‘ഏറ്റവും അടുത്തുള്ള കൂട്ടുകാരിൽ മരണമേ ഞാൻ നിന്റെ പേരല്ലാതെ മറ്റെന്തെഴുതിവെക്കാൻ’. ഈയിടെ വായിച്ച, സുഹൃത്ത് ഷഫീഖിന്റെ കവിതാ സമാഹാരത്തിലെ ഒറ്റവരിക്കവിതയാണിത്. മരണം ഒരു നിശബ്ദ സാനിധ്യമാണ്. ഒരു നിഴൽപോലെ അതെപ്പോഴും നമ്മുടെ കൂടെയുണ്ട്.

എന്റെ ഏകാന്ത യാത്രകളുടെ ഏതെങ്കിലുമൊരു നിമിഷാർദ്ധത്തിൽ മരണം എന്നെ തേടിയെത്തുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിൽ ആധിയില്ല. നിങ്ങൾ എത്ര ഭദ്രമായ കോട്ടക്കകത്താണെങ്കിലും മരണം നിങ്ങളെ തേടിയെത്തുമെന്ന് ഖുർആൻ പറയുന്നു (ഖു: 4:78), അവധിയെത്തിയ ഒരാത്മാവിനെയും ഒരു നിമിഷം പോലും പിന്തിക്കില്ലെന്നും (ഖു: 611).
അപ്പോൾ പിന്നെ നമ്മുടെ ആധികൾ നിരർത്ഥകമാണ്. പക്ഷെ, പ്രായോഗിക ജീവിതത്തിൽ അത്ര ധീരമായി മരണത്തെ നേരിടാൻ നമുക്ക് കഴിയാറില്ല എന്നതാണ് നേര്. മരണമെത്തും വരെ കർമ്മനിരതനാ വാനാണ് വിശ്വാസിയോട് ഇസ്ലാം ആവശ്യപ്പെടുന്നത്. എവിടെവെച്ച് കണ്ടുമുട്ടുമെന്ന് നമുക്ക് ഒരു ഉറപ്പുമില്ല, പിന്നെ വ്യാകുലപ്പെടന്നതിലെന്തർത്ഥം?
യാത്രകൾക്കിടെ മരണത്തോട് മുഖാമുഖം എന്ന് തോന്നിപ്പോയ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ തമിഴ്നാട്ടിലെ, വെല്ലൂർ കോട്ടയുടെ മുകളിൽ വെച്ച് ഒരു ഇരുമ്പ് കമ്പി കാലിൽ തുളഞ്ഞു കയറി ബോധരഹിതനായി വീണു. മറ്റൊരിക്കൽ, ഏകാന്തമായ ഒരു തുരുത്തിൽ പക്ഷികളെ തേടിച്ചെന്ന ഞാൻ അരക്ക് മീതെ ആഴത്തിൽ ചെളിക്കുണ്ടിൽ ആണ്ടു പോയി. അല്ലാഹുവിന്റെ ഖജനാവിൽ നിന്ന് അനുവദിക്കപ്പെട്ട സമയം ബാക്കിയുള്ളത് കൊണ്ട് മാത്രം ഇന്നും ജീവിച്ചിരിക്കുന്നു.
അത്തരം ഘട്ടങ്ങളിലൊക്കെ ജീവിതത്തെകുറിച്ചും മരണത്തെ കുറിച്ചുമൊക്ക ഞാൻ വായിച്ച ഖുർആൻ പാഠങ്ങളാണ് എനിക്ക് കരുത്തായത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. വേദനയുടെ മഹാ സമുദ്രങ്ങൾ താണ്ടിയപ്പോഴും ഖുർആൻ ഒരു സാന്ത്വന മന്ത്രമായി അനുഭവപ്പെട്ടിട്ടുണ്ട്.
………..
ഈയിടെ മക്കളോടൊത്ത് തട്ടേക്കാട് വനത്തിലൂടെ നടക്കവെ ഒരു മരക്കമ്പ് മകളുടെ കാലിൽ തറച്ചു കയറി അവൾ തളർന്നു വീണു. ഏറെ പ്രയാസപ്പെട്ട് എന്റെ ചുമലിൽ താങ്ങിയാണ് അവളെ പുറത്തെത്തിച്ചത്. ഒരു ചെറിയ സർജറിക്കും ഒരു ദിവസത്തെ ആശുപത്രി വാസത്തിനും ശേഷം അവൾ സുഖം പ്രാപിച്ചു. അൽഹംദുലില്ലാഹ്.
പിറ്റേ ദിവസം കോളേജ് ജീവിതത്തിലെ ആദ്യ ദിനം തുടങ്ങാനിരിക്കെ അപ്രതീക്ഷിതമായി വന്നുപെട്ട അപകടം കാരണം കാമ്പസിന് പകരം അന്ന് ആശുപത്രി കിടക്കയിൽ ചെലവഴിക്കേണ്ടി വന്നു. അവളുടെ വേദന കണ്ടപ്പോഴാണ് എന്റെ പഴയ അനുഭവങ്ങൾ ഓർത്തത്……