1921ലെ മാപ്പിള സമരവും അറുപതുകളോടെ ആരംഭിച്ച ഗൾഫ് പ്രവാസവുമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കേരള മുസ്‌ലിം സമൂഹത്തിന്റെ ഗതി നിർണ്ണയിച്ച രണ്ട് സുപ്രധാന ഘടകങ്ങൾ. സമരാനന്തരം തകർന്നടിഞ്ഞ സമുദായത്തെ പുനരുജ്ജീ വിപ്പിക്കാനുള്ള ശ്രമത്തിന്റെ മുന്നിൽ നിന്നത് മുസ്‌ലിം ഐക്യ സംഘമായിരുന്നു.

സംഘം അകാലചരമം പ്രാപിച്ചെങ്കിലും അതിൽനിന്നുത്ഭവിച്ച കേരള ജാമിയ്യത്തുൽ ഉലമയും പിന്നീട് വന്ന കേരള നദ്‌വത്തുൽ മുജാഹീദിനും സമുദായത്തിന്റെ മത, ഭൗതിക ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മത ധാർമിക സമാന്തര വിദ്യാഭ്യാസ രംഗത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബദലിന്റെ ശില്പികളായി.

മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ ഉജ്ജ്വലമായ മാതൃകയാണ് മുസ്‌ലിം ലീഗ് സൃഷ്‌ടിച്ചത്. കേവല മതത്തിനപ്പുറം ജീവസ്സുറ്റ ഒരു പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ പരിചയപ്പെടുത്തിയ ജമാഅത്തെ ഇസ്ലാമി മാധ്യമ, സാംസ്‌കാരിക മേഖലകളിൽ മൗലികമായ സംഭാവനകൾ നൽകി. എല്ലാവരും ഒന്നിച്ചു മുന്നേറിയ മേഖല വിദ്യഭ്യാസമായിരുന്നു.

ഇതെല്ലാം ചേർന്ന് രൂപപ്പെട്ട മുസ്‌ലിം ശക്തീകരണത്തിന്റെ ‘കേരള മോഡൽ’ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മാതൃകയായി മാറി. പക്ഷെ ബലാരിഷ്ടതകൾ ഇനിയും ബാക്കിയാണ്. സാമൂഹിക വികസനത്തിന്റെ സൂചിക നോക്കിയാൽ കേരളത്തിലെ ഇതര സമുദായങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകൾ ഇന്നും തുലോം പിറകിൽ തന്നെയാണ്. ശക്തി പ്രാപിച്ചു വരുന്ന ഹിന്ദുത്വ ഫാഷിസം അസ്തിത്വം പോലും ചോദ്യം ചെയ്യുന്ന ഭീഷണിയായി വളർന്നിരിക്കുന്നു. അധികാര കേന്ദ്രങ്ങളിലെ സാന്നിധ്യം പരിമിതമാണെങ്കിലും സമുദായം വിഭവങ്ങളിൽ അനർഹമായി പങ്ക് പറ്റുന്നു എന്ന നരേറ്റീവ് വളരെ ശക്തമാണ്.

നവംനവങ്ങളായ ആശയ പ്രതിസന്ധികൾക്ക്‌ പ്രതിരോധം തീർക്കാനാവാതെ മതം ഇന്നും ആചാരങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. നവലിബറിലിസവും നവനാസ്തി കതയും ആദർശ സമൂഹത്തിന്റെ മുന്നിൽ ശക്തമായ വെല്ലുവിളികളായി ഉയർന്നു നിൽക്കുന്നു. വിരൽത്തുമ്പിൽ ലോകം കൊണ്ടുനടക്കുന്ന ജെൻ സി യെ എങ്ങനെ വഴിതെളിക്കണമെന്ന കാര്യത്തിൽ എല്ലാവരും ഒരുപോലെ അങ്കലാപ്പിലാണ്.

