മുസ്‌ലിം കാമുകനിൽ നിന്ന് അവിഹിത ഗർഭം ധരിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന ഫാത്തിമക്ക്, ആ പാപം കഴുകിക്കളയാൻ ‘ഉസ്താദ്’ ഉപദേശിച്ച വഴിയാണ് ISIS ൽ ചേർന്ന് ജിഹാദ് ചെയ്യൽ. തന്നെ ചതിച്ച്‌ കടന്നുകളഞ്ഞ കാമുകന് പകരം പറ്റിയ ഒരാളെ ‘ഉസ്താദ്’ തന്നെ ഏർപ്പാടാക്കുകയും ചെയ്യുന്നു, ക്രിസ്തുമതം ഉപേക്ഷിച്ചു മുസ്‌ലിമായി മാറിയ ഇഷാഖ്. ഭർത്താവിനോടൊപ്പം
അഫ്‌ഘാനിസ്ഥാനിലെ  ISIS കേന്ദ്രത്തിലെ ഒരു വർഷത്തെ ജീവിതത്തിനിടെ അവൾക്ക് ഒരു കുഞ്ഞു ജനിക്കുകയും അധികം വൈകാതെ ഭർത്താവ് ഇഷാഖ് കൊല്ലപ്പെടുകയും ചെയ്യുന്നു.

ഭീകരരുടെ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യു എൻ സമാധാന സേനയുടെ കേന്ദ്രത്തിൽ എത്തിപ്പെട്ട ശാലിനി, കാസർഗോഡ് നഴ്സിങ്‌ പഠന കാലത്തെ സഹപാഠി ആസിഫ ബാനുവിന്റെ ചതിയിൽ കുടുങ്ങി മതം മാറിയത് മുതൽക്കുള്ള കഥകൾ ഉദ്യോഗസ്ഥരോട് വിശദീകരിക്കുന്നു. പക്ഷെ, ISIS പടയാളിയായ ശാലിനിയെ നിയമാനുസൃതം ഇന്ത്യയിലേക്ക് അയക്കാൻ കഴിയില്ലെന്ന് പോലീസ്. എങ്കിലും,
ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശാലിനി അമ്മയെ ഫോണിൽ വിളിച്ചു തന്നെ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞു പറയുന്നു. ശാലിനിയുടെ സഹപാഠിയും എന്നാൽ ആസിഫയുടെ കെണിയിൽ കുടുങ്ങാതെ രക്ഷപ്പെടുകയും ചെയ്ത നിമ മാത്യൂസ് വിവരം പോലീസിൽ അറിയിക്കുന്നു. നഴ്സിങ് വിദ്യാർത്ഥിയായ ശാലിനി ISIS ചേർന്ന വിവരം കേരളം അറിയുന്നത് അങ്ങിനെയാണ്.
കേരളത്തിൽ നടന്ന സമാന സംഭവത്തിന്റെ വെളിച്ചത്തിൽ നിർമിച്ച ‘ദ കേരള സ്റ്റോറി’ ആ അർത്ഥത്തിൽ തീർത്തും
സാങ്കല്പികം അല്ല എന്നത് വസ്തുതയാണ്.

സിനിമ കാണാൻ ഇറങ്ങി തിരിച്ചപ്പോഴാണ് കൊച്ചി നഗരത്തിലെ ഒരു തിയേറ്ററിലും മലയാള വെർഷൻ ഇല്ല എന്ന് മനസ്സിലായത്.
മതപരിവർത്തനവും ഐസിസ് റിക്രൂട്മെന്റും രാജ്യം നേരിടുന്ന വലിയ ഭീഷണിയാണെന്നും അതിന്റെ പ്രഭവകേന്ദ്രം കേരളമാണെന്നും വാദിക്കുന്ന സിനിമ എന്ത്കൊണ്ട്  മലയാളത്തിൽ പ്രദർശിപ്പിക്കുന്നില്ല എന്നത് ദുരൂഹമാണ്.

