ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച ദിവസം തന്നെ അരുന്ധതി റോയിയെ നേരിട്ട് കേൾക്കാനുള്ള അവസരമുണ്ടായി.
എറണാകുളം സെന്റ് തെരെസാസ് കോളേജിലെ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ അവർ പറഞ്ഞു തുടങ്ങിയത് തന്നെ ഗസ്സയിലെ വംശഹത്യയെക്കുറിച്ചും ജാമ്യം നിഷേധിക്കപ്പെട്ട ഉമർ ഖാലിദിനെ കുറിച്ചും രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയെ കുറിച്ചുമായിരുന്നു. തന്റെ സ്വതസിദ്ധമായ ചിരിയോടെ അവർ ഇത്രകൂടി പറഞ്ഞു….I am half Malayali, half Bengali and fully ‘seditious’!!
വർഷങ്ങൾക്ക് മുമ്പ് ഡൽഹി ദരിയാഗഞ്ചിലെ സെക്കന്റ് ഹാൻഡ് ബുക്ക് മാർക്കറ്റിൽ നിന്ന് മുപ്പത് രൂപയ്ക്ക് അരുന്ധതി റോയി യുടെ God of small things വാങ്ങിയത് ഓർത്തു. രൂപക്ക് മൂല്യമുണ്ടായിരുന്ന അക്കാലത്ത് സ്വന്തമായി പുതിയ പുസ്തകം വാങ്ങാനുള്ള കോപ്പൊന്നും ഉണ്ടാ യിരുന്നില്ല.

ബുക്കർ പ്രൈസ് നേടിയ നോവൽ പക്ഷെ എനിക്ക് ഇഷ്ടമായില്ല. റോയിയുടെ രണ്ടാമത്തെ നോവലായ Ministry of utmost happiness ഉം ഏതാണ്ട് സമാനമായ അനുഭവയിരുന്നു. എന്റെ വായനയുടെ കുഴപ്പം ആവാനെ വഴിയുള്ളു.
പക്ഷെ, അരുന്ധതി എഴുതിയ നോൺഫിക്ഷനുകൾ ഓരോന്നും അത്യാർത്തിയോടെയാണ് വായിച്ചു പോന്നത്. ഇന്നും വായിക്കുന്നു. വാക്കുകളിൽ വെടിമരുന്ന് നിറച്ച അവരുടെ ഭാഷ തെല്ലൊന്നുന്നുമല്ല ചിന്തകളെ തീ പിടിപ്പിച്ചത്.
ഭരണകൂടവും മുഖ്യധാരാ മാധ്യമങ്ങളും പടച്ചുവിടുന്ന അഖ്യാനങ്ങളെ അവർ നിശിതമായി വിചാരണ ചെയ്തു. ഭരകൂടത്തിന്റെയും അന്വേഷണ ഏജൻസികളുടെയും തിരക്കഥകളെ പൊളിച്ചടുക്കി. വിയോജിപ്പിന്റെ ശക്തമായ സ്വരമായി ഇന്നും അവർ നിലനിൽക്കുന്നു. ആത്മകഥയായ Mother Mary Comes To Me’ യും തീർത്തും രാഷ്ട്രീയമായ കൃതിയാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും.
“Nothing that you read or watch in the Indian newspapers and television channels prepares you for the reality in Kashmir. I could not believe the range, the depth, the depravity and the sheer inventiveness of the cruelty that was being perpetrated on a people, all in the name of democracy,” തന്റെ കശ്മീർ സന്ദർശനത്തെ കുറിച്ച് അവർ എഴുതുന്നു.
ആമുഖ പ്രസംഗത്തിൽ കെ. ആർ മീര പറഞ്ഞ പോലെ “ലോകത്തെങ്ങുമുള്ള ഫാഷിസ്റ്റ് ഭരണകൂടങ്ങൾ സാകൂതം വീക്ഷിക്കുന്ന എഴുത്തുകാരിയാണ് അരുന്ധതി” എന്ന കാര്യത്തിൽ തർക്കമില്ല.