കേരളത്തിന്റെ ജനസംഖ്യയുടെ നാലിലൊന്നിലധികം വരുന്ന മുസ്ലിം സമൂഹം ഒരു നൂറ്റാണ്ടിന്റെ പ്രയാണം പൂർത്തിയാക്കി ചരിത്രപരമായ ഒരു ദശാസന്ധിയിൽ എത്തിനില്‍ക്കുകയാണ് . 1921ലെ മാപ്പിള സമരത്തെത്തുടർന്ന് നേരിട്ട ക്രൂരമായ അടിച്ചമര്‍ത്തലിന് ശേഷം അസാധ്യമെന്ന് തോന്നിച്ച അതിജീവനത്തിന്റെ സംഭവബഹുലമായ നൂറ് വർഷങ്ങളാണ് കടന്നുപോയത്. പിന്നിട്ട പാതകള്‍ പട്ടുമെത്തയായിരുന്നില്ലെന്ന് ചരിത്രം സാക്ഷി.
ഇതിനകം മത-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ സമൂലമായ പരിവർത്തനത്തിന് സമുദായം വിധേയമായിട്ടുണ്ട്. ഇന്ന് കേരളത്തിന്റെ മുഖ്യധാരയില്‍ അവഗണിക്കാനാവാത്ത സാനിധ്യമായി മാറാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. വിദ്യഭ്യാസമാണ് ഈ മാറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ച ഏറ്റവും പ്രധാന ഘടകമെന്ന് സാമൂഹിക നിരീക്ഷകര്‍ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ഊന്നലുകളിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാ മത രാഷ്ട്രീയ സംഘടനകളും ഈ വളര്‍ച്ചയില്‍ അവരുടേതായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്.
നൂറ് വയസ്സു തികഞ്ഞ കേരള ജംഇയ്യത്തുല്‍ ഉലമയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അവരുടെ നൂറാം വാര്‍ഷികം ഈയിടെ സാമുചിതമായി ആഘോഷിച്ചു. പക്ഷേ കടന്നുപോയ കാലത്തെക്കുറിച്ച് വസ്തുനിഷ്ഠമായ വിലയിരുത്തലോ പുതിയ കാലത്തേക്കായി കരുതിവെക്കേണ്ട പാഥേയത്തെകൂറിച്ച് ഗൗരവപരമായ ചര്‍ച്ചകളോ നടന്നില്ല എന്നതാണു സത്യം.
ഭാവിയെലേക്കുള്ള മുന്നൊരുക്കത്തെക്കുറിച്ച് സമുദായ നേതൃത്വത്തിലെ പലരോടും സംസാരിച്ചപ്പോൾ കിട്ടിയ പ്രതികരണങ്ങളും ഒട്ടും ആശാവഹമായിരുന്നില്ല. ഈ പശ്ചാ തലത്തിലാണ് ഇത്തരമൊരു ചർച്ചക്ക് മുതിർന്നത്.
ഇന്ന്, കേരളത്തിലെ ഏതെണ്ടെല്ലാ മുസ് ലിം സംഘടനകളും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും അടിസ്ഥാന വിദ്യഭ്യാസവുമാണ് അവരുടെ മുന്‍ഗണകള്‍.
അത്തരമൊരു ഘട്ടം പിന്നിട്ട് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞ കേരളീയ മുസ്ലിം സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ അതേ സ്റ്രാറ്റജി മതിയാവില്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാവും. മുന്‍ഗണനകളിലും നയനിലപാടുകളിലും സമൂലമായ അഴിച്ചു പണി അനിവാര്യമാണെന്നര്‍ഥം. പക്ഷേ ഈ ദിശയില്‍ സമുദായ നേതൃത്വത്തിന്റെ കാര്യമായ ശ്രദ്ധ പതിഞ്ഞിട്ടില്ല എന്നതാണ് സത്യം.
നിലവിലുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ സംഘടനകൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ അവ എത്ര മാത്രം പ്രാപ്തമാണ് എന്നതിനെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ അനിവാര്യമാണ്.
പല മേഖലകളിലും സമുദായം ബഹുദൂരം മുന്നേറിയിട്ടുണ്ടെങ്കിലും അവ മുന്‍ കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഫലമായിരുന്നുന്നില്ല. അതിവേകം മുന്നേറിക്കൊണ്ടിരുന്ന കേരളീയ പൊതുസമൂഹത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍ പലരും നിര്‍ബന്ധിതരാക്കപ്പെടുകയായിരുന്നു. അതിനനുസരിച്ച് ബോധപൂര്‍വ്വവും അല്ലാതെയുമുള്ള നീക്ക്പോക്കുകള്‍ എല്ലാവരും നടത്തിയിട്ടുണ്ട്, പലരും അത് അംഗീകരിച്ചു തരില്ലെങ്കിലും. സ്ത്രീ വിദ്യാഭ്യാസം നല്ല ഉദാഹരമാണ്. അത് ഗുണപരമായ വലിയ മാറ്റങ്ങള്‍ക്ക് കരണമായിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.