അപകടപരമായ ഇത്തരം മത പരിവർത്തന റാക്കറ്റുകൾക്ക് പിന്നിൽ കേരളത്തിലെ ചില സലഫി കേന്ദ്രങ്ങളാണെന്ന് സിനിമ പറയുന്നു. അതേ സമയം, പശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ മാറ്റി നിർത്തപ്പെടുമ്പോൾ കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ മൗനം ഇത്തരം സംഘങ്ങൾക്ക് പ്രചോദനമാവുന്നുണ്ട് എന്ന് സിനിമ ആരോപിക്കുന്നു.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും സിനിമയിൽ സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്.
“വിദേശ ഐഡിയോളജി ആയ കമ്മ്യൂണിസത്തെപറ്റി ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിച്ച താങ്കൾ, നമ്മുടെ തനത് സംസ്കാരത്തേക്കുറിച്ചും ആചാരങ്ങളെ കുറിച്ചും ഒന്നും പഠിപ്പിച്ചില്ല” എന്ന് ഗീതാഞ്ജലി  കമ്മ്യൂണിസ്റ്റ്കാരനായ അച്ഛനോട് കയർക്കുന്നുണ്ട് ഒരു രംഗത്തിൽ.

സെൻസർ ബോർഡിന്റെ ഇടപെടലിനെ തുടർന്ന് 32,000 മൂന്നായി ചുരുങ്ങിയെങ്കിലും, ആയിരക്കണക്കിന് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികൾ ഇത്തരം കെണികളിൽ അകപ്പെട്ടിട്ടുണ്ട് എന്ന് സിനിമ ആവർത്തിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിൽ ശരീഅഃ നിയമം നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ടെന്ന കല്ലുവെച്ച നുണയും വെട്ടി മാറ്റാതെ നിലനിർത്തിയിട്ടുണ്ട്.

മാത്രമല്ല, കഴിഞ്ഞ 10 വർഷത്തിനിടെ 3,200 പെൺകുട്ടികൾ ഇസ്‌ലാമിലേക്ക് മതം മാറിയിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ല എന്ന് അവസാനം സ്‌ക്രീനിൽ എഴുതി കാണിക്കുന്നുമുണ്ട്. ആയിരക്കണക്കിന് പരാതികൾ ലഭിച്ചിട്ടും പോലീസ് വേണ്ടത്ര നടപടികൾ എടുത്തില്ല എന്നും സിനിമ കുറ്റപ്പെടുത്തുന്നു.
ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബിന്  മീതെയാണ് കേരളമെന്നും ഉടൻ നടപടികളെടുത്തില്ലെങ്കിൽ ഒട്ടേറെ പെൺകുട്ടികൾ ഇനിയും ഇരയാക്കപ്പെടുമെന്ന താക്കീതോടെയാണ് സിനിമ അവസാനിക്കുന്നത്.

ഇന്ത്യയിൽ സംഘപരിവാർ മുൻകൈയെടുത്തു നടത്തിക്കൊണ്ടിരിക്കുന്ന  മുസ്‌ലിം പൈശാചിക വത്കരണ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ സിനിമയും എന്ന കാര്യത്തിൽ തർക്കമില്ല.  ഇസ്‌ലാം, മുസ്‌ലിം ചിഹ്നങ്ങളെ ഭീകരതയുമായി കൂട്ടികെട്ടാനുള്ള ശ്രമങ്ങൾ പുതുമയുള്ളതുമല്ല.

