ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ ആഘോഷമാക്കിമാറ്റിയ അരുന്ധതി റോയിയുടെ പുസ്തകത്തെക്കുറിച്ച് ഇനിയുമൊരു കുറിപ്പോ എന്ന് ന്യായമായും ചോദിക്കാം. ഒരു പുസ്തകത്തിനും രചയിതാവിനും കിട്ടാവുന്നതിന്റെ പരമാവധി പബ്ലിസിറ്റി അവർക്ക് ലഭിച്ചിട്ടുണ്ട്. എഴുതപ്പെട്ടതത്രയും ‘ധിക്കാരിയായ അമ്മയുടെ ധിക്കാരിയായ മകളുടെ തുറന്നു പറച്ചിൽ’ എന്ന നിലയിലാണ്.

വ്യത്യസ്തമായി കണ്ട ഒന്ന് ‘മിഡിൽ ഈസ്റ്റ് മോണിറ്ററി’ൽ ഇസ്മായിൽ സലാഹുദ്ധീൻ എഴുതിയ ലേഖനമാണ്. കോർപറേറ്റ് മുതലാളിത്വത്തെ നിശി തമായി വിമർശിക്കുന്ന അരുന്ധതി, Penguin Books നെക്കൊണ്ട് തന്റെ പുസ്തകം പ്രസാധനം ചെയ്യിക്കുന്നതിന്റെ അസാംഗത്യത്തെ ക്കുറിച്ചായിരുന്നു ആ കുറിപ്പ്. നരേന്ദ്ര മോഡിയെ പ്രൊമോട്ട് ചെയ്യുകയും ഇസ്രായേലി ടെക്ക് കമ്പനിയിൽ പണമിറക്കുകയും ചെയ്യുന്ന ‘Penguin’ ന്റെ കൈകളിലെ ചോര അരുന്ധതി സൗകര്യപൂർവം വിസ്മരിക്കുന്നു എന്നതായിരുന്നു ആ വിമർശനത്തിന്റെ കാതൽ.
‘ഒരു പുസ്തകത്തിൽ നിന്ന് പലരും പലതാണ് വായിക്കുന്നത്’ എന്ന് പറയാറുണ്ടല്ലോ. ആ അർത്ഥത്തിൽ, ഞാൻ വായിച്ചത് അമ്മയും മകളും തമ്മിലുള്ള പോരല്ല, അരുന്ധതിയുടെ വിയോജിപ്പിന്റെ രാഷ്ട്രീയമാണ്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ ഗ്രൂപ്പിന്റെയോ പിന്തുണ ഇല്ലാതിരുന്നിട്ടും ഭരണകൂട ശക്തികൾക്കെതിരിലും കോടതികൾക്കെതിരിൽ പോലും പോരാടി നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള ചങ്കുറപ്പ് ഇവർക്ക് എങ്ങനെ കിട്ടി എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം ഈ പുസ്തകം നൽകുന്നുണ്ട്.
സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ നടന്ന്, കനൽപഥങ്ങൾ താണ്ടിയാണ് അവർ ‘ഗ്ലോബൽ സെലബ്രിറ്റി’ വരെ എത്തി നിൽക്കുന്നത്.
ഇന്ന് ആ സെലബ്രിറ്റി സ്റ്റാറ്റസിന്റെ സുരക്ഷിതത്വം അവർ അനുഭവിക്കുന്നു എന്നത് നേരാണ്. ഇല്ലെങ്കിൽ, നീതിക്ക് വേണ്ടി ശബ്ദിച്ച മറ്റനേകം പോരാളികളെ പോലെ അവരും എന്നേ ജയിലറക്കുള്ളിലായേനെ!
പലപ്പോഴും, അരുന്ധതിയുടെ ചാട്ടുളി പോലെയുള്ള ഭാഷയാണ് കോടതികളെപ്പോലും പ്രകോപിപ്പിച്ചത്. പക്ഷെ നീതിയുടെ അവസാനത്തെ അഭയ കേന്ദ്രമായ കോടതികൾ പോലും എത്ര ബാലിശമായാണ് വിമർശനങ്ങളോട് പ്രതികരിക്കുന്നത് എന്ന് ആരും അതിശയിച്ചു പോകും ചാർത്തപ്പെട്ട ചില കുറ്റങ്ങൾ കേട്ടാൽ.
ഡൽഹി യൂണിവേഴ്സിറ്റി പ്രോഫസർ ആയിരുന്ന സായിബാബയെക്കുറിച്ചുള്ള ഒരു ലേഖനത്തിന്റെ പേരിൽ അവർ ക്കെതിരെ കേസെടുക്കാനുള്ള കാരണം അവർ ഒരു ‘മജിസ്ട്രെറ്റിനെ കൊച്ചാക്കി കാണിച്ചു’ എന്നതാണ്! കേസിനാ സ്പദമായ വാക്യം അരുന്ധതി ഉദ്ധരിക്കുന്നു, ” On 12 September 2013, his (Saibaba’s) home was raided by fifty policemen armed with a search warrant for stolen property from a magistrate in Andheri, a small town in Maharashtra.’ മറ്റു പല കേസുകളുടെയും സ്വഭാവം ഇത് തന്നെയാണ്.
പാർലമെന്റ് ആക്രമണ കേസിൽ കുറ്റ മാരോപിക്കപ്പെട്ട ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ എസ് എ ആർ ഗീലാനിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ട ശേഷമുള്ള കേസിന്റെ മലക്കം മറിച്ചിലുകൾ അവർ ഇങ്ങനെ വിശദീകരിക്കുന്നു, “So now we had a conspiracy with no mastermind. That didn’t turned out to be a problem. The fourth person, who had so far been cast as minion in the script, was promoted. Afsal Guru became the new mastermind. The high court handed him a double death sentence and several life sentences. Somebody had to be punished. In its final judgment, the Supreme Court said it had no ‘direct evidence amounting to criminal conspiracy’, but went on to say, ‘The incident, which resulted in heavy casualties, had shaken the entire nation, and the collective conscience of (the) society will only be satisfied if capital punishment is awarded to the offender.’ A man’s life was prescribed as a medication to soothe a maddened nation.” ( P 292 ).
കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് എഴുതുന്നത് ഇങ്ങനെ, “Nothing that you read or watch in the Indian newspapers and television channels prepares you for the reality in Kashmir. I could not believe the range, the depth, the depravity and the sheer inventiveness of the cruelty that was being perpetrated on a people, all in the name of democracy. ‘Demon-crazy’ people there called it and demon-crazy it surely was”.
പക്ഷെ പുസ്തകത്തെ വിലയിരുത്തിയവരോ അവരുടെ അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തകരോ ഈ പൊള്ളുന്ന സത്യങ്ങളൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്, അപൂർവ്വം ചിലരൊഴികെ. അരുന്ധതിയുടെ ചങ്കുറപ്പ് മാധ്യമപ്രവർത്തകരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ!
Tags: Mother Mary Comes To Me