പ്രശസ്ത ഇസ്രയേലി ചിന്തകനും ഗ്രന്ഥകാരനുമായ യുവാന്‍ ഹരാരി Haaretz പത്രത്തിലെഴുതിയ സുദീര്‍ഘമായ ലേഖനത്തിന്‍റെ രത്നച്ചുരുക്കമാണിത്. ഹരാരി പോലും ചരിത്രം 2023 ഒക്ടോബര്‍ ഏഴിനാണ് ചരിത്രം തുടങ്ങിയത് എന്ന മട്ടിലാണ് കാര്യങ്ങളെ വിശകലനം ചെയ്യ്ന്നത്. എന്നാല്‍ പോലും ഇസ്രയേല്‍ രാഷ്ട്രം ഇന്ന് എത്തി നില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാന്‍ ഈ ലേഖനം ഉപകരിക്കും.

മുന്‍കാലങ്ങളിലെ അവരുടെ നയങ്ങൾ ഇസ്രായേലിനെ നാശത്തിന്റെ വക്കത്തെത്തിച്ചിരിക്കുന്നു. ചെയ്ത തെറ്റുകൾക്ക് അവർ ഇത് വരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല, തിരുത്താനുള്ള മനസ്സും കാണിച്ചിട്ടില്ല. ഇതേനയം തുടരാനാണ് ഭാവമെങ്കില്‍ അത് ഇസ്രേലിന്റെ മാത്രമല്ല മുഴുവന്‍ മധ്യപൗരസ്ത്യ ദേശത്തിന്റെയും നാശത്തിലായിരിക്കും കലാശിക്കുക.

ഒക്ടോബര്‍ ഏഴിന് ശേഷം നെതന്യാഹു പ്രതികാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷെ ബന്ധികളെ മോചിപ്പിക്കാനോ ഹമാസിനെ നിരായുധീകരിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.

ഗാസ മുനമ്പിലെ 2.3 ദശലക്ഷം ഫലസ്തീനികളുടെ മേൽ അത് മനഃപൂർവ്വം ഒരു മാനുഷിക ദുരന്തം വരുത്തി വെച്ചു എന്നത് മാത്രമാണ്

മിച്ചം. അതുവഴി ഇസ്രേലിന്റെ നിലനിൽപ്പിനുള്ള ധാർമ്മികവും ഭൗമരാഷ്ട്രീയവുമായ അടിത്തറയെ  ദുർബലപ്പെടുത്തുകയും ചെയ്തു.

ഇറാൻ ആക്രമണത്തിന് മുമ്പ് പോലും ഗാസയിലും വെസ്റ്റ് ബാങ്കിലും എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് നാം കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. ഇനിയും ഫലസ്തീനികളോടുള്ള നമ്മുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ, നമ്മുടെ അഹങ്കാരവും പ്രതികാരവും നമുക്ക് ചരിത്രപരമായ വിപത്ത് വരുത്തിവെക്കും.

അന്താരാഷ്‌ട്ര തലത്തിലും ഇസ്രയേല്‍  തകർന്ന നിലയിലാണ്. നമ്മുടെ മുൻ സുഹൃത്തുക്കളിൽ പലരും ഇന്ന് നമ്മെ  വെറുക്കുകയും ആട്ടി അകറ്റുകയും ചെയ്യുന്നു.

ലോകത്തിന്‍റെ മറ്റു ഭാഗങ്ങളുമായി വാണിജ്യപരവും ശാസ്ത്രീയവും സാംസ്കാരികവുമായ ബന്ധങ്ങളില്ലാതെ, അമേരിക്കൻ ആയുധങ്ങളും പണവും ഇല്ലാതെ, ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കവിഞ്ഞാല്‍ പ്രതീക്ഷിക്കാനാവുക മിഡിൽ ഈസ്റ്റിലെ ഉത്തര കൊറിയയാകുക എന്നത് മാത്രമാണ്. 

ഇസ്രായേലിലെ നല്ലൊരു ശതമാനം ജനങ്ങളും ചുറ്റും നടക്കുന്ന കാര്യങ്ങളെകുറിച്ച് അജ്ഞത നടിക്കുകയോ അവയെ നിഷേധിക്കുകയോ ചെയ്യുന്നു. ഗാസയിലെ മാനുഷിക പ്രതിസന്ധിയുടെ തീവ്രത പലരും നിഷേധിക്കുന്നു.