പൊളിച്ചെഴുത്താണാവശ്യം
അടിസ്ഥാനപരമായി മുസ്ലിം സംഘടനകള്‍ എല്ലാംതന്നെ പാരമ്പര്യമായ സംഘടനാ ചട്ടക്കൂട് പിന്തുടരുന്നവരാണ്. സുതാര്യവും യോഗ്യത അടിസ്ഥാനമാക്കിയുള്ളതുമായ കൃത്യമായ പിന്തുടർച്ചാ സംവിധാനങ്ങൾ ഭൂരിഭാഗത്തിനും ഇല്ല. ആജീവനാന്തം പ്രസിഡണ്ടും സെക്രട്ട്രറിയുമായി തുടരുന്നതാണ് പൊതുവേയുള്ള രീതി. പ്രായവും പാണ്ഡിത്യവും കൊണ്ട് ഇവർ സമൂഹത്തിന്റെ ആദരവ് പിടിച്ചു പറ്റുന്നുണ്ടെങ്കിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെയും ആഗോള സംസ്കാരത്തെയും മനസ്സിലാക്കാനോ അതിനനുസരിച്ച് പൊതു സമൂഹവുമായി സംവദിക്കാനോ ഇത്തരം നേതൃത്വങ്ങൾ പ്രാപ്തരാണോ എന്നത് പ്രസക്തമായ ചോദ്യമാണ്. അതേസമയം, വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ വലിയൊരാളവോളം കൃത്യമായ ജനാധിപത്യ രീതികള്‍ പിന്തുടരുന്നുണ്ട്.
പ്രതീക്ഷകളും വെല്ലുവിളികളും
വിദ്യാഭ്യാസ രംഗത്ത് നേടിയ അസൂയാവഹമായ പുരോഗതിയുടെ ഭാഗമായി അറിവും നൂതന കഴ്പ്പാടുമുള്ള ഒരു സര്‍ഗ്ഗാത്മക ന്യൂനപക്ഷം സമുദായത്തില്‍ വളര്‍ന്ന് വന്നിട്ടുണ്ട്. പ്രത്യേകിച്ചും ഉയർന്ന വിദ്യാഭ്യാസവും തൊഴിലും നേടിയ സ്ത്രീ സമൂഹം. പുതിയ നൂറ്റാണ്ടിന്റെ ചാലക ശക്തികളില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുക ഈ വിഭാഗമായിരിക്കുമെന്ന് സാമൂഹിക നിരീക്ഷകര്‍ പറയുന്നു.
1960കൾ മുതൽ, ആധുനികതയുമായി ഇടപഴകുന്നതിൽ മുസ് ലിംകള്‍ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സമുദായത്തിന്റെ സാനിധ്യം ഇന്ന് പൊതുസമൂഹത്തിൽ വളരെ പ്രകടമാണ്. ഇനി പുതിയ അന്വേഷണങ്ങളും കർമ്മ പദ്ധതികളുമാണ് വേണ്ടതെന്നാണ് മുതിർന്ന പത്രപ്രവർത്തകൻ എൻ. പി. ചെക്കുട്ടി അഭിപ്രായപ്പെടുന്നത്.
“ഇന്ന്, മുസ് ലിംകൾ മാറ്റങ്ങള്‍ ഉല്കൊള്ളാന് കൂടുതൽ ഉത്സുകരാണ്. സ്ത്രീകളുടെ സാമൂഹികനില ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഇത് പരിഷ്കരണത്തിനുള്ള ശക്തമായ ആന്തരിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. വളരെ വേഗം, ഈ സാമൂഹിക മൂലധനം സമ്പൂർണ്ണ പരിവർത്തനത്തിന് പിന്നിലെ പ്രേരകശക്തിയായി മാറും,” അദ്ദേഹം പറയുന്നു.
ഈ ഗുണപരമായ മാറ്റങ്ങളുടെ കൂടെ നില്ക്കാന് സമുദായ നേതൃത്വം തയ്യാറാവണം. മാറ്റങ്ങളോടുള്ള വിമുഖത മുസ്ലിം സംഘടനകളിൽ മാത്രം കാണുന്ന കാര്യമല്ല. പക്ഷെ, കാലത്തിന്റെ കുത്തൊഴിക്കില്‍ അത്തരം തടസ്സങ്ങൾ ഒലിച്ചു പോകുമെന്നുറപ്പാണ്, ചെക്കുട്ടി പറയുന്നു.
