ഏറെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ കൃതികളുടെ കവർ റിലീസിങ് ഇന്ന് നടക്കുകയാണ്, ജമാൽ കൊച്ചങ്ങാടിയുടെയും മുഹമ്മദ്‌ ശമീമിന്റെയും.

മട്ടാഞ്ചേരിയിൽ ജനിച്ചു വളർന്ന ജമാൽക്കയുടെ ‘സിനഗോഗ് ലൈൻ’ കൊച്ചിയിലെ ജൂതന്മാരെ പശ്ചാതലമാക്കിയള്ള നോവലാണ്.

വെളുത്ത ജുതന്മാരുടെ കടുത്ത വർണ്ണവിവേചനങ്ങളെ രണ്ടര നൂറ്റാണ്ടുകാലത്തോളം ചെറുത്തു നിന്ന ഒരു കറുത്ത ജൂതകുടുംബത്തിൻ്റെ കഥയാണത്. യഹൂദ-മുസ്ലിം ബന്ധത്തിൻ്റെ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഗാഢസൗഹൃദത്തിൻ്റെ കഥ കൂടിയാണ് ഈ നോവൽ.

സാമ്പ്രദായികതയുടെ വേലിക്കെട്ടുകൾ വകഞ്ഞുമാറ്റി സ്വന്തം ധിഷണയുടെ കരുത്ത് കൊണ്ട് വേറിട്ട വഴി കണ്ടെത്തിയ പണ്ഡിതനാണ് ശമീം.

പടിഞ്ഞാറൻ സാഹിത്യത്തിലെ ഇസ്‌ലാമിക ബിംബങ്ങളെ കുറിച്ചുള്ള നിരൂപണ പഠനമാണ് ശമീമിന്റെ ‘അന്ദലൂസിയൻ പ്രതിധ്വനികൾ’ എന്ന പുതിയ പുസ്തകം. എന്നും ‘ഇസ്ലാം വിരുദ്ധ’മായ പടിഞ്ഞാറിന്റെ സാഹിത്യത്തിൽ ഇസ്‌ലാമിക മൂല്യങ്ങളും പ്രവാചക ജീവിതവും ചെലുത്തിയ സ്വാധീനം പുതുമയുള്ള പ്രമേയമാണ്.

ആദാന പ്രാദാനങ്ങളിലൂടെ വളർന്ന രണ്ട് സംസ്കാരങ്ങൾ പുതിയ സംഘട്ടനങ്ങളുടെ യുദ്ധ മുഖത്ത് നിൽക്കുന്ന വർത്തമാന ലോകത്ത് സാഹിത്യത്തിലെ കൊള്ളക്കൊടുക്കലുകളെ കുറിച്ചുള്ള അന്വേഷണം വളരെ പ്രസക്തമാണ്.

ടോൾസ്തോയി, വിക്തോർ യുഗോ, ബോർഹസ്, ഗ്വെയ്ഥെ, അലൻ പോ, പുഷ്കിൻ, ബുനിൻ തുടങ്ങിയ വിശ്വ സാഹിത്യത്തിലെ അതികായന്മാർ എങ്ങനെ ഇസ്‌ലാമിനെ സർഗ്ഗ സൃഷ്ടിക്ക് ഉപയോഗിച്ചു എന്നതിന്റെ ഒരു വിശകലനം പുസ്തകം തരുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

കാലിക ലോകരാഷ്ട്രീയവുമായി ഏറെ അടുത്ത് നിൽക്കുന്ന രണ്ട് പുസ്തകങ്ങളും മലയാളി വായനാ സമൂഹം ഇരു കൈകൾ നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്മക്കായി പ്രാർത്ഥിക്കുന്നു, രണ്ടുപേർക്കും ഭാവുകങ്ങളർപ്പിക്കുന്നു.