നിസ്കരിക്കാൻ കയറിയ പള്ളി ഏത് വിഭാഗത്തിന്റെതാണ് എന്നറിയാനുള്ള എളുപ്പ വഴി, അവിടെ തൂക്കിയിട്ട കലണ്ടർ ആരുടേതാണ് എന്ന് നോക്കലാണ്! അതിനേക്കാൾ കൃത്യമായ രീതി അലമാരയിൽ അടുക്കിവെച്ച ഖുർആൻ പരിഭാഷ ആരുടേതാണെന്ന് നോക്കലാണ്!!
വിശുദ്ധ ഗ്രന്ഥത്തിന്റെ വിവർത്തനങ്ങൾ ഡസൻ കണക്കിന് ഉണ്ടെങ്കിലും പള്ളികളിൽ അവനവൻ ബ്രാൻഡ് പരിഭാഷകളേ കാണൂ. മറിച്ചുള്ള അനുഭവം വളരെ അപൂർവ്വമാണ്.
വ്യത്യസ്ത വീക്ഷണം പുലർത്തുന്ന പണ്ഡിതന്മാരുടെ ഖുർആൻ പരിഭാഷകൾ മറിച്ചു നോക്കാൻ പോലും ആത്മവിശ്വാസമില്ലാത്തർക്ക് നിസ്കാരത്തഴമ്പ് ഉണ്ടായത്കൊണ്ട് വലിയ കാര്യമൊന്നുമില്ല.
മുസ്ലിം മത സംഘടനകൾ നടത്തുന്ന ലൈബ്രറികളിൽ ഇതര വിഭാഗങ്ങളുടെ പുസ്തകങ്ങളൊന്നും കടന്ന് കൂടാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കാറുണ്ട്! അപവാദങ്ങൾ ഇല്ലെന്നല്ല.
സ്വന്തം നിലപാടുകളിൽ നിലയുറപ്പിച്ചു കൊണ്ട് തന്നെ ഇതര വിഭാഗങ്ങളെയും, ഇതര മതങ്ങളെയും തുറന്ന മനസ്സോടെ മനസിലാക്കാൻ എന്താണ് തടസ്സം? നേതൃത്വം അതിനെ പ്രോത്സാഹിപ്പിക്കാറില്ല എന്നത് തന്നെ കാര്യം.
ആളും അർത്ഥവും വേണ്ടുവോളമുള്ള കേരളത്തിലെ മുസ്ലിം മത സംഘടനകൾ ഓരോന്നും സ്വയം പര്യാപ്ത റിപ്പബ്ലിക്കുകളാണ്. അത്കൊണ്ട് തന്നെ മാന്യതയോ പ്രതിപക്ഷ ബഹുമാനമോ സംഘടന വിദ്യാഭ്യാസത്തിന്റെ ഭാഗമല്ല.
ഇതര മത വിഭാഗങ്ങളോടോ സംഘപരിവാർ ഗ്രൂപ്പുകളോടോ കാണിക്കുന്ന മാന്യത പരസ്പരം കാണിക്കാൻ മത നേതൃത്വം തയ്യാറല്ലെന്നതാണ് അനുഭവം. മാതൃകകളായ നേതാക്കൾ അപൂർവ്വമാണ്.

സമ്മേളന മഹാമഹങ്ങളിൽ രാഷ്ട്രീയ നേതാക്കളെയും സാംസ്കാരിക നായകന്മാരെയും യഥേഷ്ടം ക്ഷണിച്ചു വരുത്തുമ്പോൾ സഹോദര സംഘ ടനകളെ ആ പരിസരത്തേക്ക് അടുപ്പിക്കാറില്ല. ഇനി ആരെങ്കിലും പങ്കെടുത്താൽ സ്വന്തം പാളയത്തിൽ അവരെ തെറി പറയുകയും ചെയ്യും.
സംഘടനകൾ സ്വയം തീർത്ത നീർക്കുമിളകൾ (information bubble) ക്കകത്ത് കഴിയുന്നവർ മറുത്തൊന്നും കേൾക്കാൻ സന്നദ്ധരല്ല. സ്വയം നിശ്ചയിച്ച ‘ശരി’കളുടെ ലോകത്ത് സസുഖം വാഴുന്നു അവർ.
വാട്സ്ആപ് ഗ്രൂപ്പുകൾ യൂണിവേസിറ്റികളായി വളർന്ന ഇക്കാലത്ത് ഈ ‘ഇൻഫർമേഷൻ ബബിൾ’ അദൃശ്യമായ ഒരു തടവറയാണെന്ന് തിരിച്ചറിയുന്നവർ വിരളമാണ്.
പുതിയ തലമുറ അതിരുകളില്ലാത്ത ലോകത്താണ് വളരുന്നത് എന്ന സത്യം തിരിച്ചറിയുക. മറ്റുള്ളവരെ കേട്ടാൽ, അറിഞ്ഞാൽ, അവരുടെ പരിപാടികളിൽ പങ്കെടുത്താൽ പൊളിഞ്ഞു പോകുന്ന ഇസ്ലാമാണ് പോക്കറ്റിലുള്ളതെങ്കിൽ അതെടുത്തു തോട്ടിലെറിയുക!!