ആട്ടിയിറക്കപ്പെട്ട തങ്ങളുടെ വീടിന്റെ തുരുമ്പിച്ച താക്കോൽ പല പലസ്തീൻ കുടുംബങ്ങളും ഇന്നും സൂക്ഷിക്കുന്നുണ്ട്, എന്നെങ്കിലുമൊരിക്കൽ ആ വീടുകളിലേക്ക് തിരിച്ചു പോകാനാവുമെന്ന പ്രതീക്ഷയോടെ.

1948ൽ 7,50,000 പലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് ആട്ടിയോടിച്ച് ആ ഭൂമി കയ്യേറിയാണ് ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്. ‘നക്ബ’ എന്നറിയപ്പെടുന്ന ആ പലായനത്തിൽ അന്ന് ആട്ടിയിറക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം ഗസ്സയിലാണ് താമസിക്കുന്നത്. അവരിൽ പലരും ടെൽ അവീവിനടുത്ത ജഫ്ഫയിൽ നിന്നുള്ളവരാണ്. പലസ്തീന്റെ ചരിത്രവും സംസ്കാരവും ആണ്ടു കിടക്കുന്ന ജഫ്ഫയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ പലസ്തീനികൾ അപ്പാടെ അപ്രത്യക്ഷതമാകുന്ന ഭീതി തമായ രംഗമാണ് ഇബ്തിസാം അസ്സമിന്റെ ‘The book of disappearance’ എന്ന നോവലിന്റെ മുഖ്യ പ്രമേയം.

പലസ്തീനികളുടെ അസ്തിത്വപ്രതിസന്ധിയും ചോര കിനിയുന്ന ഓർമ്മകളും വംശഹത്യയുടെ മുറിപ്പാടുകളും ഇഴചേർത്തുവെച്ച ലക്ഷണമൊത്ത പലസ്തീൻ പ്രതിരോധ സാഹിത്യമണീ കൃതി.

ജൂത പത്രവർത്തകൻ ഏരിയലും അദ്ദേഹത്തിന്റെ പലസ്തീനി സുഹൃത്ത് അലയുമാണ് നോവലിലെ പ്രധാന കഥാ പാത്രങ്ങൾ. പൊടുന്നനെ ഒരുനാൾ ഇസ്രായേലിൽ നിന്ന് നാല് മില്യൺ പലസ്തീനികൾ ഒന്നാകെ അപ്രത്യക്ഷമാവുന്നു, ഇന്റലിജൻസ് സംവിധാനങ്ങൾക്കോ സർക്കാറിന്റെ മറ്റ് ഏജൻസികൾക്കോ ഒരു സൂചന പോലും നൽകാതെ. എവിടേക്കാണ് അവർ അപ്രത്യക്ഷമായത് എന്ന് ആർക്കും വിശദീകരിക്കാൻ കഴിയുന്നില്ല.

കാണാതായ തന്റെ സുഹൃത്തിനെ തേടി ഏരിയൽ അലയുടെ അപ്പാർട്മെന്റിൽ എത്തുന്നു. വീടിന്റെ ഒരു സ്പെയർ കീ അല ജൂതനായ ഏരിയലിനെയാണ് ഏല്പിച്ചിരുന്നത്. അലയുടെ വീട്ടിലെത്തുന്ന ഏരിയലിനു പക്ഷെ സുഹൃത്തിനെ കണ്ടെത്താനാവുന്നില്ല. അവിടെ താമസം തുടങ്ങുന്ന ഏരിയൽ പതുക്കെ പതുക്കെ ആ വീട് സ്വന്തമാക്കുന്നു!! അധിനിവേശ ഭീകരതയുടെ ഗംഭീര ആവിഷ്കരണം.

