“വിനയത്തോടെ സമ്മാനങ്ങൾ സ്വീകരിക്കുമ്പോഴും പ്രവാചകൻ ദാനധർമങ്ങൾ സ്വീകരിക്കുന്നില്ലെന്നത് അവരുടെ ശ്രദ്ധ കവർന്നു. ഗോത്ര പക്ഷേപാതിത്വങ്ങളിൽനിന്ന് അദ്ദേഹം അകലം പാലിക്കുന്നു. ബനുന്നജാറിൽപെട്ട തന്റെ മാതുലന്മാരോട് പ്രതേക മമതയൊന്നും കാണിക്കുന്നില്ല. യസ് രിബിലെ വീടുകൾ തന്നെ സ്വീകരിക്കുന്നതിലൂടെ ബഹുമതി നേടാൻ കൊതിക്കുന്നുണ്ടെങ്കിലും അവിടത്തെ ആളും ആരവവുമുള്ള ഗോത്രങ്ങളിൽ ആരോടും അവിടുന്ന് പ്രത്യേക സ്നേഹം പ്രകടിപ്പിക്കുന്നില്ല. യസ് രിബിന്റെ ഹൃദയ ഭാഗത്തേക്ക് പ്രവേശിച്ചപ്പോൾ പ്രവാചകൻ തന്റെ ഒട്ടകത്തിന്റെ കടിഞ്ഞാൺ വിടുന്നു. ‘എവിടെ മുട്ടുകുത്തണമെന്ന് അതിന് ദൈവിക ബോധമുണ്ട്’ എന്ന് പറഞ്ഞ് തങ്ങളുടെ ആതിഥേയത്വം സ്വീകരിക്കാനുള്ള ക്ഷണം അവിടുന്ന് നിരസിക്കുന്നു.
ഏതെങ്കിലും ഗോത്രത്തിൽ നിന്നോ ഉപഗോത്രത്തിൽ നിന്നോ നിർണിത വിഭാഗത്തെ തെരഞ്ഞെടുക്കാനും പ്രവാചകൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ പള്ളിയും, തന്റെ കുടുംബത്തിന്റെ ഭവനവുമാകാൻ പോകുന്ന ഭൂമിയിൽ ഒട്ടകം മുട്ടുകുത്തിയപ്പോൾ പണം കൊടുത്ത് ആ ഭൂമി വാങ്ങിയിട്ടേ അതിന്റെ ഉടമസ്ഥനാവൂ എന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു……..
മുസ്ലിംകൾ പള്ളിനിർമ്മാണമാ രംഭിച്ചപ്പോൾ അവിടുന്ന് അവരിൽ ഒരാളായി കൂടെ നിൽക്കുന്നു. അവരോടൊപ്പം കല്ലും മണ്ണും ചുമക്കുന്നു. സ്വന്തം കൈകൊണ്ട് നിർമ്മിക്കുന്നു. തങ്ങളുടെ നേതാക്കളിൽനിന്ന് അവർ ശീലിച്ചിട്ടില്ലാത്തൊരു പാഠം പ്രവാചകൻ അവർക്ക് പകർന്നു നൽകുന്നു. മുസ്ലിമെന്നോ മുസ്ലിമിതരനെന്നോ വ്യത്യാസമില്ലാതെ എല്ലാ യസ് രിബ് നിവാസികളുടെയും മനസ്സിൽ തങ്ങളൊരു അതുല്യ നേതാവിന്റെ സന്നിധിയിലാണെന്ന വികാരം സൃഷ്ടി ക്കുന്നു. തങ്ങളുടെ നേതാക്കൾ ഗോത്ര പക്ഷപാതിത്വത്തോടെയും കുടുംബ മഹിമ നിലനിർത്താനും എടുക്കുന്ന ആവർത്തന വിരസമായ ചുവട്
വെപ്പുകൾ അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുന്നില്ല. നേതൃത്വത്തിന്റെ കാര്യത്തിൽ അതുല്യനാണെന്ന് യസ് രിബുകാർ ഉറപ്പിച്ച സ്ഥിതിക്ക് ചിരപരിചിതമല്ലാത്ത പുതിയ തീരുമാനങ്ങൾ അദ്ദേഹത്തിൽ നിന്ന് അവർ പ്രീതിക്ഷിക്കേണ്ടതുണ്ട്. അത് തന്നെയാണ് ഫലത്തിൽ സംഭവിച്ചതും.”
ഈയിടെ വായിച്ച ഒരു പ്രവാചക ജീവ ചരിത്രത്തിൽ നിന്നുള്ള ഭാഗമണിത്.
ഇനി നമ്മുടെ മതസംഘടനാ നേതൃത്വങ്ങളെ നോക്കൂ….
അനുയായികൾ ചാർത്തിക്കൊടുത്ത നിരർത്ഥകമായ പട്ടങ്ങളുടെ പുറത്ത് വിരാജിക്കുന്നു ചിലർ. അധികാര സ്ഥാനങ്ങളിൽ ആജീവനാന്തം അള്ളി പ്പിടിച്ചിരിക്കുന്നു മറ്റു ചിലർ. മുരീദു കളുടെ സംഭാവനകൾ വാങ്ങി മണി മന്ദിരങ്ങൾ പണിയുന്നു വേറെചിലർ, മതം വിറ്റ് ഉപജീവനം കണ്ടെത്തുന്നു ഇനിയും ചിലർ….
പ്രവാചക പാഠങ്ങൾ അതിന്റെ എല്ലാ ഉൾക്കരുത്തോടും കൂടി നെഞ്ചിലേറ്റുന്ന ഒരു യുവത ഇവിടെ പിറവിയെടുക്കും. അന്ന്, വില്പനക്ക് വെച്ച പണ്ഡിത കേസരികളെ, നിങ്ങൾ നേപ്പാളിലെ രാഷ്ട്രീയക്കാരെപ്പോലെ ഉടുതു ണിയില്ലാതെ തെരുവിൽ നിർത്തിപ്പെടും. ഇന്ഷാ അള്ളാഹ്!