അജ്ഞത കാരണം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണ് Misinformation. ഇതൊരു വീഴ്ചയാണ്, എന്നാൽ കുറ്റമല്ല. ബോധപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണ് Disinformation. അത് കുറ്റവും സാമൂഹിക ദ്രോഹവുമാണ്.

കേരളത്തിലെ മുസ്‌ലിം മതസംഘടനകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളിൽ ഇത്‌ രണ്ടും വേണ്ടുവോളം ഉണ്ട് എന്നാണ് എന്റെ പക്ഷം. ആദ്യത്തേത്, പരസ്പരം മനസ്സിലാക്കാനുള്ള ഇടങ്ങൾ കണ്ടെത്തിയാൽ പരിഹരിക്കാവുന്ന ന്നതേയുള്ളൂ.

എന്നാൽ, ഡിസിൻഫർമേഷൻ മാറ്റിയെടുക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടെങ്കിലേ നടക്കൂ.

ഈയിടെ വാർത്താ പ്രാധാന്യം നേടിയ ഒന്നു രണ്ട് സംഭവങ്ങളെടുക്കാം.

വെള്ളാപ്പള്ളി നടേശനെന്ന കാളകൂട വിഷം മുൻ എം എസ് എഫ് കാരനായ മാധ്യമപ്രവർത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ചത് തെറ്റാണെന്നും വെള്ളാ പ്പള്ളിക്കെതിരെ നടപടിയെടുക്കണമെന്നും മുസ്‌ലിം സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. ‘തീവ്രവാദി’ സ്റ്റിക്കർ മുസ്‌ലിംകൾക്ക് മാത്രമായി റിസർവ് ചെയ്ത മേഖലയാണ്. എട്ട് പേരെ ബോംബ് വെച്ച് കൊന്ന മാർട്ടിൻ ഇന്ന് വരെ തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല!!

പക്ഷെ, വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടാനുള്ള ധർമ്മികവാകാശം മുസ്‌ലിം സംഘടനകൾക്കുണ്ടോ? നിങ്ങൾ ആരെയാണ് ‘തീവ്രവാദി’ ആക്കാൻ ബാക്കിയുള്ളത്?

സുന്നികൾക്ക്‌ മുജാഹിദുകൾ തീവ്രവാദികളാണ്! സലഫികൾക്ക് ജമാഅത്തെ ഇസ്‌ലാമി, ഇസ്ലാമിസ്റ്റ് തീവ്രവാദികകളാണ്! ജമാഅത്ത് കാർക്ക് PFI ക്കാർ വിവേകമില്ലാത്ത തീവ്രവാദികളാണ്! സിമിയും അങ്ങനെ യാണ് പരിഗണിക്കപ്പെട്ടത്.

തീവ്രവാദി സ്റ്റിക്കറുകൾ സുലഭമല്ലാതിരുന്ന കാലത്ത്, പോലീസും അന്വേഷണ ഏജൻസികളും പടച്ചുവിട്ട കല്പിത കഥകൾ അപ്പടി വിഴുങ്ങി തീവ്രവാദത്തിനെതിരെ അകത്തും പുറത്തും കാമ്പയിൽ നടത്തിയവരാണ് ഏതാണ്ട് എല്ലാ മുസ്‌ലിം സംഘടനകളും. ‘ഞങ്ങളിൽ തീവ്രവാദികളില്ല’ എന്നതായിരുന്നു ഏറ്റവും വലിയ മികവായി കൊട്ടിഘോഷിക്കപ്പെട്ടത്. തലമറന്നെണ്ണ തേക്കരുതെന്ന് പലരും പറഞ്ഞു നോക്കിയെങ്കിലും കേൾക്കാൻ ആരും കൂട്ടാക്കിയില്ല. വിശദീകരിക്കുന്നില്ല. എല്ലാം ചരിത്രം.

മറുപക്ഷത്തെ താറടിക്കാൻ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കളവ് പറയാൻ മടിയില്ലാത്തവരാണ് നമ്മുടെ മതനേതൃത്വം. ജമാഅത്തെ ഇസ്‌ലാമി RSS മായി രഹസ്യ സംഭാഷണം നടത്തി എന്ന പ്രചരണം നല്ലൊരു ഉദാഹരണം.

ആ ചർച്ചകളുടെ വിശദാംശങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഗൂഗിൾ സെർച്ച്‌ ചെയ്താൽ കിട്ടും. ആ ചർച്ചകളുടെ അമരത്തുണ്ടായിരുന്ന മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി ഈയിടെ കൊച്ചിയിൽ വന്നപ്പോൾ അദ്ദേഹത്തെ നേരിൽ കാണാൻ അവസരം ലഭിച്ചു. വിശദമായ അഭിമുഖത്തിന് അദ്ദേഹം വിസമ്മതിച്ചെങ്കിലും, അന്നത്തെ ചർച്ചകളിൽ 14 മുസ്ലിം സംഘടകൾ ഒന്നിച്ചാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വസ്തുത ഇതായിരിക്കെ പെരുംനുണകൾ ആവർത്തിക്കുന്നത് തല്ക്കാലം അണികളെ തൃപ്തിപ്പെടുത്തിയേക്കാമെങ്കിലും വിപരീത ഫലമേ ഉണ്ടാക്കൂ. ഇത്‌ ഒരു ഉദാഹരണം മാത്രമാണ്.

സമസ്ത നൂറാം വാർഷികത്തിന്റെ ഒരു പ്രചാരണ യോഗം കേൾക്കാനിടയായി. കേരളത്തിലെ സലഫീ പ്രസ്ഥാനങ്ങളെ അങ്ങേയറ്റം നീചമായി പരിചയപ്പെടുത്തുന്ന ഒരു പ്രസംഗമാണ് കേട്ടത്, ഇസ്‌ലാമിന്റെ ശത്രുക്കളെക്കാൾ മോശപ്പെട്ട വർഗ്ഗമാണ് വഹാബികൾ എന്ന രീതിയിലായിരുന്നു പ്രസംഗം. അത്തരം പ്രസംഗങ്ങൾ അപൂർവ്വമൊ ന്നുമല്ല.

ഷിയാ, തബ്‌ലീഗ് ജമാഅത്ത് ഗ്രൂപ്പുകളെ കുറിച്ച് സലഫീ വേദികളിൽ നിന്ന് ഇത്തരം പ്രസംഗങ്ങൾ പലപ്പോഴായി കേട്ടിട്ടുണ്ട്.

ഈ വേഷം കെട്ടലുകളൊക്കെ നടക്കുമ്പോഴും, ഈ ഗ്രൂപ്പുകൾ തമ്മിലൊക്കെ വിവാഹം, മരണം, കച്ചവടം, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇവർ സഹകരിക്കുന്നുമുണ്ട്.

നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്? ഈ കാപട്യം എത്ര കാലം കൊണ്ട് നടക്കും? കിണറ്റിലെ തവളകളെ കൂടാതെ വലിയൊരു

ജനസഞ്ചയം പുറത്തുണ്ടെന്ന് മനസ്സിലാക്കുക, അതിൽ വലിയൊരു വിഭാഗം കണ്ണ്തുറന്ന് ലോകം കാണുന്ന യുവ തലമുറയാണെന്ന് കൂടി ഓർക്കുക!