ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അടുത്തായത്കൊണ്ട് മാത്രം ഏതാണ്ട് മൂന്ന് വർഷക്കാലം ഒരു സലഫീ മസ്ജിദിലാണ് ഞാൻ ജുമുഅക്ക് പോയിക്കൊണ്ടിരുന്നത്. അറിയപ്പെടുന്ന ഒരു സലഫീ പ്രഭാഷകനായിരുന്നു ഖതീബ്. സുന്നീ ഖുറാഫികൾ, മത രാഷ്ട്രവാദികൾ, തബ്ലീഗ് ജമാഅത്ത്, സിമി, മുസ്ലിം തീവ്രവാദം, ശിയാ ഇസ്ലാം, ഖവാരിജുകൾ ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട വിഷയങ്ങൾ. കടിച്ചു വലിച്ചും കൊത്തി ക്കീറിയുമൊക്കെ ഖുതുബ പുരോഗമിക്കുമ്പോൾ, ഇതൊന്നു തീർന്ന് കിട്ടിയെങ്കിൽ നിസ്കരിച്ചു പുറത്തിറങ്ങാമായിരുന്നു എന്ന മട്ടിലായിരുന്നു എന്നും ഞാൻ. ഇത് രണ്ടായിരത്തിന്റെ തുടക്കത്തിലാണ്.
വർഷങ്ങൾ പലത് കഴിഞ്ഞു. സുന്നി, മുജാഹിദ്, ജമാഅത്ത് പള്ളികളിലായി ഞാൻ ജുമുഅക്ക് പോയിക്കൊണ്ടിരുന്നു. ‘ഉരുളുന്ന കല്ലിൽ പായൽ പിടിക്കില്ല’ എന്നാണല്ലോ ചൊല്ല്. അത്കൊണ്ട് സംഘടനാ വൈരത്തിന്റെ ഒരു പായലും പിടിക്കാതെ ഇപ്പോഴും ജീവിക്കുന്നു!
എറണാകുളത്തുള്ള മിക്ക സന്ദർഭങ്ങളിലും പുല്ലേപ്പടിയിലുള്ള സലഫീ മസ്ജിദിലാണ് ജുമുഅക്ക് പോവുക. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി അവിടെ ഖുതുബ നിർവഹിക്കുന്നത് ആദരണീയ പണ്ഡിതൻ സലാഹുദ്ധീൻ മദനിയാണ്. മുജാഹിദ് പക്ഷത്തെ സമുന്നതരായ നേതാക്കളിൽ ഒരാളാണദ്ധേഹം.
‘അൽ ജുമുഅത്തു ഹജ്ജുൽ ഫുഖറാഇ വൽ മസാകീൻ’ എന്ന് സുന്നി പള്ളികളിൽ മുഅദ്ദിൻ വിളിച്ചു പറയാറുണ്ട്. സ്വീകാര്യമായ ഹജ്ജ് ചെയ്ത ഒരു വിശ്വാസി പിറന്നുവീണ കുഞ്ഞിനെപ്പോലെ വിശുദ്ധമാക്കപ്പെടും എന്നാണല്ലോ. മക്കയിൽ പോയി ഹജ്ജ് ചെയ്യാൻ പ്രാപ്തിയില്ലാത്ത പാവപ്പെട്ട വിശ്വാസിക്കുള്ള ഹജ്ജാണ് ജുമുഅ എന്നർത്ഥം.
ഓരോ വെള്ളിയാഴ്ചയും, അക്ഷരാർത്ഥത്തിൽ ഉൽബോധനം വഴി എങ്ങനെ വിശ്വാസിയുടെ മനസ്സിനെ വിമലീകരിക്കാം എന്നതിന്റെ ഉദാഹരണങ്ങളാണ് മദനിയുടെ ഓരോ ഖുതുബയും. ഗദ്ഗദത്തോടെയല്ലാതെ, വിതുമ്പുന്ന ഹൃദയത്തോ ടെയല്ലാതെ ഒരു ഖുതുബയും അദ്ദേഹം പൂർത്തിയാക്കാറില്ല. മണ്ണിൽ ചവിട്ടി നിന്നാണ് അദ്ദേഹം എപ്പോഴും ആത്മീയ ലോകത്തെക്കുറിച്ച് സംസാരിക്കാറുള്ളത്. കാലികമായ സംഭവ വികാസങ്ങളോട് ഒരു വിശ്വാസി എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഖുർആനിന്റെയും സുന്നത്തിന്റെയും വീക്ഷണത്തിൽ അവതരിപ്പിക്കും. വീക്ഷണ വ്യത്യാസമുള്ള കാര്യങ്ങളിൽ വ്യത്യസ്ത പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾ ഉദ്ധരിക്കും. കൂടുതൽ സ്വീകാര്യമായ വീക്ഷണം ഏതാണെന്നു പറയും. ഓരോ വിശ്വാസിയും കാര്യങ്ങൾ സ്വയം പഠിച്ചു മനസ്സിലാക്കണമെന്ന് ഓർമ്മപ്പെടുത്തും. ഞാൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന നിലപാട് അദ്ദേഹം സ്വീകരിച്ച് കണ്ടിട്ടില്ല. നിറഞ്ഞ കണ്ണുകളോടെ ഉമ്മത്തിന് വേണ്ടി പ്രാർത്ഥിക്കും. ഓരോ ജുമുഅ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും അടുത്ത ഒരാഴ്ചത്തേക്കുള്ള പാഥേയം കൈവശം വന്ന ആത്മവിശ്വാസം ഓരോരുത്തർക്കും അനുഭവിച്ചറിയാം.
സലഫിസത്തോട് പ്രത്യേകിച്ച് ഒരു മമതയും ഇല്ലാത്ത എനിക്ക് ആ ഖുതുബകൾ സ്ഥിരമായി കേട്ടിട്ടും എന്റെ നിലപാട്തറ പൊളിഞ്ഞു വീഴുന്നതായി തോന്നിയിട്ടില്ല!
മുമ്പൊരിക്കൽ ഒരു കുറിപ്പിൽ സൂചിപ്പിച്ച പോലെ, മാന്യമായി, പ്രതിപക്ഷ ബഹുമാനത്തോടെ ഉൽബോധനങ്ങൾ നടത്താൻ കഴിവുള്ള പണ്ഡിതന്മാർക്ക് മുസ്ലിം സംഘടനകൾ പള്ളി മിമ്പറുകൾ പരസ്പരം തുറന്നു കൊടുത്താൽ അത് വലിയ മാറ്റമുണ്ടാക്കും എന്നാണെന്റെ പക്ഷം.