വാഹനാപകടത്തിൽ മകൻ മരണപ്പെട്ട സുഹൃത്തിന്റെ വീട് സന്ദർശിച്ച അനുഭവം വിശ്വാസിയല്ലാത്ത ഒരു സുഹൃത്ത് പങ്ക് വെച്ചത് ഓർക്കുന്നു. താൻ അറിഞ്ഞ ഒരു പ്രത്യയശാസ്ത്രത്തിലും ആ സുഹൃത്തിനെ ആശ്വസിപ്പിക്കാൻ ഒന്നും കാണാനാവാതെ പകച്ചുനിന്നപ്പോൾ, അത്യസാധാരണമായ ക്ഷമയോടെ
ദാരുണമായ അനുഭവത്തെ സുഹൃത്ത് കൈകാര്യം ച്യ്തത് കണ്ട് അത്ഭുതം തോന്നിയെന്ന് അദ്ദേഹം എഴുതി.
‘സ്വബ്റുൻ ജമീൽ’ എന്ന് ഖുർആനിൽ ഒരു പ്രയോഗമുണ്ട്. സ്വന്തം മക്കളുടെ ചതിയിൽ പൊന്നോമന മകനെ നഷ്ടമായ പ്രവാചകൻ യാഖൂബിന്റെ ചരിത്രം വിവരിക്കുമ്പോഴാണ് ഖുർആൻ ‘പ്രയാസഘട്ടത്തിലുള്ള ക്ഷമ’ എന്ന പദം പ്രയോഗിച്ചത്. (ഖുർആൻ 12:18,12: 83).

വയോവൃദ്ധനും നിസ്സഹായനുമായ പ്രവാചകൻ എങ്ങനെയാണ് തന്റെ വിശ്വാസം കൊണ്ട് ആ പ്രതിസന്ധി മറികടന്നത് എന്ന് വിശദീകരിക്കാനാണ് ഖുർആൻ ഈ കഥ വിവരിക്കുന്നത്.
നിനച്ചിരിക്കാതെ വന്നുചേരുന്ന നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവർ, സ്വപ്നത്തിൽ പോലും കാണാത്ത കുറ്റങ്ങളുടെ പേരിൽ പരസ്യമായി അപമാനിക്കപ്പെടുന്നവർ, ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ ജീവിതം തടവറകളിൽ ഹോമിക്കേണ്ടി വരുന്നവർ, ആരോ ചെയ്ത കുറ്റത്തിന്റെ പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവർ, അങ്ങനെ പലരും…..
ഈ മനുഷ്യരൊക്കെ എങ്ങനെയാണ് പ്രതിസന്ധികളെ മറികടക്കുന്നത് എന്നത് വല്ലാതെ അത്ഭുതപെടുത്തുന്ന കാര്യമാണ്.
ആത്മഹത്യയും പ്രതികാരവുമൊക്കെ പരിഹാരങ്ങളാണ്, പക്ഷെ ഒരു വിശ്വാസിക്ക് ഇത് രണ്ടും സ്വീകരിക്കാനാവില്ല. അവിടെയാണ് വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കപ്പെടുന്നത്.
അത് യുക്തിയുടെ മാപിനിവെച്ച് അളക്കാനാവില്ല. വേഷഭൂഷാതികൾ വെച്ച് വിലയിരുത്താനാവില്ല. ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ കൊണ്ട് തെളിയിക്കാനാവില്ല. അത് ഓരോ മനുഷ്യനും അവന്റെ ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടാണ്. അതിന് മറ്റുള്ളവരുടെ സാക്ഷ്യപത്രം ആവശ്യമില്ല. അത് അനുഭവിച്ചറിയേണ്ട അനുഭൂതിയാണ്.
വാഹനാപകടത്തിൽ നാല് പോന്നോമന കളെ നഷ്ടപ്പെട്ട പ്രവാസിയുടെ മുഖം കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് കുറിച്ചത്. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അവർക്കായി പ്രാർത്ഥിക്കുന്നു.