മനുഷ്യ ചരിത്രത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നൂറ് വ്യക്തികളുടെ പട്ടിക തയ്യാറാക്കിയപ്പോൾ അമേരിക്കൻ അസ്ട്രോഫിസിസ്റ്റും ഗ്രന്ഥകാരനുമായ മൈക്കിൽ എഛ് ഹാർട്ട് ഒന്നാം സ്ഥാനം നൽകിയത് പ്രവാചകൻ മുഹമ്മദ്‌ (സ്വ)നാണ്. പ്രവാചക ജീവിതത്തിലെ മത-ലൗകിക മേഖലകളുടെ അനുപമമായ സാമന്വയമാണ് അങ്ങനെ ഒരു തിരഞ്ഞെടുപ്പിന് തന്നെ പ്രേരിപ്പിച്ചത് എന്ന് ‘The Hundred’ എന്ന പുസ്തകകത്തിൽ അദ്ദേഹം പറയുന്നു.

സ്വന്തം അനുയായികളാൽ ഇത്രയേറെ അനുകരിക്കപ്പെട്ട വേറൊരു ലോക നേതാവില്ല. വ്യക്തിപൂജയെ പ്രവാചകൻ കർശനമായി വിലക്കിയില്ലായിരുന്നെങ്കിൽ പ്രവാചകനെ ആരാധിക്കാൻ മുസ്ലിംകൾക്ക് ഒരു മടിയും ഉണ്ടാവു മായിരുന്നില്ല! പക്ഷെ, താൻ വെറുമൊരു മനുഷ്യൻ മാത്രമാണന്നും തനിക്ക് നല്കപ്പെട്ട ദൈവിക സന്ദേശമാണ് നിങ്ങൾ പിന്തുടരേണ്ടതെന്നും പറയാനാണ് ഖുർആൻ പ്രവാചകനോട് ആവശ്യപ്പെട്ടത്. അദ്ദേഹം ഒരിക്കലും ദൈവിക പരിവേഷം അവകാശപ്പെട്ടില്ല.

ഒരു രാഷ്ട്രത്തിന്റെ പരമാധികാരി ആയിരിക്കുമ്പോൾപോലും പ്രവാചകൻ പുലർത്തിപ്പോന്ന നിലപാടിന്റെ സാക്ഷ്യം നഈo സിദ്ധീഖിയുടെ ‘മുഹമ്മദ്‌: മനുഷ്യ സ്നേഹത്തിന്റെ പ്രവാചകൻ’ എന്ന കൃതിയിൽ ഇങ്ങനെ വായിക്കാം.

“തീറ്റയിലും കുടിയിലും വസ്ത്രധാരണത്തിലും ഭാവ ഹാദികളിലും നടപ്പിലും കിടപ്പിലുമൊന്നും ഒരസാധാരണത്വവും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സദസ്സുകളിൽ പ്രത്യേകമായി ഇരിപ്പിടം തെരഞ്ഞെടുത്തില്ല. ബഹുമാന സൂചകമായി ആളുകൾ എഴുനേറ്റ് നിൽക്കുന്നതിനെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല.”

താൻ ഒരു പുതിയ മതം കൊണ്ടുവന്നിരിക്കുന്നു എന്ന് ഒരിക്കലും പ്രവാചകൻ അവകാശപ്പെട്ടില്ല. “മുഹമ്മദ് (സ്വ) ആയിരുന്നില്ല ഇസ്‌ലാമിന്റെ സ്ഥാപകൻ. അവിടുന്ന് ഒരു പുതിയ മതം തുടങ്ങിയിട്ടില്ല…. ഒരു പുതിയ ദൈവത്തിൽ നിന്ന് ഒരു പുതിയ സന്ദേശവുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത് എന്നല്ല അദ്ദേഹം പറഞ്ഞത്. യഥാർത്ഥ ദൈവത്തിലേക്കും, തന്റെ സമകാലികർക്ക് കൈമോശം വരികയും മറക്കുകയും ചെയ്ത ജീവിത വ്യവസ്ഥയിലേക്കും അവരെ തിരിച്ചു വിളിക്കുകയുമാണ് അവിടുന്ന് ചെയ്തത്,” അമേരിക്കയിലെ ജോർജ്ടൌൺ യൂണിവേഴസിറ്റി പ്രൊഫസർ ആയിരുന്ന ജോൺ എൽ എസ്‌പോസിറ്റൊ ‘Islam: The straight path’ എന്ന ഗ്രന്ഥത്തിൽ പറയുന്നു.

പ്രവാചകന്റെ വിവാഹങ്ങൾ, ജൂത ഗോത്രങ്ങളുമായി നടന്ന യുദ്ധങ്ങൾ തുടങ്ങിയ വിവാദ വിഷയങ്ങളിൽ യുക്തിപൂർവ്വമായ വിശദീകരണമാണ് ഇസ്ലാമിനെ ആഴത്തിൽ പഠന വിധേയമാക്കിയ എസ്പോസിറ്റോ നൽകുന്നത്.

ചെറുതെങ്കിലും വേറിട്ട നിരീക്ഷണങ്ങൾക്കൊണ്ട് ശ്രദ്ധേയമായ കൃതിയാണ് സിയാഉദ്ധീൻ സർദാറിന്റെ ‘Muhammad: All that matters’. പശ്ചാത്യ ലോകം പ്രവാചകനെതിരെ ഉയർത്തിയ പല ആരോപണങ്ങൾക്കുമുള്ള വ്യക്തമായ മറുപടിയാണ് Wives and warfare എന്ന അധ്യായം.

