കൊച്ചു കുട്ടിയായിരിക്കെ വീടിനടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ ഇത്താത്തമാരുടെ കൈപിടിച്ച് കലങ്കരി ഉത്സവം കാണാൻ പോയത് ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മയുണ്ട്.
സ്കൂളിൽ പഠിക്കുന്ന കാലത്ത്, മുസ്ലിം മാനേജ്മെന്റ്ന് കീഴിലുള്ള, ഭൂരിഭാഗം മുസ്ലിം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ, ശബരിമല സീസൺ കാലത്ത് സഹപാഠികളിൽ ചിലർ കറുത്ത മുണ്ടുടുത്ത് വരുമായിരുന്നു. സാമീ, സാമീ എന്നായിരുന്നു ഞങ്ങൾ അപ്പോൾ അവരെ വിളിച്ചിരുന്നത്. പതിവിലും കൂടുതൽ കരുതൽ അക്കാലത്ത് അവരോട് കാണിക്കുമായിരുന്നു. അവരെ കണ്ടിട്ട് ഞങ്ങൾക്ക് ആർക്കും പേടി തോന്നിയിരുന്നില്ല!
കോളേജ് പഠന കാലത്ത് ഒന്നിച്ചുള്ള യാത്രകളിൽ ഞാൻ പള്ളിയിൽ കയറുമ്പോഴൊക്കെ ആത്മ സുഹൃത്ത് പ്രഭാകരൻ പുറത്ത് എന്നെ കാത്ത് നിൽക്കുമായിരുന്നു. എന്നെ കണ്ടിട്ട് അന്ന് അവന് പേടി തോന്നിയിരുന്നില്ല!!
ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്ത്, പരമ ഭക്തയായിരുന്ന എന്റെ തൊഴിലുടമ, ക്ഷേത്രത്തിൽ പോകുമ്പോഴൊക്കെ ഞങ്ങൾ സ്റ്റാഫിനെ കൂടെ കൂട്ടുമായിരുന്നു. അവർ പൂജ കഴിഞ്ഞു തിരിച്ചു വരുന്നത് വരെ കൂട്ടത്തിലെ ഏക മുസ്ലിമായ ഞാൻ ആ ക്ഷേത്ര പരിസരത്തു ചുറ്റി നടക്കുമായിരുന്നു. അവരെ കണ്ടിട്ട് എനിക്കൊരിക്കലും പേടി തോന്നിയിരുന്നില്ല!!!
സുഹൃത്ത് സെന്തിൽ കുമരന്റെ വീട്ടിൽ ചെല്ലുമ്പോഴൊക്കെ ആ വീട്ടിൽ വെച്ച് നിസ്കരിക്കാൻ അവൻ സൗകര്യം ഒരുക്കിത്തരുമായിരുന്നു. ഞാൻ നിസ്കരിക്കുന്നത് കണ്ടിട്ട് അവന് ഒരിക്കലും പേടി തോന്നിയിട്ടില്ല!!!!
തമിഴ്നാട്ടിലെ ചരിത്ര പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളുടെയും ഫോട്ടോ ഞാൻ പകർത്തിയിട്ടുണ്ട്. അപ്പോഴൊന്നും എന്റെ വിശ്വാസം പൊളിഞ്ഞു വീഴുന്നതായി എനിക്ക് തോന്നിയിട്ടില്ല.

പോരാളിയായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ കാർമ്മികത്വത്തിൽ നിർമിച്ച എന്റെ നാട്ടിലെ കൊടിഞ്ഞി പള്ളിയിൽ നടക്കുന്ന പല ആഘോഷങ്ങളിലും അവിടുത്തെ കീഴാള ഹിന്ദുക്കൾ ഇന്നും പങ്കെടുക്കാറുണ്ട്. പതിറ്റാണ്ടുകളായി ഈ പാരമ്പര്യം തുടർന്ന് പോരുന്നു.
ഭഗവതി ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ഇന്നും മുസ്ലിംകൾക്കായി ക്ഷേത്രത്തിൽ സദ്യയൊരുക്കാറുണ്ട്. അത് കണ്ടിട്ട് ആർക്കും പേടി തോന്നാറില്ല!!!!
സഹപാഠിയുടെ തട്ടം കണ്ടിട്ട് മറ്റുകുട്ടികൾക്ക് പേടി തോന്നുന്നു എന്ന് കേൾക്കുമ്പോൾ ഉള്ള് പൊള്ളുന്നത് അത് കൊണ്ടാണ്.
കറകളഞ്ഞ ഏകദൈവ വിശ്വാസം പാലിക്കാൻ ആവശ്യപ്പെടുമ്പോഴും, ഇതര മതസ്ഥരുടെ ആരാധനാ മൂർത്തികളെ അധിക്ഷേപിക്കരുത് എന്ന് ഖുർആൻ കണിശമായി ആവശ്യപ്പെടുന്നു.
ജൂതന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കണ്ട്എ ഴുനേറ്റ്നിന്ന പ്രവാചകനോട് അനുയായികൾ ചോദിച്ചത്രെ അത് ഒരു ജൂതന്റെ മൃതദേഹമല്ലേ എന്ന്. ‘അത് ഒരു മനുഷ്യന്റെ മൃതദേഹമാണ്’ എ ന്നായിരുന്ന പ്രവാചകന്റെ പ്രതികരണം. ആ പ്രവാചകനാണ് എന്റെ വഴികാട്ടി.
എന്റെ മതം എനിക്ക് തൊലിപ്പുറത്ത് തേക്കാനുള്ള സൺസ്ക്രീൻ അല്ല. അത് എന്റെ ജീവിതത്തെ ആകമാനം ചൂഴ്ന്നു നിൽക്കുന്ന വികാരമാണ്. പക്ഷെ അത് എന്നെ പരമത വിദ്വേഷം പഠിപ്പിച്ചിട്ടില്ല.
മനസ്സിൽ പരമത വിദ്വേഷത്തിന്റെ കാളകൂടം പേറുന്നവർ നമുക്ക് ചുറ്റും പെരുകി വരുന്നത് കാണുമ്പോൾ ഇപ്പോൾ എനിക്ക് ശരിക്കും പേടിയാവുന്നുണ്ട്!!!!