വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ പ്രഗത്ഭനായ ഒരു ഇടതുപക്ഷ ചിന്തകനുമായി അഭിമുഖം നടത്താൻ അവസരമുണ്ടായി. വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പിൽ ഞാൻ ചോദിച്ചു, “കണ്ണൂരിൽ പാർട്ടി നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, RSSനെ വേണ്ടി വന്നാൽ കായികമായി നേരിടുമെന്ന് പറയുന്ന മുസ്ലിം ‘തീവ്രവാദി’കളും തമ്മിലെന്താണ് വ്യത്യാസം?
“രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമണങ്ങളെ നമുക്ക് എളുപ്പം തടയാൻ കഴിയും, പക്ഷെ മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ തടയുക എളുപ്പമല്ല,” അദ്ദേഹം പറഞ്ഞു.
… ……..
ലോകത്ത് നടക്കുന്ന സകല പ്രശ്നങ്ങൾക്കും കാരണം മതമാണെന്ന് പറഞ്ഞാൽ നിങ്ങൾ ലിബറൽ ആയി!! മതം പൂജാമുറിയിൽ ഒതുങ്ങേണ്ട കാര്യമാണ് എന്ന് പറഞ്ഞാൽ നിങ്ങൾ മതേതരൻ ആയി.
എന്നാൽ മതം കേവലം ആചാരങ്ങൾ മാത്രല്ലെന്നും അതിന് സാമൂഹിക ദൗത്യങ്ങൾ ഉണ്ടെന്നും പറഞ്ഞാൽ നിങ്ങൾ മതതീവ്രവാദിയായി മാറും!
മതം കൊന്നതിനേക്കാളേറെ മനുഷ്യരെ മതേതരത്വവും മതനിരാസവും കൊന്നിട്ടുണ്ട്. മില്യൺ കണക്കിന് മനുഷ്യരെ കൊന്ന ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ മതക്കാരുടെയായിരുന്നില്ല. ലക്ഷങ്ങളെ കരുണയില്ലാതെ കൊന്നുതീർത്ത മാവോയും സ്റ്റാലിനും പോൾപോട്ടുമൊന്നും മതവിശ്വാസികളായിരുന്നില്ല.
മതങ്ങളുടെ കാര്യമെടുത്താൽ, വൈദിക ബ്രഹ്മണ്യവും യൂറോപ്യൻ ക്രിസ്ത്യാനിറ്റിയും കൊന്നതിന്റെ കണക്കുകൾ ചരിത്രത്തിൽ തെളിഞ്ഞു കിടപ്പുണ്ട്. അക്കൂട്ടത്തിൽ ഇസ്ലാമിന്റെ സംഭാവന വളരെ കുറവാണെന്നത് വസ്തുത മാത്രമാ ണ്. പക്ഷെ ഭീകരതയുടെ പട്ടം ഇസ്ലാമിന് മാത്രമുള്ളതാണ്!!
ലോകത്ത് പല ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന മുസ്ലിം ഇതര ഭീകര സംഘടനകൾ ധാരാളമുണ്ട്. അവയിൽ വലത്പക്ഷ ഭീകര ഗ്രൂപ്പുകൾ ഉണ്ട്. ഇടതുപക്ഷ സായുധ ഗ്രൂപ്പുകൾ ഉണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ആയുധമെടുത്ത് പോരാടുന്ന ഗ്രൂപ്പുകളുണ്ട്. പക്ഷെ നമുക്ക് അറബിപ്പേരുള്ള ഭീകരരെ മാത്രമേ അറിയൂ!!
മുസ്ലിം ഇതര ഭീകര ഗ്രൂപ്പുകൾ ചെയ്യുന്നതിനൊന്നും അവരുടെ മതം മറുപടിയേണ്ട ഗതികേടില്ല. പക്ഷെ മുസ്ലിം ക്രിമിനലുകൾ ചെയ്യുന്നതിനെല്ലാം മറുപടി പറയേണ്ട ഉത്തരവാദിത്വം ഇസ്ലാമിനും മുസ്ലിം സമുദായത്തിനുമുണ്ട് എന്നതാണ് നമ്മുടെ പൊതുബോധം.
തിയൊക്രസിയുടെ കാര്യവും അങ്ങനെ ത്തന്നെ. ലോകത്ത് സമ്പൂർണ്ണ മത രാഷ്ട്രം എന്ന് വിളിക്കാവുന്ന ഒരു രാഷ്ട്രം വത്തിക്കാനാണ്. പക്ഷെ അത് ലോകസമാധാനത്തിന് ഭീഷണി ആണെന്ന് ഇന്നേവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ മുറക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഇറാൻ ആണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി!!