തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഭൂരിഭാഗം മുസ്‌ലിം കുട്ടികൾ പഠിക്കുന്ന കാമ്പസിൽ പ്രീ ഡിഗ്രി വിദ്യാർത്ഥിയായിരുന്ന കാലത്ത് മൂന്നേ മൂന്ന് പെൺകുട്ടികളാണ് പർദ്ദ ധരിച്ച് ഞങ്ങളുടെ കോളേജിൽ എത്തിയിരുന്നത്. ‘Three witches’ എന്ന് ഞങ്ങൾ ആൺകുട്ടികൾ അവരെ കളിയാക്കുമായിരുന്നു.
പിന്നീട് പർദ്ദ ഒരു ജ്വരം പോലെ മുസ്‌ലിം സ്ത്രീകൾക്കിടയിൽ പടർന്നുകയറി. മതപരവും അല്ലാത്തതുമായ കാരണങ്ങൾ അതിന് പിന്നിലുണ്ടായിരുന്നു. അതിന്റെ പ്രതിഫലനം അന്ന് കാമ്പസുകളിലും കാണാമായിരുന്നു.
ഇന്ന് കാമ്പസുകളിൽ പർദ്ദ അപൂർവമാണ്, പക്ഷെ ‘ഹിജാബി’ന്റെ വർണാഭമായ ആഘോഷമാണ് അവിടെ കാണുക. ഏറ്റവും പുതിയ ഫാഷനുകളിലുള്ള വസ്ത്രങ്ങളണിഞ്ഞ പെൺകുട്ടികളെകൊണ്ട് സുലഭമാണ് കാമ്പസുകൾ. കേരളത്തിന് പുറത്തുള്ള കാമ്പസുകളിലെ കേരളീയരായ മുസ്‌ലിം പെൺകുട്ടികൾ അധികവും ഹിജാബ് പാലിക്കുന്നവരാണ്. ഹിജാബ് പാലിച്ചുകൊണ്ടുതന്നെ കാമ്പസിലെ എല്ലാത്തരം പ്രവർത്തനങ്ങളിലും അവർ സജീവമാണ്.
പോർമുഖങ്ങളിൽ മുന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നത് ഹിജാബ് ധാരികളാണ്. ഇസ്‌ലാമിക വസ്ത്രധാരണം അവരുടെ സ്വാതന്ത്ര്യത്തിന് തടസ്സമല്ലെന്ന് അവർ തെളിയിച്ചു കഴിഞ്ഞു. എം എസ് എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്, സോളിഡാരിറ്റി, എം ജി എം, തുടങ്ങിയ പൊതു വേദികളിലൊക്കെ ഹിജാബ് ധാരികൾ സജീവമാണ്.
താരതമ്യേന യാഥാസ്ഥിതികമെന്ന് വിശേഷിക്കപ്പെടുന്ന സുന്നീ അറബിക് കോളേജുകളിൽ പോലും സംഘാടനത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും -വേദി മുതൽ കാമറ വരെ – പെൺകുട്ടികൾ തന്നെ കൈകാര്യം ചെയ്യുന്ന കാഴ്ച കാണാം. അവരിൽ മുഖം മൂടുന്ന നിഖാബ് ധാരികൾ അത്യപൂർവ്വമാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച മുസ്‌ലിം യുവതികളിൽ നല്ലൊരു ശതമാനവും ഹിജാബ് പാലിക്കുന്നവരായിരുന്നു.
പക്ഷെ, നവലിബറൽ പുരോഗമന വാദത്തിന്റെ വക്താക്കൾക്ക് മുസ്‌ലിം സ്ത്രീയുടെ ഹിജാബ് ഇന്നും അടിമത്വത്തിന്റെ പ്രതീകമാണ്. അവരെ പർദ്ധയിൽ നിന്ന് മോചിപ്പിച്ചു സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറത്തിവിടലാണ് ഏറ്റവും വലിയ പുരോഗമനമെന്ന് അവർ ഇപ്പോഴും വാദിച്ചു കൊണ്ടിരിക്കുന്നു.
ലിബറൽ സെക്സും ലിബറൽ ഡ്രെസ്സുമാണ് പുരോഗമനത്തിന്റെ ലക്ഷണങ്ങളെന്ന് അവർ വാദിക്കുന്നു. മുസ്‌ലിം സ്ത്രീയെ ‘ആറാം നൂറ്റാണ്ടി’ൽനിന്ന് മോചിപ്പിക്കാൻ നോമ്പ് നോറ്റ് നടക്കലാണ് നവോത്ഥാനമെന്ന് ഇക്കൂട്ടർ വാശിപിടിക്കുന്നു.
മറച്ചു നടക്കുന്ന മുസ്‌ലിം സ്ത്രീ രക്ഷിതാക്കളുടെയോ, ഭർത്താക്കന്മാരുടെയോ മുല്ലമാരുടെയോ അടിമകളാണെന്ന് അവർ ധരിച്ചു വെച്ചിരിക്കുന്നു. തുറന്നിടാനുള്ള വ്യക്തി സ്വാതന്ത്ര്യം പോലെ വിലപ്പെട്ടതാണ് മറച്ചു പിടിക്കാനുള്ള സ്വാതന്ത്ര്യമെന്ന് അംഗീകരിക്കാൻ അവർക്കാവുന്നില്ല.

ബെഡ്റൂമിൽ ആകാവുന്നതൊക്കെ പുറത്തും ആകാമെന്ന് പോസ്റ്റർ ഒട്ടിക്കലാണ് ഏറ്റവും വലിയ പുരോഗമനം എന്നാണ് ഇക്കൂട്ടരുടെ വാദം!!
കാമ്പസിൽ പഠിക്കുന്ന രണ്ട് പെണ്മക്കളുണ്ടെനിക്ക്. ഏതൊരു പിതാവിനെയും പോലെ അവരെക്കുറിച്ച് ആശങ്കയുണ്ടെനിക്ക്. ‘പർദ്ധയാണ് ഇസ്‌ലാം’ എന്ന് ഞാൻ അവരെ പഠിപ്പിച്ചിട്ടില്ല, പക്ഷെ ഇസ്ലാമിന് കർശനമായി ധാർമിക സദാചാര അതിർവരമ്പുകൾ ഉണ്ടെന്ന് എപ്പോഴും അവരെ ഓർമ്മപ്പെടുത്താറുണ്ട്.
എന്റെ ‘അടിമകളായി’ വളരണമെന്ന് വാശി പിടിക്കാറില്ല. വ്യക്തമായ തെറ്റുകൾ കാണുമ്പോൾ തിരുത്തണമെന്ന് ആവശ്യപ്പെടാറുണ്ട്. എന്റെ പ്രാർത്ഥനകളിലെ നിത്യ സാനിധ്യമാണ് അവർ. എല്ലാ പിതാക്കന്മാരും ഇങ്ങനെ യൊക്കെ ആണെന്നാണ് എന്റെ വിശ്വാസം, നന്നേ ചുരുങ്ങിയത് മതവിശ്വാസം വിലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നവരെങ്കിലും. വിശ്വാസം കെട്ടുകാഴ്ചക്കുള്ളതല്ല, അത് ജീവിതത്തിന്റെ വഴിവെളിച്ചമാകാനുള്ളതാണ്.
കൊച്ചി മെട്രോസ്റ്റേഷനിലെ പരസ്യപ്പലകയിൽ ഹിജാബ്ധാരിയെ കണ്ടപ്പോഴാണ് ഇത്രയും മനസ്സിൽ തോന്നിയത്.