പുതിയ വിഷയങ്ങൾ വന്നത് കൊണ്ടാവാം, സി പി എം-ജമാഅത്ത് പോര് തല്ക്കാലം ഒന്ന് അടങ്ങിയിരിക്കുന്നു. രാഷ്ട്രീയ തർക്ക വിതർക്കങ്ങൾക്കപ്പുറം ചർച്ച ഇസ്‌ലാം-മാർക്സിസ്റ്റ് സംവാദത്തിന്റെ തലത്തിലേക്കുയർന്നാൽ അതിൽനിന്ന് കേരളീയ സമൂഹത്തിന് എന്തെങ്കിലുമൊക്കെ ഉൾക്കൊള്ളാൻ പറ്റിയേക്കും. ഇരു ഭാഗത്തുമുള്ള ന്യായീകരണ തൊഴിലാളികളെ മാറ്റി നിർത്തിയാൽ ഒരു ബൌദ്ധിക സംവാദത്തിൽ ആർക്കും എതിർപ്പുണ്ടാവുമെന്ന് തോന്നുന്നില്ല. അത്തരമൊരു സംവാദം കൊണ്ട് ഇസ്‌ലാമോ മാർക്സിസമോ ഇല്ലാതാ വാനും പോകുന്നില്ല.

ഇസ്ലാമിനെയും മാർക്സിസത്തെയും ആഴത്തിൽ പഠന വിധേയമാക്കിയ ഒരു ചിന്തകന്റെ നിരീക്ഷണങ്ങളാണ് താഴെ. എന്റെ വക ഒന്നും ചേർത്തിട്ടില്ല. ചിന്തകൻ ആര് എന്ന് ഇപ്പോൾ പറയുന്നില്ല. മൗലാനാ മൗദൂദിയോ സയ്യിദ് ഖുതുബോ അല്ല. പറയുന്നതിൽ കഴമ്പുണ്ടോ എന്ന് നോക്കി തള്ളുകയോ കൊള്ളുകയോ ചെയ്യാം.

1. മാർക്സിസത്തിന്റെ അടിത്തറ ഭൗതികവാദപരമായ പ്രപഞ്ച വീക്ഷമമാണ്. അചേതനവും നിരർത്ഥകവുമായ പ്രകൃതിയുടെ സങ്കുചിത സീമകൾക്കകത്ത് ഇതര ജീവികളെപ്പോലെ കഴിഞ്ഞ് കൂടാൻ മനുഷ്യൻ നിർബന്ധിതനാണ്.

ഇസ്‌ലാമിന്റെ അടിത്തറ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രപഞ്ച വീക്ഷണമാണ്. അതിനാൽ മാനവ സത്ത ദൈവിക സത്തയുടെ പ്രതിഫലനമാണെന്നും മനുഷ്യന്റെ സർവ്വാധിശായിയായ ഗുണങ്ങൾ ദൈവ പ്രോക്തമാണെന്നും ഇസ്‌ലാം പറയുന്നു. ശാസ്ത്രങ്ങൾക്കും അറിവുകൾക്കും പ്രതിനിധാനം ചെയ്യാനാവാത്ത മാനങ്ങളുള്ള അനന്തമായൊരു ലോകത്തിൽ മനുഷ്യനെ കുടിയിരുത്താൻ ഇസ്‌ലാമിനെ കഴിയൂ.

2. ക്‌ളാസിക്കൽ ഭൗതിക ശാസ്ത്രത്തിന്റെ പദാർത്ഥസങ്കൽപം മാത്രം ഉയർത്തിപ്പിടിക്കുന്ന മാർക്സിസം മനുഷ്യ വർഗ്ഗത്തിന്റെ മഹത്വത്തെയും പ്രാഥമ്യത്തെയും നിഷേധിക്കാൻ ബാധ്യസ്ഥമാണ്. അങ്ങനെ, ദാർശനികനും മാനവ വാദിയുമായ മാർക്സ് സ്വപ്നം കണ്ട മഹത്തായ മനുഷ്യ ജീവി- ദൈവത്തിന്റെ പോലും സ്രഷ്ടാവായ മനുഷ്യൻ- പെട്ടെന്ന് ഒരു ഉത്പന്നമായി, തൊഴിലുപകരണങ്ങളുടെ സൃഷ്ടിയായി നിലം പതിക്കുന്നു.

ഭൗതിക ലോകത്തെയും മനുഷ്യന്റെ ആദി പ്രകൃതിയെയും ഒരു അത്യുന്നത സത്തയുടെയും ബോധത്തിന്റെയും രണ്ട് പ്രതിഭാസങ്ങളായാണ് ഇസ്‌ലാം കാണുന്നത്. ഇസ്ലാമിന്റെ വീക്ഷണത്തിൽ മനുഷ്യനും പരിത സ്ഥിതിയും അന്യോന്യം സ്വാധീനിച്ചും പ്രതിപ്രവർത്തിച്ചും വർത്തിക്കുന്നു.

3. ഭൗതികവാദത്തിലധിഷ്ഠിതമായ യഥാതഥവാദ (realism) ത്തോട് തീവ്രമായ കൂറ് പുലർത്തുന്ന പ്രത്യയശാസ്ത്രമാണ് മാർക്സിസം. അങ്ങനെ മൂല്യങ്ങളെപറ്റി സംസാരിക്കാനും മൂല്യനിർദ്ധാരണം നടത്താനുമുള്ള അവകാശം അത് സ്വയം നഷ്ടപ്പെടുത്തിയിരിക്കുന്നു.

