“എനക്ക് നോയ് എതുമേ ഇല്ലൈ സാർ, പിശാശ് ഏറീർക്ക്ന്ന് സൊല്ലി എന്നുടൈ ഫാമിലി താൻ എന്നെ ഇങ്കെ പോട്ട് തള്ളിയിരിക്ക് “

ഒരു പതിറ്റാണ്ടിനിപ്പുറം ഇപ്പോഴും  ആ വാക്കുകൾ എന്റെ കാതിൽ മുഴങ്ങുന്ന പോലെ…..

തമിഴനാട്ടിലെ  രാമനാഥപുരത്തുള്ള ഏർവാടി ദർഗയുടെ വിശാലമായ മണൽപരപ്പിൽ അയാൾ മുട്ടുകുത്തി ഇരിക്കുകയാണ്. കൈയും കാലും ചേർത്ത് ഒരു ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു. മുഷിഞ്ഞു നാറി ജടകുത്തിയ വേഷം, ഏതാണ്ട് മുപ്പത് വയസ്സ് പ്രായം. 

ഏതോ ഒരു ഉൾവിളിപോലെ ഞാൻ അയാളുടെ മുമ്പിൽ മുട്ടുകുത്തിയിരുന്നു. അപ്പോഴാണ് അയാൾ എന്നോടിത് പറഞ്ഞത്.(എനിക്ക് അസുഖം ഒന്നുമില്ല സാർ. പിശാച് ബാധിച്ചിരിക്കുന്നു എന്ന് പറഞ്ഞ് എന്റെ കുടുംബം തന്നെയാണ് എന്നെ ഇവിടെ കൊണ്ട് വന്ന് തള്ളിയത് എന്നാണ് അയാൾ എന്നോട് പറഞ്ഞത്).

‘ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിരിക്കുന്നു’ എന്ന ബോർഡ് ആദ്യമേ കണ്ടിരുന്നു. അന്ന് സ്മാർട്ട്‌ ഫോണില്ല. പോക്കറ്റിൽ ഒളിപ്പിക്കാവുന്ന ചെറിയൊരു പോയിന്റ് ആൻഡ് ഷൂട്ട്‌ കാമറയാണ് കയ്യിലുണ്ടായിരുന്നത്. മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ ഏതാനും ചിത്രങ്ങൾ ഞാൻ എടുത്തു.  പക്ഷെ എന്റെ ഒളിച്ചുകളി അധികാനേരം നീണ്ടു നിന്നില്ല. ഫോട്ടോ എടുക്കുന്നത് ശ്രദ്ധയിൽ പെട്ട അധികൃതർ ഓടിവന്നു. പിന്നെ ചോദ്യം ചെയ്യലായി, ഭീഷണിയായി. പക്ഷെ പത്രക്കാരനാണെന്ന കാര്യം ഞാൻ മിണ്ടിയില്ല. കിട്ടിയ ഫോട്ടോകളുമായി ഞാൻ മെല്ലെ സ്ഥലം കാലിയാക്കി.

ചങ്ങലയിൽ ബന്ധിക്കപ്പെട്ട് നിസ്സഹായരായി നിൽക്കുന്ന മനുഷ്യരെ ആദ്യമായാണ് നേരിൽ കാണേണ്ടി വന്നത്. നോക്കി നിൽക്കുകയല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 

പക്ഷെ ആ ചിത്രങ്ങൾ എന്റെ ഉറക്കം കെടുത്തി. ഈ ക്രൂരത എങ്ങനെയെങ്കിലും വാർത്തയാക്കണം. പക്ഷെ എങ്ങനെ? ഇതൊക്കെ എത്രയോ കാലമായി അവിടെ നടക്കുന്നു, അതിലൊരു വാർത്തയുമില്ല!! 

അന്വേഷണം തുടർന്നു. അങ്ങനെയാണ്, വർഷങ്ങൾക്ക് മുമ്പ് ഇതേ കേന്ദ്രത്തിൽ ഇങ്ങനെ ബന്ധികളായി കഴിഞ്ഞിരുന്ന 28 പേർ ഒരു തീ പിടുത്തത്തിൽ വെന്തു മരിച്ചിരുന്നു എന്ന് അറിഞ്ഞത്. ദുരന്തത്തിന്റെ വാർഷിക ദിനത്തിൽ ഞാൻ വാർത്ത സജസ്റ്റ് ചെയ്തു. വലിയ പ്രാധാന്യത്തോടെ 2012 ഓഗസ്റ്റ് 16ന് ‘ടൈംസ് ഓഫ് ഇന്ത്യ’ ചെന്നൈ എഡിഷൻ ഒന്നാം പേജിൽ വാർത്തയായും ഉൾപേജിൽ ഫീച്ചർ ആയും പ്രസിദ്ധീകരിച്ചു.

അധികാരികളുടെ ശ്രദ്ധയിൽ പെട്ടു.  അന്ധവിശ്വാസങ്ങളുടെ മറവിൽ നടക്കുന്ന ഈ ക്രൂരതകൾ അവസാനിപ്പിക്കുമെന്നും  മാനസികരോഗ ചികിത്സക്കുള്ള ഒരു അത്യാധുനിക ആശുപത്രി അവിടെ നിർമ്മിക്കുമെന്നുമൊക്കെ അധികാരികൾ പറഞ്ഞു. അങ്ങനെയൊക്കെ നടന്നോ എന്നറിയില്ല. വലിയ മാറ്റങ്ങളൊന്നും വന്നിരിക്കാൻ വഴിയില്ല. പക്ഷെ ആ മനുഷ്യരുടെ ദൈന്യമായ മുഖങ്ങൾ ഇപ്പോഴും മനസ്സിൽ മായാതെ നിൽപ്പുണ്ട്. വീണ്ടും ഒരു ആഗസ്ത്  കടന്ന് വന്നപ്പോൾ ഓർത്തതാണ്. 

വിശ്വാസത്തിന്റെ മറപറ്റി സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുകയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും ചെയ്യുന്ന എല്ലാ മതത്തിലുംപെട്ട ആത്മീയ ചൂഷണ കേന്ദ്രങ്ങൾ നമുക്ക്‌ എമ്പാടുമുണ്ട്. അവർക്കൊക്കെ അധികാരിവർഗ്ഗത്തിന്റെ പിന്തുണയും ഉണ്ട്. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമേ മാധ്യമങ്ങൾ അവരെക്കുറിച്ച് ഓർക്കാറുള്ളൂ എന്നതാണ് സത്യം.