ഗാസയിലെ നാശം, കൂട്ടക്കൊല, പട്ടിണി എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വെറും വ്യാജ വാർത്തകളാണെന്ന് അവർ അവകാശപ്പെടുന്നു. അല്ലെങ്കിൽ അവയെയെല്ലാം ഇസ്രയേലി സുരക്ഷയുടെ പേരില്‍ ന്യായീകരിക്കുന്നു.

എല്ലാ ബന്ദികളേയും മോചിപ്പിക്കുന്നതിനുള്ള കരാറിലെത്താനും ഗാസയിൽ ഒരു ബദൽ രാഷ്ട്രീയ ക്രമം മുന്നോട്ട് കൊണ്ടുപോകാനും നെതന്യാഹു സർക്കാർ അതിന്‍റെ യുദ്ധഭൂമിയിലെ വിജയങ്ങൾ ചൂഷണം ചെയ്യുന്നതിൽ പരാജയപ്പെട്ടു. പകരം, ബോധപൂര്‍വ്വം ഗാസയിൽ അനാവശ്യമായ മാനുഷിക ദുരന്തം വരുത്താനാണ് ശ്രമിച്ചത്.

ഇറാൻ, ഹിസ്ബുള്ള, ഹമാസ് എന്നിവയെ ഭയക്കുന്ന, നമ്മുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന മിതവാദ അറബ് രാജ്യങ്ങൾക്ക് പോലും ഗസ്സയില്‍ വരുത്തിവെച്ച നാശങ്ങള്‍ കാരണം തുടര്‍ന്നു നമ്മോടു സഹകരിക്കാന്‍ പ്രയാസമാണ്.

ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആയിരക്കണക്കിന് സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്ന വംശീയവും അക്രമാസക്തവുമായ ഒരു രാജ്യമായാണ് അമേരിക്കയിലെയും ലോകമെമ്പാടുമുള്ള യുവതലമുറയും ഇപ്പോൾ ഇസ്രായേലിനെ കാണുന്നത്.

ഒക്ടോബർ 7 ന് ശേഷം നെതന്യാഹു ഗവര്‍ണ്‍മെന്റ് സ്വീകരിച്ച വിനാശകരമായ നയങ്ങൾ ഇസ്രായേലിനെ അസ്തിത്വ പ്രതിസന്ധി യിലേക്കാണ് നയിച്ചിരിക്കുന്നത്.

വർഷങ്ങളോളം നെതന്യാഹുവും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പങ്കാളികളും വംശീയ ലോകവീക്ഷണമാണ് വളർത്തിയെടുത്തത്. അത് പലസ്തീൻ ജീവിതങ്ങളുടെ മൂല്യം അവഗണിക്കാൻ  ഇസ്രായേലികളെ ശീലിപ്പിച്ചു.

ഒക്‌ടോബർ 7 ന് ശേഷം ഇസ്രായേൽ സ്വീകരിച്ച പല നടപടികളും പ്രതികാര ദാഹത്താൽ പ്രചോദിതമായതാണ്. ലക്ഷക്കണക്കിന് ഫലസ്തീനികൾ ഗാസയിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കനാകുമെന്ന ദുഷ്ട ലക്ഷ്യം കൂടി അതിന്റെ പുറകിലുണ്ടായിരുന്നു.

നെതന്യാഹു ഇസ്രായേലിന് “സമ്പൂർണ വിജയം” വാഗ്ദാനം ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. സത്യത്തില്‍ സമ്പൂർണ പരാജയത്തിൽ നിന്ന് ഒരടി മാത്രം അകലെയാണ് നമ്മള്‍.

ഇത്രയധികം പരാജയപ്പെട്ട നെതന്യാഹു സർക്കാർ ഒടുവിൽ ഉത്തരവാദിത്തം ഏറ്റെടുക്കണം. സഹിക്കാനാവാത്തത് സഹിച്ച്, പരാജയം ഏറ്റുപറഞ്ഞ്, മറ്റൊരാൾക്ക് പുതിയ വഴി തുറക്കാൻ വേണ്ടി ഉടൻ രാജിവെക്കേണ്ട അവസ്ഥയിയാണ് ഈ സർക്കാർ എത്തിയിരിക്കുന്നത്.