നീതി മനുഷ്യർക്ക് പോലും കിട്ടാക്കനിയാവുന്ന ഇക്കാലത്ത് ഇതര ജീവജാലങ്ങളെക്കുറിച്ചു ചിന്തിക്കാൻ ആർക്കാണ് നേരം! കേരള സർക്കാറിന്റെ നിർദിഷ്ഠ ‘ജുഡീഷ്യൽ സിറ്റി’ നിലവിൽ വരുമ്പോൾ കൊച്ചി നഗരത്തിന്റെ ശ്വാസകോശമായ എറണാകുളം കളമശ്ശേരിയിലെ എഛ് എം ടി വനം വെറും ഓർമ മാത്രമായി മാറും, അതിലെ അനേകായിരം ജീവജാലങ്ങളും.

എൺപതിലധികം പക്ഷി വർഗ്ഗങ്ങളും 74 ഇനം ചിത്രശലഭങ്ങളും 65 ഇനം മരങ്ങളും 35 ഇനം എട്ടുകാലി കളും ഒൻപത് ഇനം സസ്തനികളും, എണ്ണപ്പെടാത്ത മറ്റനേകം സൂക്ഷ്മ ജീവികളും ഉൾകൊള്ളുന്ന അത്യപൂർവ ജൈവകലവറയാണ് 72 എക്കർ മാത്രം വിസ്തൃതിയുള്ള ഈ പച്ചത്തുരുത്ത്.

എണ്ണമറ്റ മണിക്കൂറുകൾ ആ കാടിനുള്ളിൽ കറങ്ങി നടന്നിട്ടുണ്ട്. കഴിഞ്ഞ വേനൽ കാലത്ത് അത്തരമൊരു സന്ദർശത്തിനിടെയാണ് ആരോ ഒരുക്കിയ കുടിവെള്ള പാത്രത്തിൽ സ്വയം മറന്ന് കുളിക്കുന്ന ബുൾബുൾ പക്ഷിയെ കണ്ടത്. കുറെ ചിത്രങ്ങൾ എടുത്തു.

പിന്നെ രണ്ടു മാസത്തിലേറെക്കാലം തുടർച്ചയായി അവിടെ ചെന്നു. ഓരോ ദിവസവും നാലും അഞ്ചും മണിക്കൂറുകൾ ഒരേ നിൽപ്പിൽ കാമറയുമായി കാത്തുനിന്നു.

ഒരു നിമിഷാർധത്തിന്റെ അശ്രദ്ധയിൽ നഷ്ടപ്പെട്ടേക്കാവുന്ന ഒരു ചിത്രത്തിന് വേണ്ടി ധ്യാനത്തിലെന്ന പോലെ ഞാൻ കാത്തു നിന്നു. നൂറു കണക്കിന് ചിത്രങ്ങൾ പകർത്തി. ചിലപ്പോഴൊക്കെ മണിക്കൂറുകളുടെ കാത്തിരിപ്പുകൾ വെറുതെയായി. പക്ഷെ പിറ്റേന്ന് വീണ്ടും ഞാൻ ചെന്നു. കാട് കാത്ത് വെച്ച അനർഘ നിമിഷങ്ങൾക്കായി കാത്തിരുന്നു.

പകർത്തിയ ചിത്രങ്ങളിൽ നിന്ന് ഒരു തിരഞ്ഞെടുപ്പ് ദുഷ്കരമായിരുന്നു. ഓരോ ഫ്രെയ്മും അത്രക്ക് പ്രിയപ്പെട്ടതായിരുന്നു. അതിൽ ഏതാനും ചിത്രങ്ങളാണ് ‘മനോരമ ട്രാവലർ’ ഈ ലക്കം പ്രസിദ്ധീകരിച്ചത്. അവരോടുള്ള നന്ദി അറിയിക്കുന്നു.

തന്റെ രണ്ടര ഏക്കർ ഭൂമിയിൽ ആദി പുരാതനമായ അവകാശങ്ങളുള്ള ജന്തു ജാലങ്ങളെകുറിച്ച് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്തമായ ഒരു കഥയുണ്ട്.

അതിൽ, കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്ന മൂർഖനെ അടിച്ചു കൊല്ലാഞ്ഞതെന്ത് എന്ന ഭാര്യയുടെ ചോദ്യത്തിന് ബഷീറിന്റെ മറുപടി “അതും ഭവതിയെപ്പോലെ ഒരു ഈശ്വര സൃഷ്ടി. അതും ജീവിക്കട്ടെ. അതും ഈ ഭൂഗോളത്തിന്റെ അവകാശിയാണ്,” എന്നായിരുന്നു.

ഞാനും മക്കളും മറ്റുമാണ് പ്രപഞ്ചമെന്ന് വിചാരിച്ചാൽ മതി എന്ന് വാദിച്ച ഭാര്യയോട് ബഷീർ പറഞ്ഞു, “അത്രക്ക് ചെറുതാവാൻ എനിക്ക് വയ്യ.”

ദൈവം തമ്പുരാന്റെ സൃഷ്ടികൾ ഓരോന്നും പരിപൂർണ്ണ കലാസൃഷ്ടികളാണെന്നും അവർക്ക്കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നും ബഷീർ വിശ്വസിച്ചു.

‘ഭൂമിക്കൊരു ചരമഗീതം’ പ്രിയ കവി ഒ എൻ വി നേരത്തെ എഴുതി വെച്ചിട്ടുണ്ട്. വികസനത്തിന്റെ ഭാരം താങ്ങാനാവാതെ ഈ ഭൂമി മരിച്ചു തീരുമ്പോൾ അത് പാടാൻ നമ്മളുണ്ടാവില്ലെന്നുറപ്പ്!!!