ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യ ങ്ങളെയാകെ ഇടിച്ചു നിരപ്പാക്കി ഒരൊറ്റ സാംസ്കാരിക ധാരയിൽ ലയിപ്പിക്കാനാണ് ഹിന്ദുത്വം എന്നും ശ്രമിച്ചു പോന്നിട്ടുള്ളത്. അതിന് വേണ്ടി ചരിത്രത്തിനും ഐതിഹ്യത്തിനുമൊക്കെ തങ്ങളുടേതായ ആഖ്യാനങ്ങൾ അവർ ബോധപൂർവം നിർമിച്ചെടുക്കുന്നു. ഹിന്ദുമത വിശ്വാസികൾ പുണ്യ പുരുഷനായി കരുതുന്ന ശ്രീരാമൻ അക്രമാസക്ത ഹിന്ദുത്വത്തിന്റെ പ്രതീകമായി മാറിയത് അങ്ങനെയാണ്.
പക്ഷെ രാമായണത്തിന് ഇന്ത്യയിൽ തന്നെ ഒട്ടേറെ ആഖ്യാനങ്ങൾ ഉണ്ട് എന്നത് സുവിദമാണ്. അതിലൊന്നാണ് വയനാടൻ രാമായണം.
ആ ഐതിഹ്യത്തിന്റെ ആഴങ്ങൾ തേടിയിറങ്ങിയ അന്വേഷകനാണ് പ്രിയ സുഹൃത്തും മലയാള അധ്യാപകനുമായ അസീസ് തരുവണ.
രാമായണ കഥയുമായി ബന്ധപ്പെട്ട മുപ്പത്തിലധികം സ്ഥലനാമങ്ങൾ വയനാട്ടിൽ ഇപ്പോഴുമുണ്ടെന്ന് ആ നാട്ടുകാരൻ കൂടിയായ അസീസ് പറയുന്നു.
അടിയ രാമായണ ഐതിഹ്യ പ്രകാരം സീത രാവണനുമായി പ്രണയത്തിലാവുകയും ലങ്കയിലേക്ക് പോവുകയുമാണ് ചെയ്യുന്നത്.

ഇന്തോനേഷ്യയിലും മലേഷ്യയിലും പ്രചാരത്തിലുള്ള രാമായണ കഥകളിൽ ബുദ്ധ മതത്തിന്റെയും ഇസ് ലാ മിന്റെയും സ്വാധീനം വളരെ പ്രകടമാണ്.
മലയാളത്തിൽ ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാരുടെ ‘മാപ്പിള രാമായണം’ കേരളീയ മുസ്ലിം പശ്ചാത്തലത്തിലുള്ള രാമായണ കഥയാണ്.
ബീവി ശൂർപ്പണക രാമനെ കണ്ട് മുട്ടുന്നതും രാമനോട് ‘ഒരു പെണ്ണ് കൂടി കെട്ടിക്കൂടെ’ എന്ന് ചോദിക്കുന്നതും മനോഹരമായി നമ്പ്യാർ ഈ കഥയിൽ വിവരിക്കുന്നുണ്ട്.
എന്നെ ക്കൊണ്ട് പറ്റില്ലെന്നും അനുജൻ ലക്ഷ്മണൻ പെണ്ണ് കെട്ടിയിട്ടില്ലെന്നും വേണമെങ്കിൽ ആലോചിക്കാമെന്നും സുന്ദരിയായ നിന്നെ കണ്ടാൽ അവന് ഇഷ്ടമാവും എന്നൊക്കെയാണ് രാമന്റെ മറുപടി. ഇന്നത്തെ കാലത്ത് അങ്ങനെ ഒരു രാമായണം എഴുതാൻ കഴിയുമോ എന്നത് വലിയ ചോദ്യമാണ്.
തന്റെ ഗവേഷണ മേഖലയെ കുറിച്ച് അസീസുമായി ഏതാനും വർഷം മുമ്പ് നടത്തിയ ഒരു ദീർഘ സംഭാഷണത്തിന്റെ ഫലമാണ് ഈ ലേഖനം. ഒരു രാമായണ മാസംകൂടി കടന്നുപോകുമ്പോൾ വീണ്ടും ഓർത്തു എന്ന് മാത്രം.