പടക്കിറങ്ങിയത് മുസ്‌ലിം മതസംഘ ടനകൾ തന്നെയാണ്. അക്കാര്യത്തിൽ എല്ലാവരും വിസ്മയിപ്പിക്കുന്ന ഐക്യ ബോധം കാണിക്കുകയും ചയ്തു.

ഭരണകൂടവും അന്വേഷണ ഏജൻസികളും തയ്യാറാക്കിയ തിരക്കഥകൾ അപ്പാടെ വിഴുങ്ങി പടക്കിറങ്ങിയവർ അതിന്റെ അനന്തര ഫലങ്ങളെ കുറിച്ച് ഒട്ടും ബോധവാൻമാരായിരുന്നില്ല. അവസാനം ‘മതം തീവ്രവാദത്തിനെതിരെ’ എന്ന കാമ്പയിനിന്റ മുന്നണിപ്പോരാളിയെ തന്നെ ഭരണകൂടം തീവ്രവാദി സ്റ്റിക്കർ ഒട്ടിച്ചു മാധ്യമങ്ങൾക്ക് മുന്നിൽ നിർത്തി! ഇപ്പോൾ അല്പമെങ്കിലും തീവ്രവാദി അല്ലാത്തവർ ആരുണ്ട് ഈ സമുദായത്തിൽ എന്നാണ് പൊതു സമൂഹത്തിന്റെ ചോദ്യം!!! അതിന് ആരാണ് ഉത്തരം പറയേണ്ടത് എന്ന് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.

ദേശീയവും അന്തർ ദേശീയവുമായ രാഷ്രീയ ചലനങ്ങളുടെ പശ്ചാതലത്തിലാണ് കേരള മുസ്‌ലിം കൾക്കിടയിലെ നവസാമൂഹിക പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. തൊണ്ണൂറുകളിൽ ശക്തി പ്രാപിച്ച ഹിന്ദുത്വ രാഷ്ട്രീയവും തുടർന്നുണ്ടായ ബാബരി മസ്ജിദിന്റെ തകർച്ചയും ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചത്. ആഗോളതലത്തിൽ ഉയർന്നുവന്ന ‘ഭീകരത വിരുദ്ധ പോരാട്ട’വും ലക്ഷ്യം വെച്ചത് മുസ്‌ലിംകളെ ആയിരുന്നു. ഈ ആശങ്കകൾ അകറ്റുന്നതിൽ സാമ്പ്രദായിക മത, രാഷ്ട്രീയ കക്ഷികൾ വമ്പിച്ച പരാജയമായിരുന്നു. പക്ഷെ, ആ പരാജയങ്ങളെ തിരിച്ചറിയാനോ തിരുത്തലുകൾ വരുത്താനോ ആരും ഒരുക്കമായിരുന്നില്ല. ആത്മവിമർശനം നമുക്ക്‌ പറഞ്ഞ പണിയല്ലല്ലോ!!

ആശങ്കാജനകമാംവിധം വർഗ്ഗീയവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെയും മുഖ്യധാരാ സമൂഹത്തിന്റെയും മുന്നിൽ നല്ലപിള്ള ചമയാനുള്ള ശ്രമമാണ് എല്ലാവരും നടത്തിയത്.

തീവ്രവാദത്തെ സംബന്ധിച്ച മുഖ്യധാരാവ്യാഖ്യാനങ്ങൾക്ക് കീഴൊപ്പുവെച്ചു സ്വയരക്ഷക്ക് വേണ്ടി ലീഗ് നടത്തിയ ശ്രമങ്ങൾ വലതുപക്ഷ ശക്തികളുടെ താല്പര്യങ്ങളെയാണ് പ്രോത്സാഹിപ്പിച്ചത് എന്നു കൂടി ഗ്രന്ഥകാരൻ പറഞ്ഞു വെക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് നവസാമൂഹിക പ്രസ്ഥാനങ്ങളുടെ വളർച്ചയെ വിലയിരുത്തേണ്ടത്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, തുടങ്ങിയ സംഘടകൾ പുതിയ ആശങ്ങളുമായി രംഗത്ത് വന്നു. PDP, SDPI, വെൽഫയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗപ്രവേശനം ചെയ്തു.