അറിവും ആർജ്ജവവുമുള്ള യുവ സ്ത്രീസമൂഹം മാറ്റത്തിന്റെ പെരുമ്പറ മുഴക്കുമ്പോൾ വൃദ്ധനേതൃത്വം അവരെ എങ്ങനെ എൻഗേജ് ചെയ്യണമെന്നറിയാതെ പരുങ്ങുന്നു. പുതിയ കാലം തുറന്നുവിട്ട സമസ്യകൾക്ക് ഉത്തരം കാണാൻ മതത്തിന്റെ സാമ്പ്രദായിക വ്യാഖ്യാനങ്ങൾ മതിയാകാതെ വന്നിരിക്കുന്നു.

ഒരു ബഹുസ്വര സമൂഹത്തിൽ അരികുവൽക്കരി ക്കപ്പെടാതെ ഇഴചേർന്ന് പോകാനുള്ള പ്രായോഗിക ബദലുകൾ പലതും ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു. സംഘടിത ജീവിതത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ പുതിയ കാലത്തെ നേരിടാൻ എന്തുണ്ട് കയ്യിൽ എന്ന ഒരു എളിയ അന്വേഷമാണ് നടത്തിയത്. എല്ലാ സംഘടനകളിലുംപെട്ട തലമുതിർന്ന നേതാക്കളുമായി നേരിട്ടും അല്ലാതെയുമൊക്കെ സംസാരിച്ചു.

സംഘടനാ ജീവിതത്തിന്റെ ആലഭാരങ്ങളില്ലാതെ സമുദായത്തെ നിരീക്ഷിക്കുന്നവരും ആ രംഗത്ത് സംഭാ വനകർപ്പിച്ചുകൊണ്ടിരി രിക്കുകയും ചെയ്യുന്ന പ്രഗൽഭരുടെ അഭിപ്രായങ്ങളാണ് ലേഖനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. അത് ഒന്നിന്റെയും അവസാന വാക്കല്ല. ഓരോരുത്തരുടെയും വ്യക്തി നിഷ്ഠ മായ നിരീക്ഷണങ്ങളാണ്.

വിയോജിപ്പുകൾക്കും ക്രിയാത്മകമായ ചിന്തകൾക്കും വാതിലുകൾ തുറന്നിടുക മാത്രമാണ് ഉദ്ദേശം. സമുദായത്തിന്റെ ഭാവിയെക്കുറിച്ച് ഗൗരവപ്പെട്ട ചർച്ചകളും പഠനങ്ങളും നടക്കേണ്ടതുണ്ട്. കാലികമായ ബദലുകൾ ഉരുത്തിരിയേണ്ടതുണ്ട്. ഒറ്റമൂലികൾ കൊണ്ട് പരിഹരിക്കാവുന്നത്ര ലളിതമല്ല പ്രശ്നങ്ങൾ. ചിലതൊക്കെ കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാവൂ. എന്നാൽ ഒറ്റക്കൊറ്റക്ക് ചെയ്യാവുന്നവ ഒട്ടേറെയുണ്ട്.

എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും ഉടച്ച് വാർത്ത് പുതിയ വിത്തിറക്കാൻ പാകത്തിൽ ഒരു വിളഭൂമി വെറും ഉട്ടോപ്പിയ മാത്രമാണ്. പ്രയോഗിമായ സഹകരണം സാധ്യമാകുന്ന മേഖലകൾ കണ്ടെത്തുക മാത്രമേ പോംവഴിയുള്ളൂ. കൂട്ടായ വിഭവ വിനിയോഗത്തിന് പുതിയ വഴികൾ കണ്ടെത്തിയേ മതിയാവൂ. അതിന് ഉമ്മത്ത് ഒന്നാണെന്ന വെറും വാഴ്ത്താരി മാത്രം മതിയാവില്ലെന്ന് മാത്രം. ക്രിയാത്‌മക ചിന്തകൾക്ക് തിരികൊളുത്താൻ ലേഖനം പ്രചോദനമാവുമെങ്കിൽ എന്റെ ശ്രമം സാർത്ഥകമായി എന്ന് എനിക്ക് ആശ്വസിക്കാം.

https://timesofindia.indiatimes.com/blogs/tracking-indian-communities/the-next-century-question/

Tags: