കാലം തെറ്റി നിർത്താതെ പെയ്യുന്ന മഴ, പോരാത്തതിന് ഗുരുവിന്റെ താക്കീതും. “തല്ക്കാലം കാമറയൊക്കെ എടുത്ത് വെച്ച് ദിവസവും കരാത്തെ പ്രാക്ടീസ് ചെയ്യണം, അല്ലാതെ ക്ലാസ്സിൽ വരരുത്”. അങ്ങനെയാണ് കറക്കത്തിന്റെ ഫ്രീക്വൻസി ഒന്ന് കുറച്ചത്.
പിന്നെ, കാമറക്ക് പകരം കാരത്തെയായി ദിനചര്യ. അപ്പോഴാണ് ചില fb സുഹൃത്തുക്കൾ പ്രലോഭനവുമായി വന്നത്. കേരളത്തിന്റെ കടൽത്തീരങ്ങളിൽ ദേശാടനക്കാർ എത്തിത്തുടങ്ങിയിരിക്കുന്നു….. Eurasian Whimbrel ന്റെ ചിത്രവും ചിലർ പോസ്റ്റ് ചെയ്തു.

പ്രലോഭനത്തിൽ പിടിച്ചു നിൽക്കാനാ വാതെ ഇന്ന് രാവിലെ (23/08/2025) കാമറയെടുത്ത പുറത്തിറങ്ങി. പതിവ് തട്ടകമായ പുതുവൈപ്പ് ബീച്ചിൽ ചെന്നപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ. തെറ്റിക്കൊക്ക് (Eurasian Whimbrel) കളുടെ ഒരു കൂട്ടം ഇരതേടുന്നു.


പക്ഷെ അടുത്ത് ചെല്ലുന്തോറും അകന്നു പോകുന്ന മരീചിക പോലെ അവർ പിടിതരാതെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു കൊണ്ടിരുന്നു. ക്ളോസ് അപ് ചിത്രങ്ങൾ എടുക്കാനുള്ള ശ്രമങ്ങൾ എല്ലാം പാഴായി.

പക്ഷെ വിട്ട് കൊടുക്കാൻ ഞാനും ഒരുക്കമല്ലായിരുന്നു. മണൽപ്പരപ്പിൽ കമിഴ്ന്നു കിടന്ന് നീന്തി കുറെയൊക്കെ അടുത്തെത്തി. പക്ഷെ അവർ എന്നേക്കാൾ ജാഗരൂകരായിരുന്നു. തലവെട്ടം കാണുന്ന മാത്രയിൽ അവർ പറന്നകന്നുകൊണ്ടിരുന്നു. എന്നാലും ചില ഫ്രെയ്മുകൾ ഒത്തുകിട്ടി. പ്രതീക്ഷിക്കാതെ വേറെ കുറേ നല്ല ചിത്രങ്ങളും.


യൂറോപ്പ്, ഏഷ്യ, നോർത്ത് അമേരിക്ക തുടങ്ങിയ വൻകരകളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ പറന്നാണ് ഇവർ എല്ലാ വർഷവും കേരളത്തിൽ എത്തുന്നത്. മാർച്ച്, ഏപ്രിൽ മാസത്തോടെ അവർ തിരിച്ചു പറക്കുകയും ചെയ്യും.

