രണ്ടാം ഭാഷ അറബി ആയിരുന്നെങ്കിലും മലയാള സാഹിത്യത്തിലുള്ള താല്പര്യം കാരണം കോളേജ് പഠന കാലത്ത് ഞാൻ ഇരുന്നിരുന്നത് മലയാളം ക്ളാസിലാണ്. അങ്ങനെ ഒരു ക്ളാസിൽ വെച്ചാണ് ‘ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന പുസ്തകത്തെ പറ്റി കേട്ടത്.
അന്ന് ആരാണ് സാനു മാസ്റ്റർ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. പാൽപ്പായസം പോലെ മധുരതരമായ ആ കൃതിയാണ് പിന്നീട് ഭ്രാന്തമായ മലയാള സാഹിത്യ വായനയിലേക്ക് എന്നെ നയിച്ചത്.
അതി മനോഹരമായ ആഖ്യാന മികവോടെ രചിച്ച ആ പുസ്തകത്തിൽ അന്ന് വായിച്ച ചങ്ങമ്പുഴക്കവിതകൾ കൊത്തി വെച്ച പോലെ ഇന്നും മനസ്സിലുണ്ട്.
പിന്നെയും രണ്ട് പതിറ്റാണ്ട് കഴിഞ്ഞാണ് എറണാകുളത്ത് വെച്ച് സാനു മാസ്റ്ററെ നേരിൽ കണ്ടത്. വിളക്ക് മാടം പോലെ എന്റെ വായന ലോകത്തിന് വെളിച്ചം പകർന്ന മാസ്റ്ററോട് ഞാൻ സ്വയം പരി ചയപ്പെടുത്തി, ചങ്ങമ്പുഴ യുടെ ജീവചരിത്രം വായിച്ച കഥ പറഞ്ഞു. അദ്ദേഹം ഒന്നു ചിരിക്കുക മാത്രം ചെയ്തു.
എന്നെപ്പോലെ ലക്ഷക്കണക്കിന് മനുഷ്യരെ ആ കൃതി സ്വാധീനിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചെഴുതിയ ‘ബഷീർ: ഏകാന്തവീഥി യിലെ അവധൂതൻ’ എന്ന പുസ്തകവും മികച്ച വായനനുഭവം നൽകിയ കൃതിയാണ്.
പിന്നീട് ഒട്ടേറെ വേദികളിൽ സാനു മാസ്റ്ററെ കേട്ടു. എറണാകുളത്തെ സാംസ്കാരിക സാഹിത്യ വേദികളിലെ നിറസാനിധ്യമായിരുന്നു സാനു മാസ്റ്റർ. ആ ശുഷ്കമായ ശരീരത്തിൽ നിന്ന് നിർഗളിക്കുന്ന വാക്ധ്വാരണി ആരെയും പിടിച്ചിരുത്തുന്നതായിരുന്നു. ആ ശബ്ദം ഇനി കേൾക്കില്ലല്ലോ എന്നറിയുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ.
മരണത്തെ കുറിച്ചുള്ള ഓർമ്മ മനുഷ്യനെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവനാക്കുമെന്നും മരണത്തോടെ ജീവിതം അവസാനിക്കുന്നില്ലെന്നും മാസ്റ്റർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അനശ്വരമായ ആ ലോകത്ത് മാസ്റ്റർ തന്റെ സാഹിത്യ തപസ്യ തുടരുമെന്ന് നമുക്ക് പ്രത്യശിക്കാം. ആദരാഞ്ജലികൾ……