മലബാറിലെ സാമൂഹിക ജീവിതത്തേകുറിച്ച് വലിയ പിടിപാടില്ലാത്ത ചില നേതാക്കള്‍ മുസ് ലിംകൾ പലതും അനര്‍ഹമായി നേടുന്നു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു എന്നത് ശരിയാണ്. പക്ഷേ ഇവിടെ ജീവിക്കുന്ന ഇതര സമുദായങ്ങള്‍ക്ക് അങ്ങിനെ അഭിപ്രായമില്ല. അവര്‍ മുസ് ലിം ജീവിതം നേരില്‍ കാണുന്നവരാണ്. കൂടാതെ, കണക്കുകള്‍ ഈ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ മാത്രം വ്യക്തവുമാണ്.
“ഗള്‍ഫ് പണം സമുദായ പുരോഗതിയില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ പ്രതിസന്ധി ഘട്ടങ്ങളില്‍ അതിവേകം പുതിയ വഴികള്‍ കണ്ടെത്താന്‍ പുതിയ തലമുറക്ക് കഴിയുന്നു എന്നാണ് അനുഭവം. പാരമ്പര്യമായി തന്നെ ഒരു റിസ്ക് ടേക്കിങ് കമ്മ്യൂണിറ്റിയാണ് മുസ്ലിംകൾ,” അദ്ദേഹം പറയുന്നു.
ഉന്നത വിദ്യാഭ്യാസമുള്ളവരും സാമൂഹിക ബോധവുമുള്ള യുവതലമുറയുടെ – പ്രത്യേകിച്ച് പെൺകുട്ടികളുടെ – വളര്‍ച്ച പുതിയ ഒരു യുഗത്തിന്റെ കേളികൊട്ടായി കാണണമെന്നാണ് ഫാറൂഖ് കോളേജ് ഡിപാര്‍ട്ട്മെന്റ് ഓഫ് സോഷ്യോളജി അസോസിയേറ്റ് പ്രൊഫസറും ഗവേഷകയുമായ ഡോ ഷൈലുജാസിന്റെ നിരീക്ഷണം.
ഈ മാറ്റം ഏറ്റവും പ്രകടമാവുന്നത് മലപ്പുറത്താണ്. ചരിത്രപരമായി നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അന്താ രാഷ്ട്ര വാണിജ്യ സാംസ്കാരിക ബന്ധങ്ങളിലൂടെ ഒരു കോസ്മോപൊലിറ്റൻ കൾച്ചർ കോഴിക്കോടിന് ഉണ്ടായിരുന്നു. പക്ഷെ, വിദേശ യൂണിവേഴ്സിറ്റികളിലൂടെയും ഗൾഫ് ബന്ധങ്ങൾ വഴിയും അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്താൻ അവസരം ലഭിച്ച ആദ്യ തലമുറയാണ് മലപ്പുറത്തെ പുതിയ വിദ്യാർത്ഥി സമൂഹം. അതിന്റെ ചടുലതയും ആവേശവും അവരിൽ വളരെ പ്രകടമാണ്, ഷിലുജാസ് നിരീക്ഷിക്കുന്നു.

“ഇത് ഒരേസമയം വലിയ പ്രതീക്ഷയും വെല്ലുവിളിയുമാണ്. ഈ പ്രതിസന്ധികളെ നാം എങ്ങനെ മറികടക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സമുദായത്തിന്റെ ഭാവി,” അവര്‍ പറയുന്നു.
മാറ്റത്തിന്റെ പതാകവാഹകരായ ഈ പെൺകുട്ടികള്‍ മതനിഷേധികളോ മത വിരുദ്ധരോ അല്ല. ഇസ് ലാമിന്റെ ചട്ടക്കൂടിനകത്ത് നിന്ന്കൊണ്ട് തന്നെ മാറ്റങ്ങള്‍ സാധ്യമാണ് എന്ന് വിശ്വസിക്കുന്നവരാണ്. പക്ഷേ ആ മാറ്റങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍ നിലവിലുള്ള പുരുഷസമൂഹത്തിന് കഴിയുന്നില്ല എന്നതാണ് ഇപ്പോള്‍ കാണുന്ന പ്രശ്നങ്ങളുടെ മര്‍മം. ആസൂത്രിതവും ക്രിയാതമകവുമായ വഴികളിലേക്ക് ഈ ഊര്‍ജ്ജം വഴിതിരിച്ചുവിടാന്‍ സാധിച്ചാല്‍ അത് വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും, അവര്‍ പറയുന്നു.