ആയിഷ ബീവിയുമായുള്ള ‘ബാല വിവാഹ’ ത്തെ കുറിച്ച് സർദാർ എഴുതുന്നു, “What is abundantly clear from the sources is that such a marriage, not consummated until Aisha had achieved what was regarded as maturity, caused no comment in Mecca at that time– or in the Christendom of the middle ages.”

സമാനമായ നിരീക്ഷണങ്ങൾ കാരൻ അംസ്ട്രോങ്ങിന്റെ ‘Muhammad: Prophet of our time’ എന്ന കൃതിയിലും കാണാം. പ്രവാചക ചരിത്രത്തിലെ ഏറ്റവും വിവാദമായ തീരുമാനങ്ങളിലൊന്നായിരുന്നു ബനൂ ഖുറൈള ഗോത്രത്തിനെതിരിൽ നടപ്പിലാക്കിയ വധശിക്ഷ. രാജ്യദ്രോഹ കുറ്റം തെളിയിക്കപ്പെട്ട ജൂത ഗോത്രത്തിനെതിരിൽ അവരിൽ നിന്ന് അവർ തന്നെ നിശ്ചയിച്ച മധ്യസ്ഥന്റെ തീരുമാനപ്രകാരമാണ് ആ വധശിക്ഷ നടപ്പിലാക്കപ്പെട്ടത്. അന്ന് ശിക്ഷ ഏറ്റു വാങ്ങിയ ഗോത്രം പോലും മറുത്തൊരു വാക്ക് പ്രവാചകനെതരിൽ പറഞ്ഞില്ല എന്ന് ആംസ്ട്രോങ്ങ് വിശദീകരിക്കുന്നു.

ഖുർആൻ വചനങ്ങൾ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ട് പ്രവാചക സന്ദേശത്തിന്റെ മാനുഷികവും സാമൂഹികവുമായ തലങ്ങൾ വിശദീകരിക്കുന്ന താരിഖ് റമദാന്റെ ‘The Messenger: The meanings of the life of Muhammad’ എന്ന പുസ്തകവും മികച്ച വയനാനുഭവം നൽകുന്ന കൃതിയാണ്.

തന്റെ അനുയായികളുടെ ശിക്ഷണത്തിൽ അതീവ ശ്രദ്ധാലുവാ യിരുന്ന പ്രവാചകന്റെ സ്വഭാവം വിശദീകരിച്ചുകൊണ്ട് റമദാൻ എഴുതുന്നു, “One of the characteristics of his personality…. when he asked about the matters of spirituality, faith, education, or doubt, he would often offer different answers to the same questions, taking into account the psychological makeup, experience, and intelligence of the questioner”.

പ്രവാചക ജീവചരിത്രങ്ങൾ പലതും വായിച്ചിട്ടുണ്ട്. അവയിൽ മുസ്ലിംകളും അല്ലാത്തവരുമായ പണ്ഡിതന്മാർ എഴുതിയ കൃതികളുണ്ട്. മുസ്‌ലിം എഴുത്തുകാർ പൊതുവെ ആരാധനയോളം പോന്ന ആദരവോടെ പ്രവാചകനെ പരിചയപ്പെടുത്തുമ്പോൾ, മറ്റുള്ളവർ അല്പമൊക്കെ യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ വിലയിരുത്തുന്നതായി തോന്നിയിട്ടുണ്ട്. സൂഫി പരിപ്രേക്ഷ്യത്തിലൂടെ പ്രവാചക ജീവിതത്തെ വായിച്ച മാർട്ടിൻ ലിങ്ങ്സും ആൻമേരി ഷിമ്മലും ചരിത്ര വസ്തുതകൾ എന്ന് തീർത്തു പറയാനാവാത്ത പല കഥകളും അവരുടെ കൃതികളിൽ ഉദ്ധരിക്കുന്നുണ്ട്. ആംസ്ട്രോങ്ങും സർദാറും റമദാനും അത്തരം കാര്യങ്ങളിൽ കുറച്ചു കൂടി സൂക്ഷ്മത കാണിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.

പതിവ് ജീവചരിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് വാദ്ദാഹ് ഖൻഫറിന്റെ റബീ ഉൽ അവ്വൽ. ‘പ്രവാചക ജീവിതം: ഒരു രാഷ്ട്രീയ സ്ട്രാറ്റജിക് വായന’ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി. വെറുമൊരു മത പ്രബോധകൻ എന്നതിനപ്പുറം ഒരു ജനനായകൻ എന്ന നിലയിൽ പ്രവാചകൻ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെ വിലയിരുത്തുന്ന രചനയാണിത്.

ഓരോ പുസ്തകം വായിച്ചു തീരുമ്പോഴും ഇനിയും വായിച്ചു തീരാത്ത അനുപമ വ്യക്തിത്വത്തിന്റെ ഉടമയായി മനസ്സിൽ ഇടംപിടിക്കുന്നു സ്നേഹനിധിയായ പ്രവാചകൻ.

ഒരു ചിത്രമോ രൂപമോ മോഡലോ ഇല്ലാതിരുന്നിട്ടും ഇരുനൂറു കോടി മനുഷ്യരുടെ നിത്യജീവിതത്തിലെ നിറ സാനിധ്യമായി പ്രവാചകൻ ഇന്നും നിറഞ്ഞു നിൽക്കുന്നു, പതിനാല് നൂറ്റാണ്ടിനപ്പുറം അന്നത്തെ ലോകം നെഞ്ചിലേറ്റിയ അതെ ശോഭയോടെ….. ആ മുഖം സങ്കല്പിക്കാൻ ഒരു രൂപം ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചുപോയിട്ടുണ്ട്……..

Tags: , , , , , ,