കാമറ കയ്യിലെടുത്തിട്ട് കാലമേറെ ആയെങ്കിലും ഫോക്കസ് ഒരിക്കലും എന്നിലേക്ക് തിരിയാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ ചിത്രം അത്രമേൽ പ്രിയപ്പെട്ടതായത് കൊണ്ടാണ് പത്ത് വർഷത്തിലേറെ പഴക്കമുള്ള പ്രൊഫൈൽ പിക്ചർ മാറ്റിയത്.

കാട്ടിലും മേട്ടിലുമൊക്കെ എന്നും ഏകാന്ത യാത്രകളാണ് എനിക്കിഷ്ടം. പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിട്ടും സുരക്ഷയോർത്തു ഞാൻ മക്കളെ കൂടെ കൂട്ടാറില്ലായിരുന്നു.
പക്ഷെ ഇത്തവണ കുമരകം പക്ഷി സങ്കേതത്തിലേക്കുള്ള യാത്രയിൽ പത്തും പതിമൂന്നും വയസ്സുള്ള ആൺ മക്കളെയും കൂട്ടി. സീസൺ അല്ലാത്തത് കൊണ്ട് പക്ഷികൾ കാര്യമായൊന്നും ഉണ്ടാവില്ല എന്നറിഞ്ഞിട്ടും കാര്യമായ സുരക്ഷാ പ്രശ്നങ്ങളില്ലാതെ കുട്ടികൾക്ക് കാട് ആസ്വദിക്കാൻ കഴിയുന്ന ഒരിടം എന്ന നിലക്ക് ഈ ഞായറാഴ്ച അവർക്ക് വേണ്ടിയായിരുന്നു ഈ യാത്ര.
എന്റെ പഴയ കാമറയുമായി എന്നേക്കാൾ ആവേശത്തിൽ അവർ പാത്തും പതുങ്ങിയും കൂടെ നടന്നു.
കാടിന്റെ മർമരങ്ങൾ ആസ്വദിച്ചു വെറുതെ നടക്കുന്നതിനിടയിൽ കലപില ശബ്ദംകേട്ട മരച്ചില്ലയിലേക്ക് നോക്കുമ്പോൾ ദൂരെ അതാ ഒരു മൂങ്ങ. പക്ഷെ കനാലിനപ്പുറത്തുള്ള മരച്ചില്ലയിൽ മറഞ്ഞിരിക്കുന്ന അതിനെ കാമറയിൽ പകർത്താൻ പറ്റുന്ന അകലെത്തിലായിരുന്നില്ല അത്.
അപ്പോഴാണ് കനാലിന് കുറുകെ നീണ്ട് കിടക്കുന്ന മരക്കൊമ്പ് ശ്രദ്ധയിൽപെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. പ്രയാസപ്പെട്ട് ഞാൻ അതിൽ വലിഞ്ഞു കയറി. കാലൊന്നു പിഴച്ചാൽ താഴെ ചെളിക്കുണ്ടിൽ വീഴുമെന്നുറപ്പ്. മൂങ്ങയെ കണ്ട ആവേശത്തിൽ ഞാൻ അതൊക്കെ മറന്നിരുന്നു.
പരിസരം മറന്ന് ഫോട്ടോ എടുത്തുകൊണ്ടിരിക്കെ 10 വയസ്സുള്ള മകൻ ഞാൻ അറിയാതെ പകർത്തിയതാണ് ഈ ചിത്രം.