ഒരു ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും ഇരിങ്ങോൽ കാവിൽ പോയി. മൺസൂൺ ചിത്രങ്ങളായിരുന്നു മനസ്സിൽ. പക്ഷെ, നിരാശനായി തിരിച്ചു പോരേണ്ടി വന്നു!
എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത ഇരിങ്ങോൽ ഭഗവതി ക്ഷേത്രത്തിന് ചുറ്റുമാണ് ഈ കാവ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരങ്ങളും നൂറുകണക്കിന് പക്ഷികളും മറ്റു ജീവജാലങ്ങളുമുള്ള അത്യപൂർവ്വ ജൈവ കലവറയാണ് ഈ കാവ്. പല തവണ അവിടെ പോവുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ, ഇത്തവണ ചെന്നപ്പോൾ ഒരു കാരണവശാലും ക്ഷേത്ര പരിസരത്തോ കാവിലോ ഫോട്ടോഗ്രഫി അനുവദിക്കില്ലെന്ന് അധികൃതർ തീർത്തു പറഞ്ഞു. അനുസരിക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. അവരുടെ നിലപാട് തീർത്തും ന്യായവുമായിരുന്നു.
കാവിന്റെയോ ക്ഷേത്രത്തിന്റെയോ യാതൊരു മര്യാദയും പാലിക്കാതെയുള്ള റീൽസ് നിർമാണവും ഫോട്ടോ ഷൂട്ടും കാരണം പൊറുതി മുട്ടിയാണ് അവർ അങ്ങനെ ഒരു തീരുമാനം എടുത്തത്. കൂടാതെ, ഇടതൂർന്ന കാടിന്റെ ഇരുണ്ട കോണുകൾ സാമൂഹിക ദ്രോഹികളും കാമുകീ കാമുകന്മാരും പരമാവധി ദുരുപയോഗം ചെയ്യുകയും ചെയ്തു.
ആരാധനാലയങ്ങൾ പാവനമായ ഇടങ്ങളാണ്. ഏത് മതത്തിൽ പെട്ടവരായിരുന്നാലും അത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ മര്യാദകൾ പാലിക്കാൻ ബാധ്യസ്ഥരാണ്, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ അവനവന്റെ മതവിശ്വാസവും ആചാരങ്ങളും പാലിക്കുമ്പോൾ തന്നെ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളെയും ആചാരങ്ങളെയും മാനിക്കേണ്ട ബാധ്യത ഏത് വിശ്വസിക്കുമുണ്ട്. പരസ്പരം പാലിക്കേണ്ട മര്യാദയാണത്.
കാടിന്റെ അവസ്ഥയും അത് തന്നെ. ഇന്ന് പലരും കാട് കയറുന്നത് കാട് കാണാണോ പ്രകൃതി ഭംഗി ആസ്വദിക്കാനോ അല്ല. കിട്ടുന്ന ഏതവസരത്തിലും സ്വന്തം മുഖം സ്‌ക്രീനിൽ കാണിക്കാനാണ്. തീർത്തും നിരുത്തരവാദപരമാണ് പല സന്ദർശകരുടെയും കാട്ടിലെ പെരുമാറ്റം. ഉച്ചത്തിൽ ബഹളം വെച്ചും പാട്ട് പാടിയുമൊക്കെയാണ് പലരും കാട് ആസ്വദിക്കുന്നത്, അവിടെയുള്ള ജീവ ജാലങ്ങളെക്കുറിച്ചോ അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചോ അശേശം ബോധമില്ലാതെ.
അധികൃതർക്ക് ഓരോ സന്ദർശക ന്റെയും പിന്നാലെ നടക്കാവില്ലല്ലോ. സ്വയം ഉത്തരവാദിത്വബോധവും പൗരബോധവും ശീലിക്കുകയെ മാർഗ്ഗമുള്ളൂ.
Picture by Kuldeep Raj Purohit