പതിവ് പോലെ പാതി രാത്രി ജോലി കഴിഞ്ഞ്, രാത്രി ഉറങ്ങി എന്ന് വരുത്തി, അതിരാവിലെ പക്ഷികളുണരും മുമ്പ് തന്നെ അന്ന് ചങ്ങരം പാടത്ത് എത്തിയിരുന്നു. കണ്ണും കാതും കാമറയും തുറന്നു വെച്ച് മണ്ണും വിണ്ണും നോക്കി ഞാൻ നടക്കുകയാണ്. കുറേയേറെ ചിത്രങ്ങൾ പകർത്തിയെങ്കിലും മനസ്സ് മറ്റെന്തോ തേടുകയായിരുന്നു.

തോടിനരികിലൂടെ നടക്കുന്നതിനിടയിലാണ് പെട്ടൊന്ന് അപ്പുറത്തുള്ള വെള്ളക്കെട്ടിൽ ഓറിയന്റൽ ഡാർട്ടർ മീൻ പിടിക്കുന്നത് കണ്ടത്. ആക്ഷൻ തുടങ്ങിയ ശേഷമാണ് എന്റെ ശ്രദ്ധയിൽ പെട്ടത്.
തോട് മുറിച്ച് കടന്ന് അപ്പുറത്തെത്താൻ എളുപ്പവഴിയില്ല. കാമറ സെറ്റിംഗ്സ് നോക്കാൻ നേരമില്ല. ഷട്ടർ സ്പീഡും അപ്പെർച്ചറും ഫോക്കസും, എക്സ്പോഷറും ശരിയാണോ എന്നുറപ്പില്ല.
നിമിഷാർദ്ധങ്ങൾക്കുള്ളിൽ ആക്ഷൻ തീർന്നു പോകുമെന്നുറപ്പ്. മറ്റൊന്നും ആലോചിച്ചില്ല. കാമറയെടുത്ത് നിർത്തതെ ക്ലിക്കി. നൂറുകണക്കിന് ഫ്രെയ്മുകൾ. റൂമിൽ തിരിച്ചെത്തി ചിത്രങ്ങൾ ഡൌൺലോഡ് ചെയ്തപ്പോഴാണ് ശരിക്കും കണ്ണ് തള്ളിയത്. എന്റെ ഡ്രീം ഷോട്ട്!! ഒന്നല്ല, സെക്കന്ഡുകളുടെ വ്യത്യാസത്തിൽ പതിഞ്ഞ കുറെയധികം ചിത്രങ്ങൾ.
ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്വെയറുകൾ ഒന്നും വശമില്ലാത്ത എനിക്ക് വീണ് കിട്ടുന്ന നിമിഷങ്ങൾ നിധി പോലെയാണ്. ഫോട്ടോഗ്രഫി ജീവിതത്തിൽ ഇത്രയേറെ സന്തോഷം നൽകിയ നിമിഷങ്ങൾ അപൂർവമേയുള്ളൂ.
എറണാകുളം പ്രസ്സ് ക്ലബ് കലണ്ടറിനു വേണ്ടി ചിത്രം സെലക്ട് ചെയ്ത ജൂറിക്ക് നന്ദി. നിങ്ങളുടെ പ്രോത്സാഹനമാണ് എന്റെ പാഥേയം.