മലയാളത്തിലെ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരിൽ ഒരാളാണ് ആനന്ദ്. അഗാധമായ അർത്ഥ തലങ്ങളുള്ള വയാണ് അദ്ദേഹത്തിന്റെ മിക്ക രചനകളും. മത വിമർശകനാണ് ആനന്ദ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത നിലപാടായിരിക്കണം. അതിനോട് യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം വായനക്കാർക്കുണ്ട്.
ഏതാണ്ട് കാൽ നൂറ്റാണ്ട് മുമ്പ് ‘വിരുന്നു കാരനും വേട്ടക്കാരനും: ആനന്ദിന്റ ഇസ്ലാം വിമർശം’ എന്ന ഒരു പുസ്തകം മലയാളത്തിൽ ഇറങ്ങിയിരുന്നു. ഇസ്ലാമോഫോബിയ ഇന്നത്തെ പോലെ വിലക്കുറവിൽ അന്ന് കേരള മാർക്കറ്റിൽ കിട്ടിത്തുടങ്ങിയിട്ടില്ല. ആ പുസ്തകം അക്കാലത്ത് തന്നെ വായിച്ചിരുന്നു. ഇസ്ലാമിനെതിരെ ന്യായമായ വിമർശനങ്ങൾ ഉയർത്തുന്ന കൃതികൾ ഇന്നും ആർത്തിയോടെ വായിക്കാറുണ്ട്. ഇസ്ലാമിനെ കൂടുതൽ ആത്മവിശ്വാസത്തോടെ ഉൾകൊള്ളാൻ അത്തരം പഠനങ്ങൾ എന്നെ സഹായിച്ചു എന്നാണ് വ്യക്തിപരമായ അനുഭവം.

അടുത്ത കാലത്ത് ഒരിക്കൽ കൂടി ആ പുസ്തകം വായിച്ചു. ആനന്ദിനെ പോലെ വലിയ ഒരെഴുത്തുകാരന് എങ്ങനെ ഇത്ര ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയുന്നു എന്നാണ് വീണ്ടും വായിച്ചപ്പോൾ എനിക്ക് തോന്നിയത്.
ഖുർ ആനും പ്രവാചകനും, ഇസ് ലാ മും വിമർശനങ്ങൾക്ക് അതീതമല്ല. പഠിക്കാൻ ശ്രമിക്കുന്ന ആർക്കും വിമർശനങ്ങൾ ഉന്നയിക്കാനുള്ള അവകാശമുണ്ട്. ഒരു ആശയത്തെയോ പ്രസ്ഥാനത്തെയോ വിമർശിക്കുമ്പോൾ അതിന്റെ അടിസ്ഥാന സ്രോതസ്സുകൾ എന്ത് പറയുന്നു എന്ന് അന്വേഷിക്കാനുള്ള മിനിമം ബുദ്ധിപരമായ സത്യസന്ധത പാലിക്കാൻ ശ്രമിക്കണം എന്ന് മാത്രം.
എന്നാൽ ഇസ് ലാ മിനെയോ മുസ് ലിം കളെയോ വിമർശിക്കാൻ ഇങ്ങനെ ഒരു നിബന്ധന ആവശ്യമില്ല എന്നാണ് കേരളീയ പൊതു സമൂഹത്തിന്റെ നിലപാട്. ആർക്കും എന്തും പറയാം, ഒരു തെളിവിന്റെയും ആവശ്യമില്ല.
തറനിലവാരം മാത്രമുള്ള പി സി ജോർജ് ആയാലും തലക്കനമുള്ള സുനിൽ പി ഇളയിടം ആയാലും ഇതാണ് രീതി.
ഒന്നുകിൽ അവർ ബോധപൂർവം കളവ് പറയുന്നു. അല്ലെങ്കിൽ സമൂഹത്തിൽ അവർ ഉണ്ടാക്കിയെടുത്ത വിശ്വാസ്യത ചൂഷണം ചെയ്യുന്നു. അതുമല്ലെങ്കിൽ തങ്ങൾക്കു വഴങ്ങുന്ന സ്രോതസ്സുകൾ മാത്രം ആശ്രയിച്ചു പരസ്യമായി അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു.
ആനന്ദ് ഇസ്ലാമോഫോബിക് ആണെന്ന് എനിക്ക് വാദമില്ല. പക്ഷെ, യാതൊരു തത്വദീക്ഷയുമില്ലാതെ ഇസ് ലാ മിനെതിരെ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങൾ ഉന്നത ശീർഷനായ എഴുത്തുകാരനും ചിന്തകനുമായ ആനന്ദിന് എങ്ങനെ നടത്താൻ കഴിയുന്നു എന്നത് വല്ലാതെ അത്ഭുത പ്പെടുത്തുന്നു. ഇത് ആനന്ദിന്റെ മാത്രം പ്രശ്നവുമല്ല.