‘മാഷാ അല്ലാഹ്’ സ്റ്റിക്കർ ഒട്ടിച്ച ഓട്ടോയിൽ ആദ്യമായി
കാമ്പസിൽ എത്തുന്ന ശാലിനിയെ വരവേൽക്കുന്നത് ‘
‘Free Kashmir’, ‘Down with Indian Imperialism’  തുടങ്ങിയ ചുമരെഴുത്തുകളാണ് എന്നത് യാദൃക്ഷികമല്ല.
കശ്മീരിനെക്കുറിച്ചുള്ള RSS പ്രചാരണങ്ങളെ ‘Kashmir Files’ എന്ന സിനിമ വസ്തുതകളായി അവതരിപ്പിക്കുന്നപോലെ,  കേരളത്തെകുറിച്ചുള്ള RSS ധാരണകളെ യഥാർത്ഥ വസ്തുതാകളായി അവതരിപ്പിക്കുകയാണ് ‘കേരള സ്റ്റോറി’ ചെയ്യുന്നത്. രണ്ട് സിനിമയിലും മുസ്ലിംകൾ പ്രതികളും ഹിന്ദുക്കൾ ഇരകളുമാണ്. BJP ഗവൺമെന്റുകളുടെ ടാക്സ് ഫ്രീ ഓഫറുകളും പ്രധാനമന്ത്രിയുടെ പിന്തുണയും ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഫ്രീ സ്ക്രീനിംഗ് പബ്ലിസിറ്റിയുമെല്ലാം സിനിമക്ക് പിന്നിലെ അജണ്ട സുതരാം വ്യക്‌തമാക്കുന്നുണ്ട്.

പ്രേക്ഷകരുടെ മനസ്സിൽ ഇസ്‌ലാമിനെകുറിച്ചും
മുസ്‌ലിംകളെക്കുറിച്ചും കടുത്ത വെറുപ്പും ഭീതിയും പടർത്താൻ ഉദ്ദേശിച്ചുള്ള ഒട്ടേറെ രംഗങ്ങൾ സിനിമയിലുണ്ട്.
ISIS ഭീകരതയെ ഇസ്‌ലാമിന്റെ നേർ രൂപമായി അവതരിപ്പിക്കുന്ന സിനിമയിൽ, പർദ്ധയിൽ മൂടിയ ഒരു സ്ത്രീയുടെ കൈ പൊതു സ്ഥലത്ത് വെച്ച് വെട്ടിമാറ്റുന്ന ഒരു രംഗമുണ്ട്. ലിപ്സ്റ്റിക് ഉപയോഗിച്ചതാണത്രേ ആ സ്ത്രീ ചെയ്ത കുറ്റം! ശരീഅഃ നിയമത്തിൽ സ്ത്രീകൾ ലിപ്സ്റ്റിക് ഉപയോഗിക്കാൻ പാടില്ലത്രേ!
ശരീഅഃ നിയമനുസരിച്ച് സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഹറാം ആണെന്ന് ഒന്നിലേറെ രംഗങ്ങളിൽ അവകാശപ്പെടുന്നുണ്ട്.

മതം മാറുന്നതോടെ പൂർവ്വ മതത്തോട് മാത്രമല്ല, ജന്മം നൽകിയ മാതാ പിതാക്കളോട് പോലും അത്യന്തം നികൃഷ്ടമായി പെരുമാറാൻ ആവശ്യപ്പെടുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം എന്നാണ് സിനിമ നൽകുന്ന വലിയൊരു സന്ദേശം!

ഹൃദയാഘാതം വന്ന് ആശുപത്രിയിൽ കിടക്കുന്ന അച്ഛനെ കാണാൻ ഹിജാബ് അണിഞ്ഞു എത്തുന്ന ഗീതാഞ്ജലിക്ക്‌, കമ്മ്യൂണിസ്റ്റ് ആയ അച്ഛന് ആ  ഗതി വന്നതിൽ ഒട്ടും ദുഃഖമില്ല എന്നു മാത്രല്ല അത് ദൈവ ശിക്ഷയാണെന്ന് അമ്മയോട് വാദിക്കുകയും ചെയ്യുന്നു.  അബോധാവസ്ഥയിൽ കിടക്കുന്ന അച്ഛന്റെ ശിരസ്സിൽ കാർക്കിച്ചു തുപ്പുക കൂടി ചെയ്തിട്ടാണ് അവൾ മുറിയിൽനിന്ന് ഇറങ്ങിപ്പോവുന്നത്!
ഇസ്‌ലാം ഗീതാഞ്ജലിയിൽ വരുത്തിയ ‘പരിവർത്തനത്തെ’ അടയാളപ്പെടുത്തുന്ന  ഗംഭീരമായ ചിത്രീകരണം!