മതനേതൃത്വം തന്നെ ഇക്കാര്യത്തിൽ മുൻ കയ്യെടുക്കുകയാണ് വേണ്ടത്. അതിന് ആചാരനിബദ്ധമായ മതത്തിനപ്പുറം വിശ്വാസത്തിന്റെ വിശാല ഭൂമികയില്‍ നിന്നുകൊണ്ട് കാര്യങ്ങളെ നോക്കിക്കാണാനുള്ള പ്രാപ്തി നേതൃത്വം നേടേണ്ടതുണ്ട്. വൈവിധ്യങ്ങളെ ഉൾകൊള്ളാനുള്ള വിശാല വീക്ഷണങ്ങൾ രൂപപ്പെടേണ്ടതുണ്ട്, ശൈലുജാസ് പറയുന്നു.
പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സമൂലമായ അഴിച്ചുപണിക്ക് സംഘടനകള്‍ തയ്യാറവേണ്ടതുണ്ട്. പ്രവര്‍ത്തനങ്ങളില്‍ കൂടുതൽ സുതാര്യതയും, പ്രൊഫഷണൽ മാനേജ്മെന്റും, വിഭവങ്ങളുടെ തന്ത്രപരമായ വിനിയോഗവും അതിന് അനിവാര്യമാണ്. യോഗ്യരായ പ്രൊഫഷണലുകളെയും സ്ത്രീകളെയും നേതൃത്വപരമായ റോളുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടും സംഘടനകള്‍ക്കകത്ത് കൂടുതല്‍ ജനാധിപത്യവും അധികാര വികേന്ദ്രീകരണവും നടപ്പിലാക്കിക്കൊണ്ടും മാത്രമേ ഇത് സാധ്യമാവൂ.
മാറ്റിയെഴുതേണ്ട മുൻഗണനകൾ
Rights, Rituals and Revivalism (അവകാശങ്ങള്‍, ആചാരങ്ങള്‍, പുനരുദ്ധാനം). മുസ്ലിം മത രാഷ്ട്രീയ സംഘടനകളുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഈ മൂന്ന് മൂലാധാരങ്ങളില്‍ സംഗ്രഹിക്കാമെന്ന് തോന്നുന്നു. എല്ലാ അര്‍ഥത്തിലും പിന്നാക്കം നിന്ന ഒരു സമൂഹമായിട്ടും ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ സമുദായം നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് വാസ്തവം. കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ അത്തരം പോരാട്ടങ്ങള്‍ക്ക് ഇനിയും പ്രസ്ക്തിയുണ്ട്.
ഒരു ആദര്‍ശ സമൂഹമെന്ന നിലക്ക് തങ്ങളുടെ വ്യതിരിക്തമായ ഐഡെന്റിറ്റി സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഈ രീതിയില്‍ തന്നെ കാണേണ്ടതാണ്. പക്ഷേ, കാലം പുതിയ നയങ്ങളും തന്ത്രങ്ങളും ആവശ്യപ്പെടുന്നുണ്ട്. പ്രതിരോധ സംരക്ഷണവാദ (protectionism)ത്തിൽ നിന്ന് സൃഷ്ടിപരമായ പങ്കാളിത്തത്തി (constructive participation)ലേക്കുള്ള ഒരു പരിവർത്തനം കർമ്മ പദ്ധതികളിൽ ആവശ്യമാണ്.
സര്‍ഗ്ഗാത്മകമായ നയനിലപാടുകള്‍ രൂപീകരിക്കുന്നതിനും ആശയവിനിമയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനും ആവശ്യമായ മനുഷ്യ വിഭവശേഷി വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണം. അസൂത്രിതമായ സോഷ്യല്‍ എഞ്ചിനീറിങ്ങിന് സഹായകമാവുന്ന പഠന ഗവേഷണ കേന്ദ്രങ്ങളും ഡാറ്റ കേന്ദ്രങ്ങളുമാണ് ഇനി വേണ്ടത്.
മാറുന്ന കാലം മാറാത്ത മതം
ചരിത്രപരമായി, സാമൂഹിക ഐക്യം നിലനിർത്തുന്നതിലും സമുദായത്തെ മുന്നോട്ട് നയിക്കുന്നതിലും ഉലമാക്കൾ നിർണായക പങ്ക് വഹിചിട്ടുണ്ട്. മതപരമായ അധികാര കേന്ദ്രങ്ങള്‍ എന്ന നിലയിൽ മാത്രമല്ല, പരിവര്‍ത്തന പാതയില്‍ സമൂഹത്തെ ഒന്നിച്ചു നിർത്തുന്നതിലും അവർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കേരളത്തിലെ ഉലമ പാരമ്പര്യം ഒരിക്കലും മുസ്ലീങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു കർശന ഘടനയായിരുന്നില്ല. സാമൂഹികവും മതപരവുമായ ജീവിതത്തിൽ പണ്ഡിതരുടെ നിലപാടുകള്‍ വളരെയധികം വിലമതിക്കപ്പെടുന്നുണ്ടെങ്കിലും, സമൂഹത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, മുന്നേറ്റം കുടുംബങ്ങൾ, വ്യാപാര ശൃംഖലകൾ, രാഷ്ട്രീയ സംഘടനകൾ, പരിഷ്കരണ പ്രസ്ഥാനങ്ങൾ എന്നിവയിലൂടെ പരിണമിച്ചു ഉണ്ടായതാണ്.