‘മറ്റ് മത ഗ്രന്ഥങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ മാനുഷിക മൂല്യങ്ങളെ കുറിച്ച് വളരെക്കുറച്ച് മാത്രം പറയുന്ന ഗ്രന്ഥമാണ് ഖുർആൻ’ എന്ന് ‘ജൈവ മനുഷ്യനി’ൽ ആനന്ദ് എഴുതി. ഈ അടുത്ത കാലത്ത് മൈത്രേയനും ഇതേ ആരോപണം ആവർത്തിച്ചു കണ്ടു.
ഏതെങ്കിലും ഒരു ഖുർആൻ വിവർത്തനം ഒരാവർത്തി വെറുതെ വായിക്കുന്ന ആർക്കും ഈ വാദത്തിന്റെ നിരുത്തരവാദത്വം ബോധ്യപ്പെടും.
വ്യത്യസ്ഥ ചിന്താ ധാരകളിൽ നിന്ന് കൊണ്ട് ഖുർആനിനെ വ്യാഖ്യാനിക്കുന്ന നൂറു കണക്കിന് ഖുർആൻ പരിഭാഷകൾ ഇംഗ്ളീഷിലും മലയാളത്തിലുമായി ലഭ്യമാണ്. അവയൊന്നും അവലംബിക്കാതെ, ഒട്ടേറെ വിമർശനങ്ങക്ക് വിധേയമായ, 1956 ൽ പെൻഗ്വിൻ പുറത്തിറക്കിയ എൻ ജെ ദാവൂദ് എന്ന ജൂത വിശ്വാസിയുടെ പരിഭാഷയാണ് ഖുർആൻ നിനെ വിമർശിക്കാൻ ആനന്ദ് ആശ്രയിക്കുന്നത് എന്ന് ഈ പുസ്തകം തെളിയിക്കുന്നു.
സംവാദത്തിന്റെ ഉന്നതമായ മൂല്യങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ഗൗരവ പരമായ ഈ വിമർശന കൃതി പക്ഷെ കേരളത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല.
“ആനന്ദ് ഇസ്ലാമിനെ വിമർശിക്കുകയും അവമതിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തെ ചെറുക്കുകയും എതിർക്കുകയും ചെയ്യുക എന്ന വൈകാരികതയിൽ നിന്നല്ല ഈ പഠനം ഉരുവം കൊള്ളുന്നത്. മറിച്ച്, ആനന്ദ് തുറന്നിട്ട സംവാദ മേഖലകളിലേക്ക് കടന്നു ചെന്ന് കർക്കശമായ നിരൂപണത്തിലൂടെ ഇസ്ലാമിനെ വായിച്ചെടുക്കാനുള്ള സാധ്യത പരിശോധിക്കുകയാണിവിടെ,” എന്ന് പുസ്തകത്തിന്റെ മുഖവുരയിൽ ഗ്രന്ഥകാരനായ മുഹമ്മദ് അഷ്റഫ് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആനന്ദുമായി നടത്തിയ കത്തിടപാടുകൾ പുസ്തകത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ഇരുപത് വർഷത്തിനിടക്ക് ആനന്ദ് തന്റെ നിലപാടുകൾ തിരുത്തിയിട്ടുണ്ടോ എന്നറിയില്ല. ആനന്ദിനെ വിമർശിക്കാനല്ല ഇതത്രയും വിശദീകരിച്ചത്.
കാൽ നൂറ്റാണ്ട് മുമ്പ് ആനന്ദ് ഉയർത്തിയ അതേ വിമർശനങ്ങൾ പല ബുദ്ധിജീവികളും ഇന്നും ഉയർത്തികൊണ്ടിരിക്കുന്നത് കാണുന്നത് കൊണ്ടാണ്.
‘നീതിയിലും സമഭാവനയിലുമധിഷ്ഠിതമായ വിശകലനം മലയാളിയുടെ വിചാര തലത്തിൽ ചെറിയൊരു കുതിപ്പെങ്കിലും ഉണ്ടാക്കുമെന്നാണ്’ അഷ്റഫ് അന്ന് പ്രത്യാശിച്ചത്. പക്ഷെ ആ പ്രതീക്ഷ അസ്ഥാനത്തായി എന്ന് ഇപ്പോൾ ഗ്രന്ഥകാരന് തോന്നാൻതക്ക രീതിയിലാണ് ഇന്നും ഇസ് ലാ മിനെകുറിച്ചും മുസ്ലിംകളെ കുറിച്ചുമുള്ള സംവാദങ്ങൾ കേരളത്തിൽ നടക്കുന്നത്.
ഇസ്ലാമിനെ വിമർശിക്കുന്നു എന്നതല്ല പ്രശ്നം, വിമർശനത്തിലെ ഉപരിപ്ലവതയും സത്യസന്ധത ഇല്ലായ്മയുമാണ്.