ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മതങ്ങളും ദൈവവിശ്വാസവും ഒരു ലോക യാഥാർഥ്യമാണ്. മാനവരാശി ഉണ്ടായ കലം മുതൽ കൂടിയോ കുറഞ്ഞോ അളവിൽ എല്ലാ സമൂഹങ്ങളിലും മതങ്ങൾ നിലനിന്നിട്ടുണ്ട്. ഇന്നും നില നിൽക്കുന്നുണ്ട്. ശക്തി ഉപയോഗിച്ച് മതത്തെ ഇല്ലാതാക്കാൻ ശ്രമിച്ച എല്ലാ സമൂഹങ്ങളിലും അത്തരം ശ്രമങ്ങൾ പരാജയപ്പെട്ടിട്ടേ ഉളളൂ.
തീർത്തും മതേതരം എന്ന് അവകാശപ്പെടുന്ന പല പശ്ചാത്യ രാജ്യങ്ങളുടെയും പൊതു ജീവിതത്തിൽ പോലും പല രൂപത്തിൽ മതം ഒരു സജീവ സാനിധ്യമാണ്.
തന്റെ മതം മാത്രമാണ് അന്തിമമായ ശരി എന്ന് നല്ലൊരു ശതമാനം മത വിശ്വാസികളും കരുതുന്നു. മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത തരത്തിൽ സ്വയം അങ്ങനെ വിശ്വസിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്, ആ വിശ്വാസം ശരിയോ തെറ്റോ എന്നത് മറ്റൊരു കാര്യമാണ്.
ഇതര മത വിശ്വാസങ്ങളെ സഹിഷ്ണുതയോടെ കാണാനാണ് എല്ലാ മതങ്ങളും വിശ്വാസികളോട് ആവശ്യപ്പെടുന്നത്. മനുഷ്യർ അടിസ്ഥാനപരമായി ഏക ദൈവ വിശ്വാസികൾ ആയിരുന്നു എന്നും ബഹുദൈവ വിശ്വാസം പിന്നീട് രൂപപ്പെട്ടു വന്നതാണ് എന്നുമാണ് നരവംശ ശാസ്ത്രത്തിലെ ഇന്ന് നിലവിലുള്ള ഏറ്റവും പ്രഭലമായ വീക്ഷണങ്ങളിലൊന്ന്.
കലർപ്പില്ലാത്ത ഏക ദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ കാതൽ. ഏറ്റക്കുറച്ചിലോടെ ജൂത, ക്രൈസ്തവ മതങ്ങളും ഈ വിശ്വാസം പുലർത്തുന്നു.
യേശു ദൈവമോ ദൈവ പുത്രനോ ആണെന്ന വിശ്വാസത്തെ പൂർണ്ണമായി തിരസ്കരിക്കുമ്പോഴും, യേശുവിനെ ഏറ്റവും ആദരണീയനായ പ്രവാചകനായി മുസ്ലിംകൾ അംഗീകരിക്കുന്നു. അവതരിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുക എന്നത് ഇസ്ലാമിന്റെ മൗലിക തത്വങ്ങളിൽപ്പെട്ടതാണ് (ഖുർആൻ 4:150). സെമിറ്റിക് പ്രവാചന്മാരെ എല്ലാവരെയും ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ ലോകത്തെ എല്ലാ മുസ്ലിംകളും അംഗീകരിക്കുന്നു. സെമിറ്റിക് മതങ്ങൾക്ക് പുറത്തുള്ള പുണ്യ പുരുഷന്മാരുടെ കാര്യത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ട്.
എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഖുർആൻ പറയുന്നു (10:47).
അള്ളാഹു ഉദ്ദേശിച്ചിരുന്നു എങ്കിൽ മനുഷ്യരെയെല്ലാം ഒരൊറ്റ സമുദായമായി സൃഷ്ടിക്കുമായിരുന്നു എന്നും നിങ്ങളെ വ്യത്യസ്ഥ ഗോത്രങ്ങളും വർഗ്ഗങ്ങളുമായി സൃഷ്ടിച്ചത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണെന്നും ഖുർആൻ പറയുന്നു (49:13). നിങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുന്നതിലല്ല കാര്യം, ദൈവത്തിൽ വിശ്വസിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യലാണ് രക്ഷയുടെ മാർഗ്ഗമെന്നും ഖുർആൻ പറയുന്നു (2:177).
ഓരോ സമുദായത്തിനും അവരുടേതായ വഴികൾ നിശ്ചയിച്ചു കൊടുത്തിട്ടുണ്ടെന്നും (2:148) ദൈവത്തിന്റെ എല്ലാ പ്രവാചകൻമാരിലും വിവേചനം കാണിക്കാതെ വിശ്വസിക്കണമെന്നും ഖുർആൻ വിശ്വാസികളോട് ആവശ്യപ്പെടുന്നു (2:285)

ഖുർആൻ മുന്നോട്ട് വെക്കുന്ന ബഹുസ്വര സങ്കല്പത്തെ കുറിച്ച് ലോകത്തെ പ്രഗത്ഭരായ അറുപതു പണ്ഡിതൻമാരുടെ നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ളത്. ബഹുസ്വരത മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവയി ഖുർആൻ അംഗീകരിക്കുന്നു എന്ന് എല്ലാ പണ്ഡിതന്മാരും ഒരേ സ്വരത്തിൽ പറയുന്നു.