ഈ സംഘടനകളെയൊക്കെ ഭീകരതയുടെ ലേബലൊട്ടിച്ചു മാറ്റി നിർത്താൻ പലപ്പോഴും മുസ്‌ലിം ലീഗ് അടക്കമുള്ള മത-രാഷ്ട്രീയ സംഘടനകൾ മുന്നിൽ നിന്നു. പിന്നീടുണ്ടായ രാഷ്ട്രീയ സമവാക്യങ്ങളുടെ ഭാഗമായി ചിലരൊക്കെ വലതും ചിലർ ഇടതും ചാരി നിൽക്കുന്നു എന്നേയുള്ളൂ.

PFI പോലുള്ള പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുന്ന കാര്യത്തിൽ സമുദായത്തിലെ മത-രാഷ്ട്രീയ സംഘടനകൾ അസാധാരണമായ ഐക്യം കണിച്ചു. RSS നെ നേരിടുന്ന കാര്യത്തിൽ അവർ സ്വീകരിക്കുന്ന നിലപാടാണ് ഇതിന് കാരണമെന്ന് മുസ്‌ലിം സംഘടനകൾ പറയുന്നു.

വലത് പക്ഷത്തേക്ക് മാറിയ വെൽഫയർ പാർട്ടിയുടെ ചുവട് മാറ്റത്തെതുടർന്ന് ഇപ്പോൾ സിപിഎം ജമാ അത്തെ ഇസ്ലാമിക്കെതിരെ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണം നേരത്തെ മുസ്‌ലിം സംഘടനകൾ നടത്തിയ പ്രചാരണത്തിന്റെ മാർക്സിയൻ വേർഷൻ മാത്രമാണ്. പത്രവും ചാനലും ഉള്ളത് കൊണ്ട് ജമാ അത്തിന് കുറെയൊക്കെ പ്രതിരോധിക്കാൻ കഴിയുന്നു എന്നത് സത്യമാണ്.

കാടടച്ചുള്ള ഈ വെടിവെപ്പിൽ മുങ്ങിപ്പോയത് സംഘടന ഉയർത്തിയ സാമൂഹിക പ്രസക്തമായ മുദ്രാവാക്യങ്ങളായിരുന്നു. കേരളത്തിൽ സമുദായത്തെ കൂടുതൽ വികേന്ദ്രീകൃത തലത്തിൽ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുകയും പ്രതിസന്ധികളിൽ നിയമ-പ്രക്ഷോഭ തലങ്ങളിലെ ഫലപ്രദമായ ഇടപെടലിലൂടെ ശക്തീകരിക്കുകയും വഴി നവ സാമൂഹിക പ്രസ്ഥാനങ്ങൾ പ്രയോഗതലത്തിൽ ജനാധിപത്യ പ്രതിരോധം ശക്തിപ്പെടുത്തി എന്നാണ് ചെക്കുട്ടിയുടെ വിലയിരുത്തൽ.

മുസ്‌ലിം ശക്തീകരണത്തിന് വിദ്യഭ്യാസ പ്രചരണവും നിയമപരമായ നടപടികളും വഴി പോപ്പുലർ ഫ്രണ്ട് നടത്തിയ സംരംഭങ്ങൾ സാമൂഹിക ശക്തീകരണ രംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കി എന്ന് ജർമ്മൻ ഗവേഷകൻ ആറന്റ് എമ്മെറിക്കിന്റെ പഠനം ഉദ്ധരിച്ചു ചെക്കുട്ടി വിശദീകരിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ പീഡനത്തിനെതിരെ- ഹാദിയ കേസ് ഉൾപ്പെടെ- സംഘടന നടത്തിയ നിയമ പോരാട്ടങ്ങളെ കുറിച്ചും എമ്മറിക് തന്റെ പഠനത്തിൽ വിശദീകരിക്കുന്നുണ്ട്. (Arandt Emmerich: Islamic Movements in India: Moderation and its Discontents).

സമുദായികതയിൽ ഊന്നിയ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ പാർശ്വവൽക്കരണം, സാമൂഹിക നീതിയുടെയും ശക്തീകരണത്തിന്റെയും മുദ്രാവാക്യങ്ങൾ തുടങ്ങിയ അജണ്ട മുന്നോട്ടുവെക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ മേഖലയിലെ സുപ്രധാന കാൽവെപ്പായി എമ്മറിക് വിശദീകരിക്കുന്നു.

