“ദീർഘചതുരാകൃതിയിലുള്ള വലിയൊരു പെട്ടിപോലെയാണീ ജൂതത്തെരുവെന്ന് സാമുവലിന് തോന്നാറുണ്ട്. മുകളിൽ നീലാകാശം. താഴെ കോൺക്രീറ്റ് പാകിയ നിരത്ത്. ഇരുവശവും ഇരുനിലകെട്ടിടങ്ങൾ. തീവണ്ടിയുടെ കമ്പാർട്ട്മെന്റുകൾ പോലെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന വീടുകൾ നിറയെ ഒരു കാലത്ത് ജൂതന്മാരാണ് താമസിച്ചിരുന്നത്. വീടുകൾക്കിടയിൽ മതിലുകളോ ചുറ്റുമതിലുകളോ ഇല്ല. ഡച്ചുകാരുടെ ഡിസൈനായിരിക്കണം. പത്തഞ്ഞൂറു കൊല്ലം മുമ്പുണ്ടാക്കിയ തായിട്ടും വലിയ കുഴപ്പമൊന്നുമില്ലാതെ ഇങ്ങനെ നിൽക്കുന്നില്ലേ? “

ഏതാണ്ട് ഒരു വർഷം മുമ്പ് നേരിൽ കണ്ടപ്പോൾ പിറക്കാനിരിക്കുന്ന നോവലിനെ കുറിച്ച് ജമാൽക്ക പറഞ്ഞിരുന്നു. ബോണസ്സായി കിട്ടിയ ആയുസ്സ് (ജമാൽക്കയുടെ വാക്കുകൾ) തീരുംമുമ്പേ, ദീർഘനാളത്തെ അന്വേഷണത്തിന്റെ ഫലമായ ആ നോവൽ പുറത്തിറങ്ങി കാണാനുള്ള ആഗ്രഹം ആ മുഖത്ത് പ്രകടമായിരുന്നു. ജനിച്ചു വളർന്ന നാടിന് കഥാകാരന്റെ ഉപഹാരം. നോവൽ പുറത്തിറങ്ങി രണ്ടുമാസത്തിനകം രണ്ടാം പതിപ്പ് ഇറങ്ങിയപ്പോൾ ജമാൽക്ക ഏറെ സന്തോഷിച്ചിരിക്കണം.

“നോവലെഴുത്തെന്നാൽ കുട്ടിക്കളിയല്ല. ദൈവത്തിന്റെ പണിയാണത്. ഒരു ലോകമുണ്ടാക്കണം. അതിൽ പാർക്കുന്ന മനുഷ്യരേയുണ്ടാക്കണം. ഓരോരോ സാഹചര്യത്തോടും അവരെങ്ങനെ പ്രതികരിക്കുന്നുവെന്ന് ആവിഷ്കരിക്കാൻ കഴിയണം. റിയലി ഏ ടീഡിയസ് ജോബ്, ഒൺലി ഗോഡ് കേൻ” നോവലിൽ സമ്മിയെന്ന കഥാപാത്രം പറയുന്നതാണിത്.

പക്ഷെ ആ ജോലി ജമാൽക്ക ഭംഗിയായി നിർവഹിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ജൂത ആചാരങ്ങളും ശീലങ്ങളും ആഘോഷങ്ങളുമൊക്കെ ഹീബ്രു പദങ്ങളുടെ മേമ്പൊടിയോടെ അതിമനോഹരമായി ഇതൾവിരിയുന്നുണ്ട് നോവലിൽ.


സർഗ്ഗ സാഹിത്യ നിരൂപണം എനിക്കറിയുന്ന പണിയല്ല, അതിന് മുതിരുന്നില്ല. നോവലിന്റെ ഭൂമികയിലൂടെ നടത്തിയ എണ്ണമറ്റ യാത്രകൾക്കിടെ പകർത്തിയ ആയിരക്കണക്കിന് ചിത്രങ്ങളിൽനിന്ന് നോവലിൽ പ്രതിപാദിക്കപ്പെട്ട ഏതാനും ചരിത്ര ശേഷിപ്പുകളുടെ ചിത്രങ്ങളാണ് ചുവടെ.

ഡാനിയൽ കോച്ചയും റൂബി ആന്റിയും, ശാലോം കോച്ചയും, സോളമൻ കഡൂരിയും, മോർഡിക്കാക്കയും, സമ്മിയും, വാവയും, അമീർ ബാബയും, ശലോമും, ഇത്താക്കുവും, ജാഫത്തും നടന്നു പോയ ഊടുവഴികളിലൂടെ പലതവണ അലഞ്ഞു നടന്ന എനിക്ക് നോവലിന്റെ വായന തീർത്തും വ്യത്യസ്തമായ ഒരനുഭവമായിരുന്നു.


കഥാപാത്രങ്ങളുടെ കാൽപാടുകൾ പതിഞ്ഞ തെരുവുകൾ, നാലു നൂറ്റാണ്ടിലധികം പോർട്ടുഗീസ്, ഡച്ച്, ബ്രിട്ടീഷ് ഭരണകൂടങ്ങൾ ഉഴുതു മറിച്ച ചരിത്രഭൂമി, മുപ്പത്തിലധികം ഭാഷാ സമൂഹങ്ങൾ ഇന്നും അധിവസിക്കുന്ന ഒരു മിനി ഇന്ത്യ! അതാണ് ഫോർട്ട് കൊച്ചി-മട്ടാഞ്ചേരി.



ഓരോ മണൽത്തരിയിലും കഥകൾ ഒളിപ്പിച്ചു വെച്ച പൈതൃകഭൂമിയുടെ ചരിത്രത്തിൽ മായാത്ത മുദ്രയായി ജമാൽ കൊച്ചങ്ങാടിയുടെ ‘സിനഗോഗ് ലെയ്ൻ’ മാറുമെന്നുറപ്പ്.





