‘വിലായത്ത് ബുദ്ധ’ എന്ന സിനിമ റിലീസായത് മുതൽ ആ പേരിന്റെ പൊരുൾ തേടിയുള്ള അന്വേഷണത്തിലായിരുന്നു. ഒറ്റ നോട്ടത്തിൽ പരസ്പര ബന്ധമില്ലാത്ത ആ രണ്ടു പദങ്ങൾ ഞാൻ അതിന് മുമ്പ് കേട്ടിട്ടില്ല.

അതിന്റെ പൊരുൾ പിടികിട്ടിയത് ഈയിടെ ചിന്നാർ വന്യജീവി സാങ്കേത ത്തിൽ നടന്ന മാധ്യമ ശില്പശാലയിൽ മൂന്നാർ വൈൽഡ്ലൈഫ് വാർഡൻ കെ വി ഹരികൃഷ്ണൻ സാറിന്റെ ക്ലാസ് കേട്ടപ്പോഴാണ്.

‘വിലായത്ത്’ എന്ന പേർഷ്യൻ പദത്തിന് വിദേശം എന്നർത്ഥമുണ്ട്. ‘ബുദ്ധ’ ബുദ്ധൻ തന്നെ. മൈസൂർ സുൽത്താൻ ടിപ്പുവിന്റെ കാലത്താണ് ഈ നാമകരണം നിലവിൽ വന്നത്.

മലബാർ കീഴടക്കിയ ടിപ്പു, 1792 ൽ, അമൂല്യ പ്രകൃതി സമ്പത്തായ മറയൂരിലെ ചന്ദന മരങ്ങൾ ‘റോയൽ ട്രീ’ ആയി പ്രഖ്യാപിച്ചു. അവ വില്പന നടത്താനുള്ള അവകാശം ഭരണ കൂടത്തിന് മാത്രമായി പരിമിത പ്പെടുത്തി. അത് ഖജനാവിന് വലിയ മുതൽക്കൂട്ടായി.

വിദേശ രാജ്യങ്ങളിലേക്ക് ധാരാളമായി കയറ്റി അയച്ചിരുന്നത് കൊണ്ടാണ് ‘export quality’ എന്ന് സൂചിപ്പിക്കുന്ന ‘വിലായത്ത്’ എന്ന പദം ഉപയോഗിച്ചത്. വിദേശ രാജ്യങ്ങളിൽ ബുദ്ധന്റെ പ്രതിമ നിർമിക്കാൻ ഉപയോഗിച്ചിരുന്നത് മറയൂരിലെ ഈ പ്രത്യേക ഇനം ചന്ദന ത്തടികൾ ആയിരുന്നു.

ചുരുക്കത്തിൽ ബുദ്ധ പ്രതിമകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഉന്നത ഗുണമേന്മയുള്ള ചന്ദനത്തടികളാണ് ‘വിലായത്ത് ബുദ്ധ’.