ഡൽഹി സർവകലാശാല ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. പി കെ യാസർ അറഫാത്ത് സൂചിപ്പിക്കുന്നത് പോലെ, ആഗോളവൽക്കരണം, കുടിയേറ്റം, ഡിജിറ്റൽ വിജ്ഞാന വിസ്ഫോടനം തുടങ്ങി അതിവേകം മാറിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങളോട് നിലവിലുള്ള നേതൃത്വ ഘടനകൾക്ക് എത്രത്തോളം ക്രിയാത്മകമായി പ്രതികരിക്കാൻ കഴിയും എന്നതാണ് കാതലായ ചോദ്യം.
പെണ്ണെന്ന പ്രശ്നം
“ലിംഗവിവേചനം ഇപ്പോഴും ഒരു പ്രശ്നമായിത്തന്നെ തുടരുന്നു. സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ് വിശാലമായ സാമൂഹിക പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുമ്പോൾ, അവരെ നിർണായക നേതൃത്വ സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നത് സംഘടനാ പ്രവർത്തനങ്ങൾ ഇസ്ലാമിന്റെ മൂല്യ സങ്കല്പങ്ങളോട് കൂടുതൽ നീതി പുലര്‍ത്തുന്ന തരത്തിലേക്ക് ഉയർത്താൻ ഉപകരിക്കും,” എന്നാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ ശാക്തീകരണ സംഘടനയായ The Women Empowerment and Educational Trust (TWEET) ഡയറക്ടര്‍ ഡോ. ഷർണാസ് മുത്തു അഭിപ്രായപ്പെടുന്നത്.

ഈ രംഗത്ത് ആശാവഹമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പോലുള്ള രാഷ്ട്രീയ സംഘടനകൾ സ്ത്രീ പങ്കാളിത്തത്തിനുള്ള ഇടങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ പ്രക്രിയ ഇപ്പോഴും പ്രാരംഭ ദശയിലാണ്.
“അതേസമയം, നേതൃത്വത്തിലെ ലിംഗപരമായ അസന്തുലിതാവസ്ഥ മുസ്ലീം സമൂഹത്തിന് മാത്രമുള്ളതല്ലെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. കേരളത്തിലെ പല സമൂഹങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും ഇത് ഒരു ഘടനാപരമായ പ്രശ്നമായി തുടരുന്നു. എന്നിരുന്നാലും, മുസ്ലീം സമൂഹം പലപ്പോഴും ലിംഗപരമായ പ്രശ്നങ്ങളിൽ പൊതുസമൂഹത്തിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നു. ഈ വിഷയം യുക്തിപൂ ര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്,” ഡോ അറഫാത്ത് പറയുന്നു.
ആത്യന്തികമായി, നേതൃത്വ ഘടനകളിലേക്ക് സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് പ്രാതിനിധ്യത്തിന്റെ മാത്രം പ്രശനമല്ല, വരും ദശകങ്ങളിൽ ബൗദ്ധിക ചൈതന്യവും സാമൂഹിക ചലനാത്മകതയും നിലനിർത്തുന്നതിന് ഇത് അനിവാര്യവുമാണ്, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തർക്കങ്ങൾക്കൊരു മൊറൊട്ടോറിയം
ആശയപരമായ തര്‍ക്ക വിതര്‍ക്കങ്ങള്‍ മുസ്ലിം നിത്യജീവിതത്തിന്റെ ഭാഗമാണ്. പലരുടെയും അടിസ്ഥാന സംഘടന പ്രവര്‍ത്തനം തന്നെ ഇത്തരം തര്‍ക്കങ്ങളാണ്. ആരോഗ്യകരമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെങ്കിലും ബാലിശവും നിരർത്ഥകവുമായ തര്‍ക്കങ്ങളുടെ കാലം കഴിഞ്ഞു എന്ന് അത്തരം ഗ്രൂപ്പുകൾ ഇനിയെങ്കിലും മനസ്സിലാക്കിയേ മതിയാവൂ.
