https://www.youtube.com/watch?v=-hi0jK5hAis

ചാർളി ചാപ്ലിൻ രചനയും സംവിധാനവും നിർവഹിച്ച് 1940ൽ പുറത്തിറങ്ങിയ ചിത്രമാണ് The Great Dictator.

നാസിസത്തെയും ഹിറ്റ്ലറുടെ ഏകാധിപത്യത്തെയും രൂക്ഷമായ ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്ന ചിത്രം.

സിനിമയിൽ, വെറുപ്പിന്റെ വക്താക്കൾക്കെതിരിൽ ചാപ്ലിൻ നടത്തുന്ന ഉജ്ജ്വലമായ പ്രസംഗത്തിന്റെ വിവർത്തനമാണ് താഴെ.

“ക്ഷമിക്കണം….. ഒരു ചക്രവർത്തിയാകാൻ എനിക്ക് താല്പര്യമില്ല. അത് എന്റെ ജോലിയല്ല. ആരെയും ഭരിക്കാനോ  കീഴടക്കാനോ എനിക്കാഗ്രഹമില്ല. സാധ്യമെങ്കിൽ, എല്ലാവരെയും സഹായിക്കാനാണ് എനിക്കിഷ്ടം – ജൂതന്മാർ, അല്ലാത്തവർ, കറുത്തവർ, വെളുത്തവർ -അങ്ങിനെ എല്ലാവരെയും.

നാം പരസ്പരം സഹായിക്കാൻ ആഗ്രഹിക്കുന്നു, വെറുക്കാനും അവഗണിക്കാനുമല്ല. മനുഷ്യർ അങ്ങിനെയാണ്.

 ഈ ലോകത്ത് എല്ലാവർക്കും അവരവരുടേതായ ഇടമുണ്ട്. ഈ ഭൂമിക്ക്‌ എല്ലാവർക്കും ഉപജീവനം നൽകാൻ കഴിയും. ജീവിതരീതി സ്വാതന്ത്രവും സുന്ദരവും ആക്കാനും കഴിയും. പക്ഷേ നമുക്കെവിടെയോ  വഴിതെറ്റിയിരിക്കുന്നു……

ആർത്തി മനുഷ്യ മനസ്സുകളെ വിഷ ലിപ്തമാക്കിയിരിക്കുന്നു, ലോകത്ത് വെറുപ്പിന്റെ മതിൽക്കട്ടുകളുയർത്തിയിരിക്കുന്നു. അത് നമ്മെ ദുരിതത്തിലും രക്തച്ചൊരി ച്ചിലിലും കൊണ്ടെത്തിച്ചിരിക്കുന്നു.

നാം വേഗത കൈവരിച്ചിട്ടുണ്ട്, പക്ഷേ നാം സ്വയം അതിന്റെ തടവുകാരായി മാറിയിരിക്കുന്നു.

സമൃദ്ധി നൽകുന്ന യന്ത്രങ്ങൾ നമ്മളെ ആവശ്യങ്ങളുടെ ആധിക്യത്തിലാണ് കൊണ്ടെത്തിച്ചത്.

അറിവ് നമ്മളെ കൂടുതൽ

ദോഷൈകദൃക്കുകളാക്കിയിരിക്കുന്നു. നമ്മുടെ സമർഥ്യം കഠിനവും കരുണയില്ലാത്തതുമാണ്.

നാം ധാരാളം ചിന്തിക്കുകയും കുറച്ചുമാത്രം അനുഭവിക്കുകയും ചെയ്യുന്നു……

യന്ത്രങ്ങളേക്കാൾ നമുക്കാവശ്യം മനുഷ്യത്വമാണ്. മിടുക്കിനെക്കാൾ ദയയും മാന്യതയുമാണ് നമുക്കാവശ്യം.  ഈ ഗുണങ്ങളില്ലാത്ത ജീവിതം എല്ലാം നഷ്ടപ്പെടുത്തുന്ന ഹിംസാത്മാകത മാത്രമായിരിക്കും.

വിമാനവും റേഡിയോയും നമ്മളെ കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. ഈ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാന സ്വഭാവം തന്നെ മനുഷ്യരിലെ നന്മക്ക് വേണ്ടിയുള്ള, മാനവിക സഹോദര്യത്തിന് വേണ്ടിയുള്ള, മനുഷ്യരുടെ ഏകതക്ക് വേണ്ടിയുള്ള മുറവിളിയാണ്.

ഇപ്പോൾ, എന്റെ ശബ്ദം ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നു – ദശലക്ഷക്കണക്കിന് നിരാശരായ പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ… നിരപരാധികളെ പീഡിപ്പിക്കുകയും തടവിലാക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയുടെ ഇരകൾ…..

നിങ്ങളെന്നെ കേൾക്കുന്നുണ്ടെങ്കിൽ, ഞാൻ പറയുന്നു……നിങ്ങൾ നിരാശപ്പെടരുത്. ഇപ്പോൾ നമ്മെ ബാധിച്ചിട്ടുള്ള ദുരിതം കാലുഷ്യത്തിന്റെ കടന്നുപോക്കാണ് – മനുഷ്യ പുരോഗതിയെ ഭയപ്പെടുന്ന ദുഷ്ട മനസ്സുകളുടെ കാലുഷ്യത്തിന്റെ കടന്നു പോക്ക്.