എന്നാൽ അനുഭവൈക ലോകത്തിനതീതമായ ഒരു കേവല സ്രോതസ്സിൽനിന്ന് വരുന്ന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഇസ്ലാമിന് മൂല്യങ്ങളെ യുക്തി യുക്തം ന്യായീകരിക്കാൻ കഴിയും.

4. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പരിതസ്ഥിതിയുടെ ഒരു ഉത്പന്നമയാണ് മാർക്സിസം മനുഷ്യനെ പരിചയപ്പെടുത്തുന്നത്. ദൈവത്തെയും മനുഷ്യന്റെ ആദി പ്രികൃതിയെയും നിഷേധിക്കുന്നതിലൂടെ സദാചാരത്തിന്റെ നിദാനമായ മാനുഷിക മൂല്യങ്ങളുടെ പ്രമാണ്യം അത് നിരാകരിച്ചിരിക്കുന്നു. തൽഫലമായി, ലെനിൻ പറഞ്ഞ പോലെ, കേവല മൂല്യങ്ങളെ സംബന്ധിച്ച സംസാരം വ്യാജ പ്രസ്താവനയായിത്തീരുന്നു.

ശാസ്ത്രത്തിന് ആധാരമായി വർത്തിക്കുന്ന പ്രകൃതിയിലെ സ്ഥിര നിയമങ്ങളെപ്പോലെ സദാചാരത്തിന് നിദാനമായി വർത്തിക്കുന്ന മനുഷ്യന്റെ ആദി പ്രകൃതിയിലെ സ്ഥിരതത്വങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. അതായത്, പ്രകൃതി നിയമങ്ങളെപ്പോലെ മാനുഷിക മൂല്യങ്ങളും പ്രമാണികവും പ്രയോഗികവുമാണ്.

5. വൈരുദ്ധ്യാത്മക ഭൗതികവാദം യഥാർത്ഥത്തിൽ നിയതതത്വ വാദമാണ്. ഇതിൽ സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട മനുഷ്യൻ വൈരുദ്ധ്യാത്മക അന്ധപ്രക്രിയകളുടെ അടിമയാണ്.

ഇസ്‌ലാമിക വീക്ഷണത്തിൽ വൈരുധ്യം മനുഷ്യ പ്രകൃതിൽ അന്തർലീനമാണ്. ഈ വൈരുദ്ധ്യത്തിൽ നിന്നാണ് മനുഷ്യന്റെ സ്വാതന്ത്ര്യവും അതിന്റെ അനിവാര്യഫലമായ ഉത്തരവാദിത്വവും രൂപപ്പെടുന്നത്. മനുഷ്യൻ

കളിമണ്ണിന്റെയും ദിവ്യത്മാവിന്റെയും ദ്വന്ദമാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാൻ മനുഷ്യന് പൂർണ സ്വാതന്ത്ര്യമുണ്ട്. തന്റെ ഭൗമികാർദ്ധത്തെ ദിവ്യാർദ്ധത്തിന്റെ വികാസത്തിനായി ഉപയോഗിക്കാനും അതുവഴി അസ്തിത്വപരമായ സ്വച്ഛതയും ആത്മീയ ശുദ്ധിയും നേടുവനാണ് ഉത്തരവാദിത്വബോധം അവനെ പ്രേരിപ്പിക്കുന്നത്.

6. മാർക്സിസം ഉത്പാദകരുടെ തത്വ ശാസ്ത്രമാണ്.

ഖുർആൻ മാർഗ്ഗദർശനത്തിന്റെ തത്വ ശാസ്ത്രമാണ്.

7. മനുഷ്യനാണ് ദൈവത്തെ സൃഷ്ടിച്ചതെന്ന് മാർക്സിസം സിദ്ധാ ന്തിക്കുന്നു. അത് മനുഷ്യനെ അത്യുന്നത സ്ഥാനത്ത് ഉയർത്തി വെക്കുകയും ചെയ്യുന്നു. തുടർന്ന്, വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ വിശദീകരിക്കാൻ വേണ്ടി, അവനെ ഭൂമിയിലേക്ക് വലിച്ചിടുകയും ഉത്പാദനോപകരണങ്ങളുടെ ഉത്പന്നവും ചരിത്ര പരമായ നിയതത്വ വാദ (determinism) ത്തിന്റെ അടിമയുമായിരിക്കാൻ ശിക്ഷിക്കുകയും ചെയ്യുന്നു.

എന്നാൽ ഭൗതികതീത പ്രകൃതിയുടെ ഉടമയായാണ് ഇസ്‌ലാം മനുഷ്യനെ കാണുന്നത്. ദൈവമാണ് മനുഷ്യന്റെ സ്രഷ്ടാവ്. അവൻ ഈ ലോകത്ത് ദൈവത്തിന്റെ പ്രതിനിധിയാണ്. സ്വന്തം ഭാഗദേയം നിർണ്ണായിക്കാൻ സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം അവന് ചില ബാധ്യതകളും ഇസ്‌ലാം നൽകുന്നു. ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ ദൈവത്തിലെത്തിച്ചേരാനാണ് ഇസ്‌ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്. കമ്മ്യൂണിസം മനുഷ്യനെ ദൈവത്തിൽ നിന്ന് മണ്ണിലേക്ക് ഇറക്കിക്കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, ഇസ്‌ലാം അവനെ മണ്ണിൽ നിന്ന് ദൈവത്തിലേക്ക് ഉയർ ത്താനാണ് ശ്രമിക്കുന്നത്.

ഒരു ചർച്ചക്ക് ഉപകരിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഷെയർ ചെയ്യുക.

Tags: , , ,