എല്ലാം ഒന്നുമതി, എന്നാൽ നീതി മാത്രം രണ്ട് തരം വേണമെണെന്നാണ് നമ്മുടെ ആൾ ഇന്ത്യ പോളിസി. അചേതന വസ്തുവായ ബുൾഡൊസറിന് പോലും അറിയാം ആരുടെ നെഞ്ചത്തേക്കാണ് പാഞ്ഞു കയറേണ്ടതെന്ന്!
അവനവൻ ബ്രാൻഡ് തീവ്രവാദവും വർഗീയതയും, വെറുപ്പ് ഉത്പാദനവുമൊക്കെ എല്ലാ സമുദായക്കാർക്കുമുണ്ട്. പക്ഷെ പ്രതിസ്ഥാനത്ത് അറബി പേരുള്ള ആളാണെങ്കിൽ നിയമം ഉടനെ ചാടി വീഴും. നിയമം അതിന്റെ വഴിക്ക് നീങ്ങും!! കഴിഞ്ഞ കുറെ കാലമായി ഇതാണ് ഇവുടുത്തെ ‘നീതി’. വിസ്ഡം നേതാവിന്റെ കാര്യത്തിലും അത്രയേ സംഭവിച്ചിട്ടുള്ളൂ.
നീതി ദേവതയുടെ കണ്ണ് കുറച്ച് കൂടി കനമുള്ള തുണി കൊണ്ട് കെട്ടി ആളെ തിരിച്ചറിയാതെ നിയമം നടപ്പിലാക്കിയാൽ പകുതി പ്രശ്നങ്ങൾ തീരും!!
പിന്നെ, ‘ ഒരു വിഭാഗത്തോടുള്ള വെറുപ്പ് അവരോട് അനീതി പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കരുത്’ എന്ന ഖുർആൻ വചനം മുസ്ലിം സംഘടന കൾക്ക് പറഞ്ഞതല്ല. പൊലീസും അന്വേഷണ ഏജൻസികളും മാധ്യമങ്ങളും പടച്ചുവിട്ട കല്പിത കഥകളുടെ മറവിൽ മുസ്ലിം ചെറുപ്പക്കാർ പലപ്പോഴായി കേസുകളിൽ കുടുങ്ങിയപ്പോഴൊന്നും നീതിയുടെ പക്ഷത്ത് നിൽക്കാൻ സമുദായ സംഘടനകൾ തയ്യാറായ ചരിത്രമില്ല. തഞ്ചവും തരവും നോക്കി ഉണരുന്നതാണ് നമ്മുടെ നീതി ബോധം!
ഒരു നാൾ അവർ നിങ്ങളെ തേടിയെത്തും എന്ന് പലരും ഓർമ്മപ്പെടുത്തിയിരുന്നെങ്കിലും അതൊന്നും ആരും ചെവികൊണ്ടില്ല. മുകുന്ദൻ സി മേനോനും ബി ആർ പി ഭാസ്കറും ബാ സുരേന്ദ്ര ബാബുവുമൊക്കെ മഅദനിക്ക് വേണ്ടി ശബ്ദമുയർത്താൻ തുടങ്ങിയപ്പോഴാണ് പലരുടെയും നീതി ബോധം മെല്ലെ ഉണരാൻ തുടങ്ങിയത്!! അതൊക്കെ പഴയ കഥ.
ഇന്ന്, ആരുടെ പുറത്തും ഒട്ടിക്കാൻ പാകത്തിന് റെഡി മെയ്ഡ് തീവ്രവാദി, വർഗീയവാദി സ്റ്റിക്കറുകൾ ലഭ്യമാണ്! ആനന്ദിന്റെ ഗോവർദ്ധനെപ്പോലെ, നിങ്ങൾ കുറ്റം ചെയ്യണമെന്നില്ല, നിങ്ങളുടെ കഴുത്ത് കൊലക്കയറിന് പകമാണോ അല്ലയോ എന്നത് മാത്രമേ നോക്കുന്നുള്ളൂ.
ബലാത്സംഗമായാലും, കൊലപാതമായാലും, സ്വർണ്ണ കള്ളക്കടത്തായാലും, എല്ലാറ്റിനും പാകമായ കഴുത്ത് ഈ സമുദായത്തിന്റെതാണ് എന്ന തിരിച്ചറിവെങ്കിലും ഉണ്ടായാൽ നന്ന്!!!!