കൂടാതെ, ഇസ്‌ലാമിക പ്രസ്ഥാനങ്ങളും മുസ്‌ലിം രാഷ്ട്രീയവും ഉദാര ജനാ ധിപത്യ സങ്കൽപ്പങ്ങളോട് കലഹിക്കുന്നവയാണെന്ന മതേതര-ലിബറൽ വയനകളെയും എമ്മറിക് ചോദ്യം ചെയ്യുന്നുണ്ട്.

പക്ഷെ ഭരണ കൂടത്തിന്റെയും മാധ്യമങ്ങളുടെയും കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന് പകരം അതിനോട് പ്രത്യക്ഷമയയോ പരോ ക്ഷമായോ യോജിക്കുകയും അത്തരം ആരോപണങ്ങൾക്കും വാർപ്പ് മാതൃകൾക്കും ശക്തി പകരുകയും ചെയ്യുന്ന സമീപനമാണ് പലരും സ്വീകരിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണം ഇതിന്റെ മികച്ച ഉദാഹരണമാണെന്ന അഭിപ്രായം ഇടത് ചിന്തകർ പോലും പങ്ക് വെക്കുന്നു എന്നത് ഒരു യഥാർഥ്യമാണ്.

പക്ഷെ, നവസാമൂഹിക പ്രസ്ഥാനങ്ങൾ പലതും ഇസ്ലാമികമായ ഉറവുകളിൽനിന്ന് പൊട്ടിപ്പുറപ്പെടുമ്പോൾ തന്നെ വിശാലമായ സാമൂഹിക ഐക്യത്തിനും പൗരവകാശങ്ങൾക്കും ഊന്നൽ കൊടുക്കുന്നുണ്ട്. ഇസ്‌ലാമിക സമൂഹത്തിൽ ജനാധിപത്യ വൽക്കരണ ത്തിന് ഉതകുന്ന ധാരകൾ അവയിൽ പ്രകടമാണ് എന്നാണ് ചെക്കുട്ടി നിരീക്ഷിക്കുന്നത്.

ഒരുകാലത്തു ശരീഅഃത്ത് സംരക്ഷണം, അറബി, ഉർദു ഭാഷകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന മുസ്‌ലിം നേതൃത്വം വിശാലമായ ജനാധിപത്യ- പൗരവകാശ പ്രശ്നങ്ങളിലേക്ക് കൂടി തിരിഞ്ഞത് സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളുടെ സൂചനയാണെന്നും അദ്ദേഹം പറയുന്നു.

മതേതര സമൂഹത്തിൽ ഇസ്‌ലാം വഹിക്കുന്ന പങ്കിനെക്കുറിച്ച് ഹാവാർഡ് സർവ്വകലാശാലയിലെ Asutosh Varshney യുടെ പഠനം ഉദ്ധരിച്ചു അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. മുസ്ലിം മത-രാഷ്ട്രീയ സംഘടനകൾ സജീവ സാനിധ്യം നിലനിർത്തുന്ന കോഴിക്കോട് പോലെയുള്ള പട്ടണങ്ങളിൽ നിലനിൽക്കുന്ന സാമൂഹിക ജീവിതത്തിലെ പാരസ്പര്യം ജാഗരൂക മായ ഒരു പൊതുസമൂഹത്തിന്റെ സൃഷ്ടി യിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് ചെക്കുട്ടി നിരീക്ഷിക്കുന്നു.

മുൻവിധികൾ മാറ്റിവെച്ച്, ഭിന്ന സമൂഹങ്ങളെയും പ്രസ്ഥാനങ്ങളെയും പൊതുവായ താല്പര്യങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അടിസ്ഥാനത്തിൽ ഉൾകൊള്ളാനുള്ള സന്നദ്ധതയാണ് ഫലപ്രദമായ പൗര സമൂഹത്തിന്റെ നിർമ്മിതിക്കുള്ള മുന്നുപാധി എന്നാണ് ചെക്കുട്ടിയുടെ വിലയിരുത്തൽ.

മുസ്‌ലിം മത-രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഈ നിരീക്ഷണങ്ങളിൽനിന്ന് ഒരു പാട് പഠിക്കാനുണ്ട് എന്നതാണ് സത്യം.

Tags: , , , , , ,