2014 മാർച്ച്‌ മാസത്തിലെ പൊള്ളുന്ന ഉഷ്ണ കാലത്താണ് തമിഴ്‌നാട്ടിൽ നാമക്കൽ ജില്ലയിലെ തൃചങ്കോട് ഗാന്ധി ആശ്രമത്തിൽ ഞാനെത്തിയത്. ഗാന്ധി ഭക്തന്മാർ പോലും എന്നോ മറന്നു പോയ ബാപ്പുവിന്റെ ഗ്രാമീണ സമ്പത് വ്യവസ്ഥയുടെ അവശേഷിക്കുന്ന അപൂർവ്വ തുരുത്തുകളിൽ ഒന്നാണ് ഈ ആശ്രമം.

1925 ൽ ആശ്രമം സന്ദർശിച്ചപ്പോൾ ഗാന്ധിജി താമസിച്ച പർണകൂടി ഇന്നും അത് പോലെ ഇവിടെ നിലനിർത്തിയിട്ടുണ്ട്.

തുടർച്ചയായ കൃഷിനാശം കാരണം കർഷകർ ശ്രീലങ്കയിലേക്ക് കുടിയേറിക്കൊണ്ടിരുന്നത് തടയാനാണ് ഗാന്ധി ശിഷ്യനായ ശ്രീ രാചഗോപാലചാരി 1925ൽ ഈ ആശ്രമം തുടങ്ങിയത്. ഇന്ന് നൂറിലധികം ഗ്രാമീണ തൊഴിലാളികൾക്കും (അവരിലധികവും അംഗവൈകല്യം ബാധിച്ചവരോ രോഗികളോ ആണ്) ആയിരത്തിലധികം കരകൗശല വിദഗ്ദ്ധർക്കും ആശ്രയമാണീ സ്ഥാപനം. ഗ്രാമീണ വിഭവങ്ങൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്.

ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഒക്ടോബർ രണ്ടിന് ചപ്പ്ചവറ് വാരുന്ന ഏർപ്പാടിനെക്കാൾ, ക്രിയാത്മകമായ ഇത്തരം കേന്ദ്രങ്ങളാണ് നമുക്ക് ആവശ്യം. ഗാന്ധിയെ കൊന്ന് തള്ളിയവർ തന്നെ ഗാന്ധി ഭക്തരായി വേഷം കെട്ടുന്ന ഇക്കാലത്ത് വിശേഷിച്ചും!!