പകരം, പുതിയ സമൂഹ നിര്മ്മിതിക്കാവശ്യമായ വിഭവ സമാഹാരണത്തെക്കുറിച്ചും ബുദ്ധിപരമമായ മൂലധനം സ്വരൂപിക്കുന്നതിനെ കുറിച്ചും ഗൗരവമുള്ള ചര്‍ച്ചകളാണ് ഉയർന്നു വരേണ്ടത്.
നിരര്‍ഥകമായ ദൈവശാസ്ത്ര ചര്‍ച്ചകള്‍ക്കും വ്യക്തിഹത്യകള്‍ക്കും പകരം സമൂഹത്തിന്റെ ക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള ഗുണപരമായ ചര്‍ച്ചകളിലേക്ക് സംഘടനകള്‍ മടങ്ങേണ്ടതുണ്ട്. പൊതുവായ ലക്ഷ്യങ്ങൾക്കായി വിഭവങ്ങളൂടെ കൂട്ടായ സമാഹാരണത്തിനും വിനിയോഗത്തിന്മുള്ള പുതിയ വേദികൾ രൂപപ്പെടുത്തുക വഴി അനാരോഗ്യകരമായ സംഘടനാ മത്സര്യങ്ങള്ക്ക് തടയിടാന്‍ കഴിയും. സാർവത്രിക മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുക വഴി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കേരളത്തിലെ ബഹുസ്വര സമൂഹത്തോട് സംവദിക്കാന്‍ സഹായിക്കും.

ദൈവശാസ്ത്രപരമായ ചര്‍ച്ചകള്‍ പലപ്പോഴും സമുദായത്തിന്റെ ഊര്‍ജ്ജം ദുര്‍വ്യയം ചെയ്യുന്ന തരത്തിലേക്ക് തരംതാഴുന്ന അനുഭവങ്ങള്‍ ധാരളമായി കാണാം. ഒരുകാലത്ത് ആശയപരമായ തര്‍ക്കങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന അത്തരം ചര്‍ച്ചകള്‍ നേതാക്കള്‍ തമ്മിലുള്ള ഈഗോ ക്ലാശിലേക്കും സാമ്പത്തിക താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള വിലകുറഞ്ഞ ആരോപണങ്ങളിലേക്കും തരം താഴ്ന്നിട്ടുണ്ട്.
കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന് സംഭവിച്ച അപചയം സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നത് അത്കൊണ്ടാണ്. കേരളീയ മുസ്ലിം നവോഥ്ദ്ദാനത്തിന്റെ മുന്നില്‍ നടന്ന ഒരു പ്രസ്ഥാനം ഇന്നെത്തിപ്പെട്ടിരിക്കുന്ന അതിദയനീയമായ തകര്‍ച്ച ആരെയും വേദനിപ്പിക്കുന്നതാണ്. സ്ഥല-കാല ഭേദങ്ങൾ പരിഗണിക്കാതെയുള്ള പ്രമാണങ്ങളുടെ അന്ധമായ അക്ഷര വായനയും സാമ്പത്തിക താല്പര്യങ്ങളുമാണ് ഈ പിളര്‍പ്പുകളുടെ കാതല്‍ എന്ന് ദീര്‍ഘ കാലം പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ മുജീബ് റഹ്മാന് കിനാലൂര്‍ സാക്ഷ്യപ്പെടുത്തുന്നു.
“1990ല്‍ കളിൽ ആരംഭിച്ച പെട്രോ-ഡോളർ സലഫിസത്തിന്റെ സ്വാധീനം ഇസ്ലാഹി പ്രസ്ഥാനം അതുവരെ പിന്തുടര്ന്നു പോന്ന സകല മൂല്യങ്ങളുടെയും കടക്കല്‍ കത്തിവെക്കുന്ന തരത്തിലായിരുന്നു. കേരളത്തിന്റെ സവിശേഷമായ ബഹുസ്വര സംസ്കാരമോ പശ്ചാത്തലമോ പരിഗണിക്കാതെയുള്ള പ്രമാണ വായനകള്‍ ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറുന്ന തരത്തിലേക്ക് പരിണമിച്ചു. അതിന്റെ പ്രത്യാഘാത ങ്ങള് ഇന്നും തുടരുന്നു,” മുജീബ് റഹ്മാന് പറയുന്നു.
