ഒന്നും മുൻകൂട്ടി നിശ്ചയിക്കുന്നതല്ല, പലപ്പോഴും അങ്ങനെ സംഭവിച്ചു പോവുന്നതാണ്. ആ ദിവസത്തെ ഏറ്റവും നല്ല ചിത്രം അവസാനം കിട്ടുന്ന ചിത്രമായിരിക്കും!!
ഇന്നും പതിവ് പോലെ ഏറെ നേരത്തെ അലച്ചിലിനൊ ടുവിൽ കാമറ എടുത്ത് ബാഗിൽ വെക്കാനൊരുങ്ങുമ്പോഴാണ് ഈ ദൃശ്യം ശ്രദ്ധയിൽ പെട്ടത്.

പച്ചപ്പരവതാനി വിരിച്ചപോലെ പായൽ കെട്ടിനിൽക്കുന്ന വെള്ളക്കെട്ടിനു നടുവിൽ കത്തുന്ന വെയിൽ തട്ടി തിളങ്ങുന്ന കറുത്ത തൂവലുള്ള പക്ഷി വിശ്രമിക്കുന്നു.
നല്ല ഒരു ഫ്രയിം ഒത്തു കിട്ടിയ സന്തോഷത്തിൽ കുറെ ചിത്രങ്ങൾ എടുത്തു. അപ്പോഴേക്കും എന്നെ കണ്ട പക്ഷി മെല്ലെ എണീറ്റ് തൊട്ടടുത്ത ചെടികൾക്കിടയിൽ മറഞ്ഞു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, വള്ളിപ്പടർപ്പുകൾ കൊണ്ടുണ്ടാക്കിയ കൂട്ടിൽ അടയിരിക്കുകയായിരുന്നു ആ പക്ഷി. കൂട്ടിൽ തവിട്ട് നിറത്തിലുള്ള മൂന്ന് മുട്ടകൾ.

Bronze-winged Jacana യെ ഒരു പാട് കണ്ടിട്ടുണ്ടെങ്കിലും അടയിരിക്കുന്ന കൂട് മുട്ടയോടെ കാണുന്നത് ആദ്യമാണ്. കുറെ ചിത്രങ്ങൾ എടുത്തു. അടയിരിക്കുകയോ കൂടൊരുക്കുകയോ ചെയ്യുന്ന പക്ഷികളെ ശല്യപ്പെടുത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്.

ഏതായാലും ചിത്രങ്ങൾ എടുത്ത് ഞാൻ മാറി നിന്നു. പക്ഷി തിരിച്ചു വന്ന് അടയിരിക്കുന്നു എന്ന് ഉറപ്പായ ശേഷമാണ് ഞാൻ സ്ഥലം വിട്ടത്. പലപ്പോഴും മനുഷ്യന്റെ ശ്രദ്ധയിൽ പെട്ടു എന്നറിഞ്ഞാൽ നിർമാണത്തിലിരിക്കുന്ന കൂട് പോലും അവർ ഉപേക്ഷിച്ചു പോകാറുണ്ടത്രേ.
