പ്രശസ്ത പത്രപ്രവർത്തകനായ ഡോ സ്റ്റാൻലി ജോണി ഇന്നലെ പങ്ക് വെച്ച ഒരു fb പോസ്റ്റിൽ, ഇറാനിലെ ഒരു വിദൂര പ്രദേശത്ത് വെച്ച് മലയാളം സംസാരിക്കുന്ന ഒരു ബഷീർ ആരാധകനെ കണ്ടു മുട്ടിയ അനുഭവം വിവരിക്കുന്നുണ്ട്. അയാൾ വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാർഥിയിരുന്നുവത്രേ.

അത് വായിച്ചപ്പോഴാണ് മറ്റൊരു സംഭവം ഓർത്തത്.

ഒരു കാലത്ത് കോഴിക്കോടും പരിസരത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാരാളം ഇറാനിയൻ വിദ്യാർത്ഥികൾ പഠിച്ചിരുന്നു. കോഴിക്കോട്ടെ ഇസ്‌ലാമിക പ്രവർത്തകരുമായി ഇവർക്ക് ഊഷ്മള ബന്ധവുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, പ്രശസ്ത സൂഫി ചിന്തകനായ സി ഹംസ, ഇറാനിയൻ ചിന്തകനായിരുന്ന അലി ശരീഅത്തിയുടെ ‘രക്തസാക്ഷ്യം’ എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ തീരുമാനിച്ചു. ഇറാനിയൻ വിദ്യാർഥികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഹംസ ഈ വിവരം അവരുമായി ചർച്ച ചെയ്തു.

അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

“ആ പുസ്തകത്തിൽ സഹാബത്തി (പ്രവാചകന്റെ അനുചരന്മാർ) നെ കുറിച്ച് മോശമായ പരാമർശം ഉണ്ട്. കേരളത്തിൽ നിങ്ങൾ അത് പ്രസിദ്ധീകരിക്കരുത്”. പുസ്തകം പക്ഷെ പ്രസിദ്ധീകരിക്കപ്പെട്ടു.

പക്ഷെ ഇന്നും സമുദായത്തിനകത്തെ ചില അന്തംകമ്മികൾ, ആരെക്കെയോ ചേർന്ന് കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ശിയായിസം ഒളിച്ചു കടത്തുകയാണെന്ന് എഴുതിയും പ്രസംഗിച്ചും നടക്കുന്നു. ശിയാക്കളായ ആ വിദ്യാർത്ഥികളുടെ ഔചിത്യ ബോധവും നിലവാരവും പല സംഘടന നേതൃത്വങ്ങൾക്കും ഇല്ലല്ലോ എന്നതാണ് ഖേദകരം.