‘Filing apeal’ എന്നതിന്റെ മലയാള വിവർത്തനം ‘അന്യായം ബോധിപ്പിക്കുക’ എന്നാണ്. അതായത് നിങ്ങൾ കോടതിക്ക് മുമ്പാകെ ബോധിപ്പിക്കുന്നതൊക്കെ ‘അന്യായ’മാണ്, ജാമ്യം കിട്ടാൻ നിങ്ങൾക്ക് ന്യായമില്ല എന്നർത്ഥം!!

അഞ്ചു വർഷത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം കിട്ടി ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബു പുറത്തിറങ്ങിയപ്പോൾ ഭാര്യ ജെന്നി റൊവേന സങ്കടത്തോടെ പങ്ക് വെച്ച കുറിപ്പിൽ പറയുന്നത്, വിചാരണ പോലുമില്ലാതെ ഹാനി കാരാഗ്രഹത്തിൽ കിടന്നത് തന്റെ ‘സാമൂഹിക ബോധം’ പ്രകടിപ്പിച്ചു എന്ന കുറ്റത്തിനാണ്!!

വെറും യാദൃശ്ചികതയായിരിക്കാം, എന്റെ മേശപ്പുറത്തിരുന്നത് ഇതേ കേസിൽ ജയിലിൽ കഴിയേണ്ടി വന്ന മുൻ IIT പ്രൊഫസർ ആനന്ദ് തെൽ തുമ്പ്ടെയുടെ ‘The cell and the soul: A prison memoir’ എന്ന പുസ്തകമാണ്.

വായന ഒരു കുറ്റകൃത്യമായി ഇത്‌ വരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല, നാളെ അങ്ങനെ ആയിക്കൂടെന്നില്ല. നിയമാനുസൃതം ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തെക്കുറിച്ച് എഴുതുന്നു എന്ന ‘അന്യായം’ മാത്രമേ എനിക്ക് ബോധിപ്പിക്കാനുള്ളൂ!!

തെൽതുമ്പ്ടെ എഴുതുന്നു, “I was under the delusion that because of my qualifications, the exalted positions I had held in the corporate world, my impeccable record of integrity and my general public image, I might not qualify for arrest.” വായിക്കുമ്പോൾ നട്ടെല്ലിലൂടെ തണുപ്പ് കേറുന്നത് തോന്നുന്നുണ്ടെങ്കിൽ അത് വെറും തോന്നലല്ല എന്ന് മാത്രം മനസ്സി ലാക്കുക!!

ബിസിനസ്‌ മാനേജ്‌മെന്റും ടെക്നോളജി യും പഠിച്ച് ജീവിതത്തിന്റെ നല്ലൊരു ഭാഗവും കാപിറ്റലിസത്തിന് വേണ്ടി ചെലവഴിച്ച തന്നെ ‘അർബൻ നക്സലാ’ക്കിയതിന്റെ യുക്തിയില്ലായ്മയെ പരിഹസിക്കുന്നുണ്ട് തെൽതുമ്പ്ടെ തന്റെ പുസ്തകത്തിൽ. കേസിന്റെ നാൾ വഴികളെക്കുറിച്ചും അന്തർ നാടകങ്ങളെക്കുറിച്ചും പുസ്തകം വിശദമായി വിവരിക്കുന്നുണ്ട്.

പൗരന്റെ അവസാനത്തെ അത്താണിയായ കോടതികളെ കുറിച്ച് അദ്ദേഹം എഴുതുന്നു, “The unfortunate thing is that our courts make all kinds of moralising observations during hearings but do nothing against delinquent officers for wilful violations of rules and laws”.

ആരുടെയൊക്കെയോ തിരക്കഥകൾക്ക് വേണ്ടി ജീവിതം ഹോമിക്കേണ്ടി വരുന്നവരുടെ പട്ടിക നീളുകയാണ്. സായി ബാബയും സ്റ്റാൻ സ്വാമിയും കടന്നു പോയി. അനേകം പേർ അവർ നടന്നു പോയ വഴിനോക്കി ഊഴം കാത്ത് കഴിയുന്നു. എല്ലാം ഒന്നു മതി എന്ന് നിശ്ചയിക്കപ്പെട്ട നാട്ടിൽ നീതി മാത്രം രണ്ട് തരം വേണമെന്ന് ആർക്കൊക്കെയോ നിർബന്ധമുണ്ട്. അവരാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ശത്രുക്കൾ. അവരെ കാലം തിരിച്ചറിയുക തന്നെ ചെയ്യും.