തുടങ്ങിയും മുടങ്ങിയുമൊക്കെ നീങ്ങിയ കാരത്തെ പഠനം ഒരു വിധം പൂർത്തിയാക്കിയത് 2014 ൽ ചെന്നൈയിൽ വെച്ചാണ്. പക്ഷെ, ബ്ലാക്ക് ബെൽറ്റ്‌ നേടിയ ഉടനെ ചെന്നൈ നഗരത്തോട് വിടപറയേണ്ടി വന്നു.

എങ്ങനെയെങ്കിലും കാരത്തെ പഠനം തുടരാനുള്ള എല്ലാ ശ്രമങ്ങളും പല കാരണങ്ങളാൽ മുടങ്ങി. പത്തു വർഷത്തെ അന്വേഷണത്തിനൊ ടുവിലാണ് റെൻഷി എൻ എ നസീറിനെ കണ്ടുമുട്ടിയത്. അതൊരു വഴിത്തിരിവായിരുന്നു. എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറും കാടിനെയും കരാത്തെയെയും ഒരു പോലെ സ്നേഹിക്കുകയും ചെയ്യുന്ന നസീർ എനിക്ക് കിട്ടാവുന്നതിൽവച്ച് ഏറ്റവും പ്രഗത്ഭനായ കാരത്തെ ട്രൈനർ ആണ്.

പരിശീലനം പുനരാരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഷോറിൻ റിയൂ (Shorin Ryu Shobukan karate & Kobudo) കരാത്തെയുടെ കുലപതിയും 10th Dan black belt ഉടമയുമായ ജപ്പാനീസ്‌ മാസ്റ്റർ ഗിയോ ഗിബോയെ നേരിൽ കാണാനും അദ്ദേഹം നയിക്കുന്ന ക്യാമ്പിൽ പരിശീലനം നേടാനുള്ള അവസരം കൈവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. ഗുരു നസീർ നൽകിയ പ്രോത്സാഹനവും പകർന്നു തന്ന ആത്മ വിശ്വാസവുമായിരുന്നു എന്റെ കൈമുതൽ.

2025 ആഗസ്ത് 9, 10 തിയതികളിൽ ചെന്നൈയിൽ നടന്ന ക്യാമ്പ് ജീവിതത്തിലെ അത്യപൂർവ അനുഭവം തന്നെയായിരുന്നു. ഷോറിൻ റിയൂ കരാത്തെയുടെ വേൾസ് പ്രസിഡന്റ്‌ കൂടിയായ ഹാൻഷി ഗിബോയും ഇന്ത്യൻ മാസ്റ്ററും കരാത്തെയിൽ ഡോക്ടറേറ്റ് നേടിയ അപൂർവ പ്രതിഭയുമായ ഹാൻഷി ഡോ. ഡോ എസ് രത്തിനവും നേരിട്ടാണ് ക്യാമ്പ് നിയന്ത്രിച്ചത്. കൂടാതെ മലേഷ്യ, ശ്രീലങ്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മുതിർന്ന പരിശീലകരും ക്യാമ്പിൽ ഉണ്ടായിരുന്നു. റെൻഷി നസീറിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഇരുപതോളം പേർ അടങ്ങുന്ന ടീം ആണ് ക്യാമ്പിൽ പങ്കെടുത്തത്.

പ്രിയ ഗുരു നസീർ ഗ്രാൻഡ്മാസ്റ്റർ ഗിയോ ഗിബോയിൽ നിന്ന് 6th Dan Black Belt അംഗീകാരം നേടുന്നത് നേരിൽ കാണാൻ ഞങ്ങൾ ശിഷ്യന്മാർ ക്ക് കിട്ടിയ അപൂർവ അവസരവുമായി മാറി ക്യാമ്പ്.

നസീർ അടക്കമുള്ള തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ ട്രൈനർമാരുടെ വിസ്മയിപ്പിക്കുന്ന ‘കത്ത’ പ്രകടനവും മറക്കാനാവാത്ത അനുഭവമായി മാറി.

അതിലേറെ അത്ഭുതപ്പെടുത്തിയത് 88 വയസ്സുള്ള ഗിബോ ജപ്പാനീസ് ആയുധ മായ ‘കാമ’ ഉപയോഗിച്ച് നടത്തിയ പ്രകടനമായിരുന്നു.

കരാത്തെയിൽ ലോകത്തെ ഏറ്റവും ഉയർന്ന പദവി അലങ്കരിക്കുമ്പോഴും ക്യാമ്പിലെ ഓരോ വിദ്യാർത്ഥിയെയും സസൂക്ഷ്മം നിരീക്ഷിക്കാനും തെറ്റുകൾ തിരുത്തി കൊടുക്കാനും അദ്ദേഹം കാണിച്ച വിനയം ആരെയും അത്ഭുതപ്പെടുത്തും.

മാത്രമല്ല ഒരു മുതു മുത്തച്ഛന്റെ സ്നേഹ വായ്പോടെ കൊച്ചു കുട്ടികളുടെ അടുത്തേക്ക് ചെന്ന് അവരുടെ ബെൽറ്റ് സ്വന്തം കൈ കൊണ്ട് അഴിച്ച് ശരിയായ രീതിയിൽ കെട്ടിക്കൊടുക്കുന്ന രംഗം പല തവണ കാണാൻ കഴിഞ്ഞു.

ട്രെഡീ ഷണൽ ജപ്പാനീസ് കരാത്തെയുടെ എല്ലാ മൂല്യങ്ങളുടെയും പ്രതീകമായ ആ വലിയ മനുഷ്യൻ ഒരിക്കലും മറക്കാത്ത പാഠങ്ങളാണ് ഞങ്ങൾക്ക് പകർന്നു തന്നത്.

ഗോജ് റിയു കാരത്തെയിൽ നിന്ന് ഷോറിൻ റിയൂ കരാത്തേയിലേക്കുള്ള എന്റെ കൂടുമാറ്റവും ഈ ക്യാമ്പോടെ പൂർത്തിയായി.

കണ്ണിമ വെട്ടാതെ എല്ലാം നിരീക്ഷിച്ച് മനോഹരമായ ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫർ S Rajan.

Tags: , , ,