സമുദായത്തിൽ ‘തീവ്രവാദികൾ’ ഉള്ളത് കൊണ്ടാണ് ഫാഷിസ്റ്റുകൾ മുടിയഴിച്ചാ ടുന്നത് എന്നായിരുന്നു ഉമ്മത്തിന്റെ കൂട്ടായ ഇജ്മാഹ്. അക്കാര്യത്തിൽ മദ്ഹബ് ഉള്ളവരും ഇല്ലാത്തവരും പാരമ്പര്യക്കാരും പുരോഗമനവാദികളും എല്ലാം ഒറ്റക്കെട്ടായിരുന്നു.
‘തീവ്രവാദ മുക്ത സമുദായം’ മുഖ്യ അജണ്ട ആയതോടെ, അത്തഹിയ്യാത്തിൽ വിരൽ അനക്കണമോ വേണ്ടയോ, തട്ടിൻ പുറത്തെ ജിന്നിനോട് please help me എന്ന് ചോദിക്കാമോ ഇല്ലയോ എന്നൊക്കെയുള്ള യമണ്ടൻ തർക്കങ്ങൾ തല്ക്കാലം മാറിനിന്നു. മുട്ടാവുന്ന വാതിലുകളൊക്കെ മുട്ടി. കിട്ടാവുന്ന കഷായങ്ങളൊക്കെ കൊടുത്തു.
എന്നിട്ടും കമ്മ്യൂണിസ്റ്റ്പ്പ പോലെ വളർന്ന തീവ്രവാദിക്കൂട്ടങ്ങളെ കണ്ട് നേതാക്കൾ യാ കൗമീ യാ കൗമീ എന്ന് വിലപിച്ചു. അവസാനം NIA സഹായിച്ച് എല്ലാറ്റിനെയും പിടിച്ചു കൂട്ടിലടച്ചു. അൽഹംദുലില്ലാഹ്, ഖൈർ!!
ഉമ്മറപ്പടിയും പൂമുഖവും ഏഴ് പ്രാവശ്യം വെള്ളമൊഴിച്ചു കഴുകി. യാസീൻ ഓതി ദുആ ഇരന്നു. റബ്ബേ, ഇനി ഇത്തരം ബലാൽ, മുസീബത്തുക്കളെ തൊട്ട് സമുദായത്തെ കാക്കണേ എന്ന് നീട്ടി പ്രാർത്ഥിച്ചു. എല്ലാം ഒന്ന് വെടിപ്പാക്കി കാരണവന്മാർ കാല് നീട്ടിയതെ ഉളളൂ. അതാ വരുന്നു പുതിയ തീവ്രവാദികൾ!!!
പരസ്പരം തെറ്റിയ സ്കൂൾ കുട്ടികളെ പോലെ, അന്ന് കട്ട ചോക്കിന്റെയും പെൻസിലിന്റെയും കണക്ക് പരസ്പരം വിളിച്ചു പറയുന്നു ഇപ്പോൾ ചിലർ.
ഗ്രൂപ്പ് മാറിയവന്റെ പള്ളക്ക് കത്തി കേറ്റിയവർ, ആദർശ വ്യതിയാനം വന്നവന്റെ കരണക്കുറ്റിക്ക് അടിച്ചവർ, അന്യ സമുദായക്കാരന്റെ അടക്കയും കുരുമുളകും കട്ടവർ, ‘ഹലാലായ’ കൊലപാതകങ്ങൾ നടത്തിയവർ… അങ്ങനെ പോകുന്നു വീരകൃത്യങ്ങൾ.
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ കാണിച്ചു കൂട്ടിയ പോക്രിത്തരത്തിന്റെ കണക്ക് കേട്ട് അസ്സൽ തീവ്രവാദികൾ പോലും മൂക്കത്ത് വിരൽ വെച്ച് പോവുന്നു. ഈ ഗുണ്ടായിസങ്ങളിൽ പലതിന്റെയും പിതൃത്വം ഇക്കാലമത്രയും ഞങ്ങളുടെ തലയിൽ വെച്ചു കെട്ടിയത് എന്തിനായിരുന്നു എന്ന് അവർ മുമുറു ക്കുന്നു.
എന്തോരം തീവ്രവാദികളാണ് സമുദായത്തിലിപ്പോൾ!! യാഥാസ്തിക തീവ്രവാദികൾ, മത രാഷ്ട്ര തീവ്രവാദികൾ, യെമനിലേക്കും സിറിയയിലേക്കുമൊക്കെ ആളെ കയറ്റിവിടുന്ന എക്സ്പോർട്ട് ഒൺലി തീവ്രവാദികൾ, കുത്തിനു പിടിച്ചു ആളെ മതം മാറ്റുന്നവർ, ഷവർമ്മയും കുഴിമന്തിയും വിൽക്കുന്ന വേറെ ചില വഹകൾ, നാർകോട്ടിക് മുതൽ കല്യാണ ജിഹാദ് വരെ നടത്തുന്ന വേറെയും ഗ്രൂപ്പുകൾ….. അങ്ങനെ പലതും.
‘തീവ്രവാദികളെ’, നിങ്ങൾക്കിനി ശാന്തമായി കിടന്നുറങ്ങാം. നിങ്ങളുടെ പണി ഏറ്റെടുക്കാൻ താഖതുള്ളവർ ഉമ്മത്തിൽ ഇപ്പോൾ എമ്പാടുമുണ്ട്!!!!