മനുഷ്യരുടെ ദ്വേഷം കടന്നുപോകും. ഏകാധിപതികൾ മരിക്കും. ജനങ്ങളിൽനിന്ന് കവർന്നെടുക്കപ്പെട്ട അധികാരം ജനങ്ങളിലേക്ക് തിരിച്ചു വരും…. മനുഷ്യർ മരിച്ചുകൊണ്ടിരിക്കുന്നേടത്തോളം കാലം സ്വാതന്ത്ര്യം ഒരിക്കലും നശിക്കുകയില്ല.

സൈനികരേ, നിങ്ങളെ അവഹേളിക്കുന്ന, നിങ്ങളെ അടിമകളാക്കുന്ന, നിങ്ങളുടെ ജീവിതത്തെ ഞെരിച്ചുകളയുന്ന, നിങ്ങൾ എന്തു ചെയ്യണമെന്ന്, എന്ത് ചിന്തിക്കണമെന്ന് കല്പിക്കുന്ന,

നിങ്ങളെ മെരുക്കുന്ന, നിങ്ങളെന്ത് തിന്നണമെന്ന് കല്പിക്കുന്ന, നിങ്ങളോട് മൃഗങ്ങളെപ്പോലെ പെരുമാറുന്ന, നിങ്ങളെ വെറും വെടിമരുന്നുകളായി മാത്രം കാണുന്ന  മനുഷ്യർ…..അവർക്ക് മുന്നിൽ നിങ്ങൾ കീഴടങ്ങരുത്.

യന്ത്ര മനസ്സും യന്ത്ര ഹൃദയങ്ങളുമുള്ള യന്ത്ര മനുഷ്യർ! അവർക്ക് മുമ്പിൽ നിങ്ങൾ തല കുനിക്കരുത്.

നിങ്ങൾ യന്ത്രങ്ങളല്ല! നിങ്ങൾ മൃഗങ്ങളല്ല! നിങ്ങൾ മനുഷ്യരാണ്! നിങ്ങളുടെ ഹൃദയങ്ങളിൽ മനുഷ്യത്വത്തിന്റെ കനിവുണ്ട് ! നിങ്ങൾ വെറുക്കുന്നില്ല! ഹൃദയശൂന്യർക്കേ വെറുക്കാൻ കഴിയൂ.

 സൈനികരേ, അടിമത്തത്തിനായി പോരാടരുത്! സ്വാതന്ത്ര്യത്തിനായി പോരാടുക!

ലൂക്കോസിന്റെ 17-ാം അധ്യായത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ദൈവരാജ്യം ഓരോരുത്തത്തരുടെയും ഉള്ളിലാണ്” – ഒരാളിലല്ല, എല്ലാ മനുഷ്യരിലും! നിങ്ങളിൽ എല്ലാവരിലും.

ജനങ്ങളെ, നിങ്ങൾക്ക്‌ അധികാരമുണ്ട് – യന്ത്രങ്ങൾ സൃഷ്ടിക്കാനുള്ള അധികാരം. സന്തോഷം സൃഷ്ടിക്കാനുള്ള അധികാരം!

നിങ്ങളുടെ ജീവിതം സ്വതന്ത്രവും മനോഹരവുമാക്കാനുമുള്ള അധികാരം.

 ഈ ജീവിതം ഒരു അത്ഭുതകരമായ സാഹസികതയാക്കാനുമുള്ള അധികാരം.

ജനാധിപത്യത്തിന്റെ പേരിൽ  നമുക്ക് ആ അധികാരം ഉപയോഗിക്കാം. നമുക്കൊന്നിക്കാം, ഒരു പുതിയ ലോകത്തിനായി പോരാടാം – മനുഷ്യർക്ക് മാന്യമായി ജോലി ചെയ്യാൻ അവസരം നൽകുന്ന ഒരു ലോകം – യുവാക്കൾക്ക് ഭാവിയും വൃദ്ധർക്ക്  സുരക്ഷയും നൽകുന്ന ഒരു ലോകം.

 ഇതൊക്കെ വാഗ്ദാനം ചെയ്താണ് ഇവർ അധികാരത്തിലേറിയത്. പക്ഷേ അവർ നുണ പറയുന്നു! അവർ ഒരിക്കലും വാഗ്ദാനം പാലിക്കില്ല. ഇല്ല അവർ ഒരിക്കലുമത് ചെയ്യില്ല!

ഏകാധിപതികൾ സ്വതന്ത്രരാണ് , പക്ഷേ അവർ ജനങ്ങളെ അടിമകളാ ക്കുന്നു !

വാഗ്ദാനം പൂർത്തീകരിക്കാനായി നമുക്ക് പോരാടാം! സ്വതന്ത്രമായ ഒരു ലോകത്തിനായി നമുക്ക് പോരാടാം – ദേശീയ അതിർ വരമ്പുകൾ ഇല്ലാത്ത ലോകം -ആർത്തിയും, വെറുപ്പും, വിദ്വഷവുമില്ലാത്ത ലോകം. യുക്തിയുടെ ലോകത്തിനായി നമുക്ക് പോരാടാം, ശാസ്ത്രവും പുരോഗതിയും എല്ലാവരുടെയും സന്തോഷത്തിലേക്ക് നയിക്കുന്ന ഒരു ലോകം.

സൈനികരേ, ജനാധിപത്യത്തിന്റെ പേരിൽ, നമുക്ക് ഒന്നിച്ചു പോരാടാം…