ഖുർആൻ മുന്നോട്ട് വെക്കുന്ന ബഹുസ്വര സങ്കല്പത്തിന് വിരുദ്ധമായ ചില ആശയങ്ങൾ ഖുർആനിൽ ഉണ്ട് എന്ന് വിമർശകർ പലരും ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാണെന്നും, ഇതര മത വിശ്വാസികളെ സുഹൃത്തുക്കളായി സ്വീകരിക്കരുത് എന്നൊക്കെ
വ്യാഖ്യനിക്കാവുന്ന വാക്യങ്ങൾ ഖുർആ നിലുണ്ട് എന്നത് സത്യമാണ്. അത്തരം വാക്യങ്ങൾ വിമർശന വിധേയമായിട്ടുണ്ട് എന്നതും ശരിയാണ്.
വ്യത്യസ്ത പണ്ഡിതന്മാർ വ്യത്യസ്ത രീതിയിൽ ഈ വാക്യങ്ങളെ വ്യാഖ്യാനിച്ചിട്ടുണ്ട്.
മുറാദ് ഹോഫ്മാൻ, മുഹമ്മദ് അസദ്, അല്ലാമ യൂസുഫലി, താരിഖ് റമദാൻ, അബുൽ കലാം ആസാദ്, സിയാ ഉദ്ദ്ധീൻ സർദാർ, ഇസ്മായിൽ റജ ഫാറൂഖി, കാരൻ ആംസ്ട്രോങ്ങ്, ജോൺ എസ്പോസിറ്റോ, ഫരീദ് ഇസ്ഹാഖ്, സഫി കസ്കസ്, ഇന്ഗ്രിഡ് മാറ്റ്സൺ, ജോൺ ഹിക്ക്, അബ്ദുൽ ഹലീം, റോബർട്ട് സ്പെൻസർ, തലാൽ അസദ്, ഗായ് ഈറ്റൺ തുടങ്ങി കിഴക്കും പടിഞ്ഞാറുമുള്ള പ്രഗത്ഭരായ പണ്ഡിതൻമാരുടെ വീക്ഷണങ്ങൾ പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
കലാഗണന അനുസത്രമായോ ആശയതിഷ്ഠിതമായോ അല്ല ഖുർആനിന്റെ അവതരണ രീതി. വാക്യങ്ങളായി അടർത്തിയെടുത്താൽ തീർത്തും വിപരീത അർത്ഥം കല്പിയ്ക്കാവുന്നതാണ് പല വാക്യങ്ങളുടെയും ഘടന. മുസ്ലിംകൾ അല്ലാത്ത ഖുർആൻ വായനക്കാരിൽ തെറ്റിദ്ധാരണ ഉണ്ടാവാൻ ഇത് ഒരു കാരണമാണ്.
സൂക്തങ്ങളെ അവയുടെ അവതരണ പശ്ചാതലത്തിൽ നിന്ന് കൊണ്ട് മനസിലാക്കുക, പൊതുവിൽ ഖുർആൻ മുന്നോട്ടു വെക്കുന്ന മാനവിക, ധാർമിക മൂല്യങ്ങളുൾക്ക് വിരുദ്ധമായ വ്യാഖ്യാനങ്ങളെ തള്ളിക്കളയുക തുടങ്ങിയ സമീപനങ്ങളാണ് പൊതുവെ സ്വീകരിക്കപ്പെട്ടു വരുന്ന രീതി.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ ബഹുസ്വരതയുടെ പാഠങ്ങൾ അന്വേഷിക്കുന്ന ബ്രഹത്തായ പദ്ധതിയുടെ ആദ്യ ഭാഗമാണ് ഈ കൃതി. ഹിന്ദു, ക്രിസ്ത്യൻ വേദ ഗ്രന്ഥങ്ങളെ ആസ്പദിച്ചുള്ള തുടർ വാള്യങ്ങൾ വൈകാതെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വന്തം വിശ്വാസ പൂർത്തീകരണത്തിന് മറ്റു മതങ്ങളുടെ പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും അംഗീകരിക്കണ മെന്ന് നിബന്ധന നിശ്ചയിച്ച ലോകത്തിലെ ഒരേ ഒരു മതം ഇസ്ലാം മാത്രമാണ് എന്ന പ്രശസ്ത ബ്രിട്ടീഷ് പണ്ഡിതനായ ഇസ്മായിൽ റജ ഫാറൂഖിടെ നിരീക്ഷണമാണ് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ( പേജ് 37).
വിശ്വാസി സമൂഹങ്ങൾ പരസ്പരം മനസ്സിലാക്കുകയും ആരോഗ്യകരമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ മതമാണ് എല്ലാ സംഘർഷങ്ങളുടെയും കാരണമെന്ന അബദ്ധ ധാരണ മാറ്റിയെടുക്കാൻ കഴിയും. മതം മാത്രമല്ല മതേതരത്വവും മത നിരാസവും ലോകത്ത് സംഘർഷങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഒരു ചരിത്ര യാഥാർഥ്യമാണെങ്കിലും പഴി കേൾക്കുന്നതിൽ മതം എന്നും ഒന്നാം സ്ഥാനത്താണ്.