ഇസ്രായേലി ആഖ്യാനങ്ങളെ ചോദ്യം ചെയ്യലാണ് പലസ്തീൻ സാഹിത്യത്തിന്റെ കാതൽ. ഇബ്തിസാ മും ചെയ്യുന്നത് അത് തന്നെയാണ്….. It’s true that Jaffans had developed the Shammuti oranges eighty years before, and that Jaffa oranges were registered trade mark before Herzl thought of Zionism. His grandfather never denied that, but the knowhow brought by men and women from established empires is what developed the country. He is not a colonizer. He was returning to his ancestor’s land after thousands of years. He said that any progress Palestine witnessed was European…..

പലസ്തീനികൾ ഒന്നാകെ അപ്രത്യക്ഷമയത് ദൈവീകമായ ഇടപെടലയാണ് സയണിസ്റ്റുകൾ കണ്ടത്. ഈ ‘ദൈവവിശ്വാസ’ത്തിന്റെ ഇരട്ടത്താപ്പിനെ ഒരു സംഭാഷണത്തിലൂടെ നോവലിസ്റ്റ് കളിയാക്കുന്നുണ്ട്. “നാം ദൈവമില്ലെന്ന് വിശ്വസിക്കുന്നു. അതേ ദൈവം നമുക്ക് പ്രോമിസ്ഡ് ലാൻഡ് വാഗ്ദാനം ചെയ്തു എന്ന് പറയുന്നു. ഇപ്പോൾ അതേ ദൈവം നമുക്ക് വേണ്ടി പലസ്തീനികളെയാകെ അപ്രത്യക്ഷമാക്കി നമ്മുടെ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിച്ചിരിക്കുന്നു.”

പലസ്തീനികൾ എങ്ങോട്ടാണ് അപ്രത്യക്ഷ്യമായത് എന്ന് നോവൽ വിശദീകരിക്കുന്നില്ല. പലസ്തീൻ പ്രശ്നം ഇലക്കും മുള്ളിനും കേടില്ലാതെ തീർന്നു കിട്ടിയ സന്തോഷത്തിൽ പൊതു അവധി പ്രഖ്യാപിച്ചു കൊണ്ട് ആ ശൂന്യത ആഘോഷിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതോടെ നോവൽ അവസാനിക്കുന്നു.

കലയും സാഹിത്യവും പ്രതിരോധത്തിന്റെ മൂർച്ചയുള്ള ആയുധങ്ങളാണ് പലസ്തീനികൾക്ക്. മഹമൂദ് ദർവീശിന്റെയും ഗസൻ ഗനഫാനിയുടെയും വരികൾ തലമുറകൾക്ക് പ്രചോദനമായി ഇന്നും നിലകൊള്ളുന്നു. അത് കൊണ്ട് വംശ ഹത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പലസ്തീനി എഴുത്തുകാരും ബുദ്ധിജീവി കളും പത്രപ്രവർത്തകരും ആയിരുന്നു. ഏതാണ്ട് മുന്നൂറോളം പത്ര പ്രവർത്തകർ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ബാക്കിയുള്ള പലരും വർഷങ്ങളയി ജയിലറക്കുള്ളിലാണ്.

2024 ലെ അറബ് ബുക്കർ പ്രൈസ് ജേതാവ് ബാസിം ഖണ്ഡക്ജിയും ഹമാസ് നേതാവ് യഹ്‌യ സിൻവറുമൊക്കെ നോവൽ എഴുതിയത് ഇസ്രായേലി ജയിലിൽ കിടന്നാണ്. 21 വർഷത്തിന് ശേഷം ഖണ്ഡക്ജി ഗസ്സ ഡീലിന്റെ ഭാഗമായി ഈയിടെ ജയിൽ മോചിതനായി. ഇനിയുമെത്രയോ പേർ വിചാരണ പോലുമില്ലാതെ ഇരുമ്പഴിക്കുള്ളിൽ കഴിയുന്നുണ്ട്.

അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട നോവൽ ഇബ്തി സം അസ്സമിന്റെ രണ്ടാമത്തെ നോവലാണ്. ആദ്യ നോവൽ The sleep thief 2011ൽ പുറത്തിറങ്ങിയിരുന്നു.