വിശ്വാസം പ്രയോഗവൽക്കരിക്കപ്പെടുന്ന സമൂഹത്തിലെ സവിശേഷ സാഹചര്യങ്ങൾക്കനുസരിച്ച് ആശയങ്ങളെ വിശകലനം ചെയ്യാനും മാറുന്ന സാമൂഹിക സാഹചര്യങ്ങളുടെ തേട്ടത്തിനനുസരിച്ച് സമൂഹത്തെ നയിക്കുന്നതിലും മത നേതൃത്വങ്ങൾക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ഇത് കുറ്റം കണ്ടെത്താനുള്ള ശ്രമമല്ല. പുതിയ കാലത്തിനൊപ്പം സമൂഹത്തെ നയിക്കാന്‍ സ്വയം പരിവര്‍ത്തനത്തിന് തയ്യാറെടുക്കാനുള്ള ഓര്‍മപ്പെടുത്തലാണ്, അദ്ദേഹം വിശദീകരിക്കുന്നു.
ഒരു നൂറ്റാണ്ടു മുമ്പ് രൂപംകൊണ്ട മുസ്ലിം ഐക്യസംഘത്തിന്റെ സമ്മേളനങ്ങളോടൊപ്പം കാർഷിക മേളകള്കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നു എന്നോര്‍ക്കുക. ഒരു നൂറ്റാണ്ടിനിപ്പുറവും സാമ്പ്രദായിക മതത്തിന്റെ ചട്ടക്കൂടിനകത്തുനിന്നു പുറത്തു കടക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ഗൗരവപൂര്‍വ്വം ആലോചിക്കേണ്ട വിഷയമാണ്, മുജീബ് റഹ്മാൻ പറയുന്നു.
ലിംഗഭേദം, വ്യക്തിനിയമം, ഇതര മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം തുടങ്ങിയ വിഷയങ്ങളില്‍ കാര്യമായ പുനര്‍വിചിന്തനം ആവശ്യമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഉമ്മത്തെന്ന വെറും വാക്ക്
ഗ്രന്ഥകാരനും വിവര്‍ത്തകനുമായ എ കെ അബ്ദുൾ മജീദ് സൂചിപ്പിക്കുന്നത് പോലെ, മുസ്ലിം സംഘടനകള്‍ ഓരോന്നും സ്വയം പര്യാപ്തമായ തുരുത്തുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമായ മേഖലകള്‍ ധാരാളം ഉണ്ടായിട്ടും ബാലിശമായ ‘ആദര്‍ശ’ തര്‍ക്കങ്ങളുടെ പേരില്‍ വിശാലമായ സമുദായ താല്പര്യങ്ങള് ബലികഴിക്കപ്പെടുന്നു.
സെകുലര്‍ വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ആശയ രംഗത്ത് സമുദായം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അപൂര്‍വമാണ്. വിദ്യഭ്യാസപരമായി ബഹുദൂരം മുന്നേറിയെങ്കിലും മത വിദ്യഭ്യാസത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ കാര്യമായ നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. മദ്രസ പാഠ്യപദ്ധതിയുടെ പരിഷ്കരണത്തെ കുറിച്ചുള്ള ചർച്ചകൾ ഇന്നും അനന്തമായി തുടരുകയാണ്.

“മതത്തിന്റെ കേവല ചട്ടക്കൂടിന് പുറത്തുള്ള ലോകത്തെക്കുറിച്ചുള്ള അറിവും ധിക്ഷണയുമുള്ള പണ്ഡിതന്മാര് ഇന്നും അധികമില്ല. നാസ്തികത, എക്സ് മുസ്ലിം, നവലിബറലിസം, സാമ്രാജ്യത്വം, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ യുക്തിഭദ്രമായി നേരിടാന്‍ കഴിവുള്ള പണ്ഡിതന്മാര് വിരലിലെണ്ണാൻ പോലുമില്ല എന്നതാണ് സത്യം, അദ്ദേഹം പറയുന്നു.
സംഘടനകള്‍ക്കതീതമായ സഹകരണത്തിന് വലിയ സാധ്യതകള്‍ ഉണ്ടായിട്ടും സംഘനകളുടെ പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നതിനാണ് ഊർജ്ജം മുഴുവനായി ചെലവഴിക്കപ്പെടുന്നത് എന്നത് ഒരു വസ്തുതയാണ്.
പണം പ്രവാസത്തിനുമപ്പുറം
സമുദായത്തിന്റെ സാമ്പത്തിക നിലവാരത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വ്യാപാരത്തിന്റെയും കുടിയേറ്റത്തിന്റെയും സ്വാധീനത്താൽ ചരിത്രപരമായി രൂപപ്പെട്ട സമൂഹത്തിന്റെ വളർച്ചയില്‍ ഗള്‍ഫ് പ്രവാസം നിര്‍ണയകമായ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ വിനിയോഗത്തെക്കുറിച്ച് വലിയ വിമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്.
