പക്ഷികളെ തേടിയാണ് ഇറങ്ങിയത്, മുന്നിൽ വന്നു പെട്ടത് ഇവരാണ്. അതിരാവിലെ ഞാൻ കാമറയെടുത്ത് പുറത്തിറങ്ങുമ്പോൾ ഇവർ അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തി തിരിച്ചെത്തികഴിഞ്ഞിരുന്നു.

പുലർച്ചെ പാതി മയക്കത്തിൽ പുറപ്പെട്ടു കാണണം, കാറ്റും മഴയും വകവെക്കാതെ. ഒരു ചാൺ വയറു വേണ്ടിയുള്ള പെടാപാട്. പിഞ്ചു പൈതങ്ങളെ പോലും കൂടെ കൂട്ടിയാണ് പലപ്പോഴും കുടുംബം ഒന്നടങ്കം മീൻ പിടിക്കാൻ ഇറങ്ങുന്നത്. ഇന്ന് കാണുമ്പോൾ സ്കൂൾ പ്രായമുള്ള ഒരു ആൺകുട്ടിയും കൂടെയുണ്ടായിരുന്നു. അവന് സ്കൂളിൽ പോകാനുള്ള ഭാഗ്യം കിട്ടിക്കാണില്ല.

യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ആഴമുള്ള കായലിൽ കൊച്ചു കുട്ടികളെയും കൂട്ടി ഇവർ മീൻ പിടിക്കുന്നത് പലപ്പോഴും നെഞ്ചിടിപ്പോടെ നോക്കി നിന്നിട്ടുണ്ട്.

ആവശ്യത്തിന് മീൻ കിട്ടിയതുകൊണ്ടാവാം ഈ സ്ത്രീയുടെ മുഖത്ത് വല്ലാത്ത സന്തോഷം കണ്ടു, എന്റെ കമറക്ക് അത് നല്ലൊരു വിഭവവുമായി…..