സിനിമയിലുടനീളം ഹിജാബ് അണിഞ്ഞു പ്രക്ഷപ്പെടുന്ന ആസിഫ ബാനു എന്ന മലപ്പുറത്തുകാരിയാണ് ലവ് ജിഹാദ് റാക്കറ്റിലെ പ്രധാന കണ്ണി. കിട്ടുന്ന അവസരങ്ങളിലെല്ലാം ഇസ്‌ലാമിനെ കൂട്ടുകാരികളുടെ മനസ്സിൽ തിരുകികയറ്റാൻ അവൾ ശ്രമിക്കുന്നു. ഷോപ്പിംഗ് മാളിൽ വെച്ച് കൂട്ടുകാരികൾ അപമാനിക്കപ്പെടുമ്പോൾ അത്  ഹിജാബ് ധരിക്കാത്തത് കൊണ്ടാണെന്ന് പറഞ്ഞ് അവരെ ആക്ഷേപിക്കുന്നു. ഒന്നും ചെയ്യാൻ കഴിവില്ലാത്ത കൽ ദൈവങ്ങൾ നിങ്ങളെ രക്ഷിക്കില്ലെന്നും അല്ലാഹുവിന് മാത്രമേ എല്ലാ ശക്തിയും ഉളളൂ എന്നും നിരന്തരം ഉപദേശിക്കുന്നു. അവസാനം, ഗർഭിണി ആയ ശാലിനിക്ക് മുൻപിൽ ഇനി മറ്റു രക്ഷാ മാർഗ്ഗങ്ങളില്ലെന്നും ഉടനെ മതം മാറലാണ് ഏക പോംവഴിയെന്നും ഉപദേശിക്കുന്നു. ഗത്യന്തരമില്ലാതെ ശാലിനി മതം മാറുന്നതോടെ ആസിഫയുടെ റോൾ അവസാനിക്കുന്നു!

ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനും ‘കാഫിറു’ കൾക്കെതിരിൽ  പോരാടാനുള്ള മനക്കരുത്തും നൽകുന്ന ഗുളിക രൂപത്തിൽ ‘നാർകോട്ടിക് ജിഹാദി’നെയും സിനിമ പരിചയപ്പെടുത്തുന്നുണ്ട്.

അല്ലാഹുവിലുള്ള വിശ്വാസം കഴിഞ്ഞാൽ ഇസ്‌ലാമിലെ രണ്ടാമത്തെ പ്രധാന കാര്യം സെക്സ് ആണെന്നാണ് സിനിമ കണ്ടാൽ തോന്നുക. സിനിമയിൽ ഒരിടത്തും ISIS പെൺ പോരാളികൾ ഇല്ല.  അവർക്ക് വേണ്ടത് കാമ പൂർത്തീകരണത്തിനുള്ള ലൈംഗിക അടിമകളെ മാത്രമാണെന്ന്, തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ശാലിനി പറയുന്നുണ്ട്.

അമുസ്‌ലിം പെൺകുട്ടികളെ ഗർഭിണിയാക്കി കെണിയിൽ പെടുത്താൻ ‘ഉസ്താദ്’ ഒരിക്കൽ ഉപദേശിക്കുകയും ചെയ്യുന്നുണ്ട് ഒരു രംഗത്തിൽ. ചുരുക്കത്തിൽ, സംഘ പരിവാർ പ്രചാരണത്തിന്റെ എല്ലാ ചേരുവകളും ഭംഗിയായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് സിനിമയിൽ.
കേരളത്തെ ‘ലവ് ജിഹാദ്’ കെണിയിൽനിന്ന് രക്ഷിക്കുന്നതിനപ്പുറം വലിയ ലക്ഷ്യങ്ങൾ സിനിമക്ക് പിന്നിലുണ്ടെന്ന് വ്യക്തം.

Tags: , , , , ,