സുസ്ഥിര വരുമാനം നിലനിര്‍ത്തനുള്ള ബദല്‍ സംവിധാനങ്ങളെക്കുറിച്ച് ഗൌരവപൂര്‍വം ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എ പി കുഞ്ഞാമുവിന്റെ അഭിപ്രായം.
എന്നാല്‍ ഡോ യാസര്‍ അറഫാത്ത് ഈ വിഷയത്തെ കുറച്ചു കൂടി വിശാലമായ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് വിലയിരുത്തണം എന്ന അഭിപ്രായക്കാരനാണ്. പ്രവാസവും കേരളത്തിലെ മുസ്ലീങ്ങളുടെ സാമ്പത്തിക വളർച്ചയും തമ്മിലുള്ള ബന്ധം പലപ്പോഴും ഒരു പെട്ടെന്നുള്ള ചരിത്രപരമായ വിള്ളൽ പോലെയാണ് അവതരിപ്പിക്കപ്പെടുന്നത്. വാസ്തവത്തിൽ, അത്തരം വ്യാഖ്യാനങ്ങൾ ചലനാത്മകതയുടെയും സമുദ്ര വിനിമയത്തിന്റെയും വളരെ നീണ്ട ചരിത്രത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്.
“കേരളത്തിലെ മുസ്ലീങ്ങൾ ചരിത്രപരമായി ഒരു കുടിയേറ്റ-വ്യാപാര സമൂഹമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, മലബാറിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലേക്ക് ഗണ്യമായ കുടിയേറ്റങ്ങൾ ഉണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽ നിന്നുള്ള പണം പ്രാദേശിക സമ്പദ്വ്യവസ്ഥകളെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ആ അർത്ഥത്തിൽ, ഗൾഫ് കുടിയേറ്റം പഴയ ചലനാത്മക രീതികളുടെ തുടർച്ചയെയാണ് പ്രതിനിധീകരിക്കുന്നത്,” അദ്ദേഹം പറയുന്നു.
പ്രവാസത്തിന്റെ ആദ്യ ദശകങ്ങളിൽ മൂലധനത്തിന്റെ ഒരു പ്രധാന ഭാഗം വിദ്യാഭ്യാസം, മദ്രസകൾ, സ്കൂളുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, അനാഥാലയങ്ങൾ എന്നിവയിൽ നിക്ഷേപിക്കപ്പെട്ടു, ഇത് സാമൂഹിക ചലനാത്മകത വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
കൊട്ടാര സമാനമായ പള്ളികൾ, വീടുകള്‍, ആഡംബര വിവാഹങ്ങൾ തുടങ്ങിയ നിർജീവ ആസ്തികളിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിമർശനവും ഈ വീക്ഷണകോ ണിലൂടെ കാണണം. യാസർ നിരീക്ഷിക്കുന്നതുപോലെ, ഇവ ദൂർത്തിനപ്പുറം അഭിലാഷങ്ങളുടെ പ്രകടനത്തെയും സാമൂഹിക ചലനാത്മകതയെയും കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്.
പക്ഷെ, വിഭവങ്ങളുടെ ആസൂത്രിതവും ഫലപ്രദവുമായ വിനിയോഗമാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ആചാരാനുഷ്ഠനങ്ങൾക്കപ്പുറം സമൂഹ നിർമ്മിതിക്ക് പ്രചോദനമാകുന്ന മതത്തിന്റെ സാമൂഹിക വശങ്ങൾക്ക് ഊന്നൽ നൽകപ്പെടണം. ആധുനിക ജനാധിപത്യ മൂല്യങ്ങൾക്കനുസ്രതമായി സംവിധാങ്ങൾ പുനഃ സംഘടിപ്പിക്കപ്പെടണം. അസ്തിത്വ ഭീഷണി ഉയർത്തുന്ന ഹിന്ദുത്വ ഫാഷിസത്തെ ചെറുക്കാനുള്ള കൂട്ടായ ബദലുകൾ ഉയർന്നു വരണം. അരികുവൽക്കരണത്തിന്റെ ഗേട്ടൊകളിൽ നിന്ന് രാഷ്ട്ര പുനർനിമിതിയുടെ അരങ്ങുകളിൽ ആത്മ വിശ്വാസത്തോടെ കയറി നിൽക്കാൻ നമുക്ക് കഴിയണം.
കേരളത്തിന്റെ ബഹുസ്വരവും ജനാധിപത്യപരവുമായ പൊതുമണ്ഡലത്തില്‍ കൂടുതൽ അർത്ഥവത്തായ സംഭാവന നൽകാൻ സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് പുതിയ കാലം ആവശ്യപ്പെടുന്ന പ്രധാന വെല്ലുവിളി.
