ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി കടപ്പുറത്ത് Masked booby (നീലമുഖി കടൽ വാത്ത്) യെ കണ്ടത് മുതൽ അങ്ങോട്ട് പക്ഷി നിരീക്ഷകരുടെ ഒഴുക്കാണ്. ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്തതിനാൽ ഇതാണ് അവസരമെന്ന് ഞാനും കരുതി. എറണാകുളത്ത് നിന്ന് എൺപത്തിലധികം കിലോമീറ്റർ ബൈക്ക് ഓടിച്ച് അതിരാവിലെ ഞാൻ ചെല്ലുമ്പോൾ തോട്ടപ്പള്ളി കടൽത്തീരം ഏറെക്കുറെ വിജനം. പക്ഷെ, ബൂബിയെ കണ്ടേ മടങ്ങൂ എന്ന മട്ടിൽ ഏതാനും പക്ഷി നിരീക്ഷകർ എനിക്ക് മുൻപേ അവിടെ എത്തി തമ്പടിച്ചിരുന്നു. കണ്ണൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്ന് ഏതാനും പേർ. തിരുവന്തപുരം ജില്ലയിൽ നിന്നെത്തിയ ഒരു വനിതാ ബേർഡ് വാച്ചർ. കേരളത്തിൽ ബേർഡ് വാച്ചിങ്ങിനെത്തിയ ഒരു രാജസ്ഥാനി, മണിപ്പൂരിൽ നിന്നുള്ള മറ്റൊരു ബേർഡ് വാച്ചർ….. അങ്ങനെ പലരും.

പക്ഷെ ബൂബിയുടെ നിഴൽ പോലും എവിടെയും കാണാനില്ല. വെയിലിന് ചൂട് കൂടി വന്നതോടെ അതിരാവിലെ എത്തിയ ചിലരൊക്കെ നിരാശരായി മടങ്ങാനൊരുങ്ങി. സമയം ഏതാണ്ട് 10.30…. എല്ലാവരെയും ആവേശഭരിതരാക്കി വലിയ ചിറകുകൾ ആഞ്ഞു വീശി അവൾ പറന്നു വന്ന് തീരത്ത് വട്ടമിട്ടു പറന്നു. പിന്നെ തൊട്ടടുത്ത മണൽതിട്ടയിൽ കടൽ കാക്കകൾക്കൊപ്പം പോയിരുന്ന് കുറച്ചു നേരം ചിറകുകൾ ചീകിയൊതുക്കി വൃത്തിയാക്കി. പിന്നെ വീണ്ടും കടലിലേക്ക്. അന്നേരമത്രയും

കാമറക്കണ്ണുകൾ നിർത്താതെ ഇമവെട്ടിക്കൊണ്ടിരുന്നു. ആവശ്യത്തിലേറെ ദർശന ഭാഗ്യം കിട്ടിയ സന്തോഷത്തിൽ ഓരോരുത്തരായി മടങ്ങാനൊരുങ്ങി.

വീണു കിട്ടിയ ഒരു അവധി ദിവസം അനുഗ്രഹമായി കരുതി ഞാൻ മുക്കുവരുടെയും മറ്റു പക്ഷികളുടെയും ഫോട്ടോ എടുത്ത് പിന്നെയും അവിടെ തന്നെ നിന്നു. അര മണിക്കൂർ കഴിഞ്ഞ് ആകാശത്തു വീണ്ടും ബൂബി വട്ടമിട്ടു. ഇത്തവണ പക്ഷെ കരയിൽ ലാൻഡ് ചെയ്തില്ല. ഫോട്ടോ എടുക്കാവുന്ന ദൂരത്തിൽ തിരമാലകൾക്ക് മീതെ മനോഹരമായി പോസ് ചെയ്തു നിന്നു കുറെ നേരം. പിന്നെ കടലിന്റെ അനന്ത വിഹായസ്സിലേക്ക് ചിറകുവീശിഅവൾ പറന്നകന്നു…….ഒരു 600mm ലെൻസില്ലാത്തതിന്റെ ദുഃഖം പേറി ഞാൻ കരയിലേക്ക് തിരിച്ചു നടന്നു………