“ഞാനൊരു മുസ്‌ലിമാണ്. ഞാനതിൽ അഭിമാനിക്കുന്നു. പതിമൂന്നു നൂറ്റാണ്ടുകാലത്തെ ഇസ്‌ലാമിന്റെ മഹിതമായ സംസ്കാരം എന്റെ പൈതൃക സ്വത്താണ്. അതിൽനിന്നു ഒരംശം പോലും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല. ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ, അതിന്റെ ചരിത്രം, കല, സാഹിത്യം, സംസ്കാരം, എല്ലാം എന്റെ സമ്പാദ്യങ്ങളാണ്. അവയുടെ സംരക്ഷണം എന്റെ ബാധ്യതയാണ്.

ഒരു മുസ്‌ലിമെന്ന നിലക്ക് ഇസ്‌ലാം മതത്തിലും അതിന്റെ സംസ്കാരത്തിലും എനിക്ക് പ്രത്യേക താല്പര്യം ഉണ്ട്. അതിലുള്ള ഒരു കൈകടത്തലും എനിക്ക് പൊറുപ്പിക്കാനാവില്ല.

പക്ഷേ, ഈ വിചാര വികാരങ്ങൾക്കൊപ്പം, എന്റെ ജീവിത യഥാർഥ്യങ്ങളും സാഹചര്യങ്ങളും എന്നിലേൽപ്പിച്ച മറ്റു ചിലത് കൂടി ഉണ്ട്. ഇസ്‌ലാമിന്റെ സത്ത ഒരിക്കലും അവക്കെതിരല്ല. അവ എനിക്ക് വഴികാട്ടിയാവുകയും മുന്നോട്ടുള്ള പ്രയാണത്തിൽ എന്നെ സഹായിക്കുകയും ചെയ്യുന്നു.

ഒരു ഇന്ത്യക്കാരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒരിക്കലും തകർക്കാനാവാത്ത ഇന്ത്യൻ ദേശീയതയുടെ ഭാഗമാണ് ഞാനും. ഈ മഹാ സൗധത്തിന്റെ അവിഭാജ്യ ഘടകമാണ് ഞാൻ. എന്നെക്കൂടാതെ ഈ മഹിത മന്ദിരം പൂർണ്ണമാവില്ല. ഇന്ത്യയെന്ന ഈ മണിമന്ദിരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഞാൻ. ഈ അവകാശം അടിയറ വെക്കാൻ ഒരിക്കലും ഞാൻ തയ്യാറുമല്ല.”

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ചരിത്രത്തിലെ ഏറ്റവും പ്രശ്ന സങ്കീർണ്ണമായ ഒരു ഘട്ടത്തിൽ അതിന്റെ പ്രസിഡന്റ് പദം അലങ്കരിക്കുകയും മരണം വരെ ഉറച്ച കോൺഗ്രസു്കരനായി ജീവിക്കുകയും ചെയ്ത മൗലാന അബുൽ കലാം ആസാദ് 1940ൽ രാംഗർഹിൽ നടത്തിയ പ്രസംഗമണിത്.

ഇന്ത്യൻ മുസ്ലിംകളുടെ നെഞ്ചിലൂടെ ഹിന്ദുത്വ ഫാഷിസത്തിന്റെ ബുൾഡോസർ ഉരുളുന്ന ഈ കാലത്ത് നാം ആവർത്തിച്ചു പറയേണ്ട വാക്കുകളാണിത്…….

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ഒറ്റുകാരുടെ റോൾ മാത്രം അഭിനയിച്ചവർ ഇന്ന് ആ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ വക്താക്കളായി വേഷം കെട്ടുന്നു. ഇന്ത്യൻ ദേശീയ പതാകയെ ഒരിക്കലും അംഗീകരിക്കാൻ കൂട്ടക്കാതിരുന്നവർ പുരപ്പുറത്ത് പതാക നാട്ടി ദേശാഭിമാനത്തെ കുറിച്ച്

ഗിരിപ്രഭാഷണം നടത്തുന്നു.

ഏറെ സമ്മർദ്ദങ്ങൾക്ക് ശേഷം 2002 ൽ മാത്രമാണ് നാഗ്പൂരിലെ RSS ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ ഇക്കൂട്ടർ തയ്യാറായത്. ഗാന്ധി വധത്തിന് ശേഷം RSS ന് മേൽ ഏർപ്പെടുത്തിയ നിരോധനം നീക്കാൻ സർദാർ വല്ലഭായി പട്ടേൽ മുന്നോട്ട് വെച്ച കണ്ടീഷനുകളിൽ ഒന്ന് RSS ദേശീയ പതാകയും ഇന്ത്യൻ ഭരണഘടനയും അംഗീകരിക്കണം എന്നതായിരുന്നു! എന്നിട്ടും ഞങ്ങളാണ് യഥാർത്ഥ ദേശാസ്നേഹികളെന്ന് ഇവർ സ്വയം നടിക്കുന്നു.

കോടതികൾ അടക്കമുള്ള സകല ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത തച്ചുതകർത്തവർ ഭരണഘടനയുടെ സംരക്ഷകർ തങ്ങളാണെന്ന് ലജ്ജയില്ലാതെ വാദിക്കുന്നു.

വെറുപ്പും വിദ്വേഷവും വിതച്ച് ആശാന്തി കൊയ്യുന്ന മരണത്തിന്റെ വ്യാപാരികൾക്ക്‌ ഇനിയൊരു സ്വാതന്ത്ര്യദിനം കൂടി വിട്ടുകൊടുക്കാതിരിക്കനുള്ള വിവേകം ഇന്ത്യൻ ജനത കാണിക്കുമെന്ന് നമുക്ക് പ്രത്യശിക്കാം.